26കാരൻ ഉറങ്ങാൻ കിടന്നു, പിന്നീട് എണീറ്റത് എട്ടുദിവസത്തിന് ശേഷം; അമ്പരന്ന് ഡോക്ടർമാർ, ഉറങ്ങാനുള്ള കാരണമിത്
യുവാവിന്റെ അസാധാരണ ഉറക്കം ശ്രദ്ധയിൽപ്പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെയുമാണ് സമീപിച്ചത്.

മുംബൈ: തുടർച്ചയായി എട്ട് ദിവസം കിടന്നുറങ്ങി 26കാരൻ. അസാധാരണമായ ഉറക്കത്തിന് പിന്നാലെ ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുദിവസത്തെ ഉറക്കത്തിനിടയിൽ ഇയാൾ കുറച്ച് തവണമാത്രം ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യത്തിനും മാത്രമാണ് എഴുന്നേറ്റത്. അതും അർധബോധാവസ്ഥയിൽ. യുവാവിന് ക്ലെയിൻ-ലെവിൻ സിൻഡ്രോം (കെഎൽഎസ്) ആണെന്ന് പരിശോധനയിൽ കണ്ടെത്തി. സങ്കീർണ്ണമായ രോഗാവസ്ഥയാണ് കെഎൽഎസ്. രോഗത്തിന്റെ കൃത്യമായ കാരണം പൂർണമായി മെഡിക്കൽ സയൻസിന് മനസ്സിലായിട്ടില്ലെന്ന് വോക്ഹാർഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറഞ്ഞു.
അപൂർവമായാണ് ഈ രോഗമുണ്ടാകുകയെന്നും അവർ വ്യക്തമാക്കി. യുവാവിന്റെ അസാധാരണ ഉറക്കം ശ്രദ്ധയിൽപ്പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെയുമാണ് സമീപിച്ചത്. ഉറക്കം തുടർന്നതോടെയാണ് ആശുപത്രിയിലെത്തിയത്. കരിയറിൽ മൂന്നാമത്തെ കേസാണ് കൈകാര്യം ചെയ്യുന്നതെന്നും പത്ത് വർഷത്തിന് മുമ്പാണ് രണ്ട് കേസുകൾ ഉണ്ടായതെന്നും ഡോക്ടർ പറഞ്ഞു. ഈ രോഗത്തിന് വ്യക്തമായ കാരണങ്ങളൊന്നുമില്ല. വൈറൽ അണുബാധ പോലുള്ള കാരണമുണ്ടാകാം.
കെഎൽഎസ് കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളൊന്നുമില്ല. സാധാരണയായി 12 നും 25 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും ഈ അസുഖം കൂടുതലായി കാണപ്പെടുമെന്നും ന്യൂറോളജിസ്റ്റ് ഡോ രാഹുൽ ചാക്കോർ പറഞ്ഞു. 'കുംഭകർണ്ണ സിൻഡ്രോം' എന്നും ഈ രോഗത്തെ ഡോക്ടർമാർ വിളിക്കാറുണ്ട്.