കൊറോണ വൈറസിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണ് ചൈനയുള്‍പ്പെടെ ചില രാജ്യങ്ങള്‍. ലോക്ഡൗണ്‍ ഇളവ് ചെയ്തതോടെയാണ് ഇവിടങ്ങളില്‍ വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ചത്. ഇത് പ്രതീക്ഷിച്ചിരുന്നതല്ലെങ്കില്‍ പോലും നേരിടാന്‍ ചൈന, തയ്യാറായിരുന്നു. 

അതേസമയം രണ്ടാം വരവില്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നത് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന്, ചൈനയില്‍ ജനനേതാക്കള്‍ ആഘോഷങ്ങള്‍ നടത്തിയതായ റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗവ്യാപനം നിയന്ത്രണത്തിലായെന്നും ഇനി ഭയപ്പെടാനില്ലെന്നും ഇവരില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇന്നലെ പുതിയ കൊവിഡ് പരിശോധനാഫലങ്ങള്‍ വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മഹാഭൂരിപക്ഷം പേരും കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ നിന്നും വുഹാന്‍ പട്ടണത്തില്‍ നിന്നുമുള്ളവരാണ്. 

 

 

ഭയപ്പെടുത്തുന്ന മറ്റൊരു നിരീക്ഷണത്തിന് കൂടി ഈ പരിശോധനാഫലം കാരണമാകുന്നുണ്ട്. 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ 36 പേരും ലക്ഷണങ്ങളില്ലാതിരുന്നവരാണ്. ലക്ഷണമില്ലാത്ത രോഗികള്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. 'റാന്‍ഡം' (ലക്ഷണമില്ലാത്തവരെയും വ്യാപകമായി പരിശോധിക്കുന്ന രീതി) ആയ പരിശോധനകള്‍ നടക്കുമ്പോള്‍ മാത്രമാണ് ഇത്തരക്കാരെ കണ്ടെത്താനാകുന്നത്. 

ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ കാര്യമായ നിബന്ധനകള്‍ വച്ചിരിക്കില്ല. ക്വറന്റൈനിലും പോയിരിക്കില്ല. അതിനാലാണ് ഇവരിലൂടെ കൂടുതല്‍ പേരിലേക്ക് വൈറസെത്താന്‍ ഇടയാകുന്നത്. ചൈനയില്‍ ഇക്കുറി 'റാന്‍ഡം' പരിശോധനയ്ക്ക് പ്രാധാന്യം നല്‍കാനുള്ള കാരണവും ഇതുതന്നെയായിരുന്നു. ഇത്തരത്തില്‍ 'റാന്‍ഡം' പരിശോധനകളിലൂടെ 371 ലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 297 പേരും ഹുബേ പ്രവിശ്യയിലുള്ളവരുമാണ്. 

അതേസമയം ഇതുവരെ രണ്ടാം വരവില്‍ ആകെ എത്ര കൊവിഡ് രോഗികളുണ്ടെന്നും, അവരില്‍ എത്ര പേര്‍ ലക്ഷണം കാണിക്കാതിരുന്നവരാണെന്നും ഉള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. രണ്ടാം വരവിലും ചൈന ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനക്കാരില്‍ പൊതുവിലുള്ള പ്രതിരോധശേഷിയുടെ കുറവ് പരിഗണിച്ച് കൊവിഡിനെതിരെ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തുക തന്നെ വേണമെന്ന് ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യവൃത്തങ്ങള്‍ പോലും വ്യക്തമാക്കിയിരുന്നു. 

Also Read:- ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന; ആഘോഷമാക്കി നേതാക്കള്‍...

 

 

പോയ വര്‍ഷാന്ത്യത്തില്‍ ഹുബേ പ്രവിശ്യയിലുള്ള വുഹാന്‍ പട്ടണത്തിലാണ് ആദ്യമായി കൊറോണ വൈറസ് എന്ന മാരക രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യഘട്ടങ്ങളിലൊന്നും തന്നെ ചൈന ഇതിനെ സാരമായി കണ്ടില്ലെന്നതോടെ രോഗവ്യാപനം രൂക്ഷമാവുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇത് ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്- മിഡില്‍ ഈസ്റ്റ് മുതലായ ഇടങ്ങളിലേക്കും വ്യാപിച്ചു. ആകെ 82, 974 പേര്‍ക്കാണ് ആദ്യവരവില്‍ ചൈനയില്‍ കൊവിഡ് 19 പിടിപെട്ടത്. ഇതില്‍ 4,634 പേര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Also Read:- ചൈനയില്‍ കൊറോണയുടെ രണ്ടാം വരവ്; ഒരു നഗരത്തില്‍ മാത്രം 7,500 പേര്‍ ക്വറന്റൈനില്‍...