കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെങ്ങും വ്യാപിച്ച ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഇന്നും ശാസ്ത്രലോകത്ത് നടക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ 20 വയസ്സുകാരില്‍ പകുതിയിലേറെ പുരുഷന്മാര്‍ക്കും മൂന്നില്‍ രണ്ട് സ്ത്രീകള്‍ക്കും ഭാവിയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ടൈപ്പ് 2 പ്രമേഹമാകും ഇതില്‍ പലര്‍ക്കും വരികയെന്നും ഡയബറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദില്ലിയിലെ സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോളിലേത് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 

ഇന്ത്യന്‍ നഗരത്തിലെ 20 വയസ്സുകാരന് തന്റെ ജീവിതത്തില്‍ പ്രമേഹം വരാനുള്ള സാധ്യത 56 ശതമാനമാണെങ്കില്‍ 20 വയസ്സുകാരിക്ക് ഇത് 65 ശതമാനമാണെന്നും പഠനം പറയുന്നു. നിലവില്‍ 60 വയസ്സുള്ള പ്രമേഹമില്ലാത്ത ഇന്ത്യക്കാരായ പുരുഷന്മാരില്‍ 28 ശതമാനത്തിന് ഇനി പ്രമേഹമുണ്ടാകാം. 60 വയസ്സായ സ്ത്രീകള്‍ക്ക് ഇനി പ്രമേഹമുണ്ടാകാനുള്ള സാധ്യത 38 ശതമാനമാണ് എന്നും പഠനം സൂചിപ്പിക്കുന്നു. 

അമിതവണ്ണം ഇതിനൊരു ഘടകമാണെന്നും ഗവേഷകര്‍ പറയുന്നു. 20 വയസ്സ് പ്രായമുള്ള അമിത വണ്ണക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രമേഹമുണ്ടാകാനുള്ള സാധ്യത യഥാക്രമം 87 ഉം 86 ഉം ആണ് എന്നാണ് പഠനം പറയുന്നത്. 

Also Read: പ്രമേഹ സാധ്യത കുറയ്ക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്...