Asianet News MalayalamAsianet News Malayalam

കൊറോണപ്പേടി കുറയുമ്പോഴും ഈ 10 കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണേ...

സാമൂഹിക അകലം പാലിച്ച് തന്നെയാകണം ഇനിയുള്ള ദിവസങ്ങളും മുന്നോട്ട് പോകേണ്ടതെന്ന് ഓർക്കുക. കേരളത്തിലും വീണ്ടും കൊറോണ വരാം. അന്നും ഇതുപോലെ തന്നെ ശക്തമായ നടപടികളിലൂടെ മാത്രമേ അതിനെ പിടിച്ചുകെട്ടാൻ സാധിക്കൂവെന്ന് മുരളി തുമ്മാരുകുടി തന്റെ കുറിപ്പിൽ പറയുന്നു. 

Muralee Thummarukudy face book post about covid and take care things
Author
Trivandrum, First Published Apr 20, 2020, 9:21 AM IST

രണ്ടാം റൗണ്ട് കൊറോണപ്പേടിയും കുറഞ്ഞതിനാലും ചില ജില്ലകളിൽ ജനജീവിതത്തിൽ ഇളവുകൾ വന്നിരിക്കുകയാണ്. ഇളവുകൾ വന്നു എന്ന് പറഞ്ഞ് പഴയത് പോലെ ഇറങ്ങി നടക്കാം എന്നുള്ള ചിന്ത മലയാളികൾക്ക് വേണ്ട. സാമൂഹിക അകലം പാലിച്ച് തന്നെയാകണം ഇനിയുള്ള ദിവസങ്ങളും മുന്നോട്ട് പോകേണ്ടതെന്ന് ഓർക്കുക. കേരളത്തിലും വീണ്ടും കൊറോണ വരാം. അന്നും ഇതുപോലെ തന്നെ ശക്തമായ നടപടികളിലൂടെ മാത്രമേ അതിനെ പിടിച്ചുകെട്ടാൻ സാധിക്കൂ. 

വരുന്ന മാസങ്ങളിൽ ജീവിതം വീണ്ടും വീണ്ടും സ്തംഭിപ്പിക്കപ്പെടാനും, അതിൽ ഏതൊരു തിരമാല വേണമെങ്കിലും സുനാമിയായി രൂപം പ്രാപിച്ച് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്തേക്ക് രോഗികളുടെ എണ്ണം കൂട്ടാനും, മരണങ്ങൾ ആയിരത്തിൽ എത്തിക്കാനുമുള്ള സാധ്യത നാം മുന്നിൽ കാണണമെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രധാനമായ കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം...

ലോകത്ത് പല ഇടങ്ങളിലും ഇപ്പോഴും മലയാളികൾ കൊറോണപ്പേടിയിൽ തന്നെയാണ്. കേരളത്തിന്റെ സമീപകാല വളർച്ചയുടെ എൻജിനും കേരളത്തിന് ബുദ്ധിമുട്ടുകളുണ്ടായപ്പോൾ നമ്മുടെ കൈത്താങ്ങും ആയിരുന്നു പ്രവാസികൾ. നമ്മുടെ പേടി മാറിത്തുടങ്ങുന്ന സ്ഥിതിക്ക് ഇനി അവരെപ്പറ്റി ചിന്തിക്കാം. 

എങ്ങനെയാണ് അവരെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെയും സഹായിക്കാനാകുന്നത്, തിരിച്ചെത്തുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് അവരുടെ നാട് എല്ലാക്കാലവും അവരോടൊപ്പം ഉണ്ടെന്ന് നമ്മൾ ഉറപ്പാക്കേണ്ടത് എന്നെല്ലാം. ഇനിയുള്ള കുറച്ചു നാളുകൾ അവർക്ക് വേണ്ടിയാകട്ടെ നമ്മുടെ ശ്രമങ്ങൾ.

മുൻപ് പറഞ്ഞത് പോലെ കേരളത്തിലെ രണ്ടാം റൌണ്ട് കൊറോണപ്പേടിയും കുറഞ്ഞതിനാലും നാളെ മുതൽ ചില ജില്ലകളിൽ ജനജീവിതത്തിൽ ഇളവുകൾ വന്നതിനാലും ഇനി കുറച്ചു നാളത്തേക്ക് കൊറോണ പോസ്റ്റുകൾ ഉണ്ടാവില്ല. വൈകുന്നേരത്തെ #യാത്രചെയ്തിരുന്നകാലം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റും. കൊറോണക്കാലത്ത് പ്ലാൻ ചെയ്ത പുസ്തകങ്ങളുടെ ജോലി തുടരും, അതിന്റെ വിവരങ്ങൾ സമയാസമയം അറിയിക്കാം. 

ധാരാളം ആളുകൾ വെബ്ബിനാറിനായും ഓൺലൈൻ ഷോകൾക്കായും വിളിക്കുന്നുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്നത് പണ്ടേ തീരുമാനിച്ചതാണ്, അതങ്ങനെ തന്നെ തുടരും. മറ്റുള്ള സാഹചര്യങ്ങൾ സമയത്തിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണ്. അത്തരം പ്രോഗ്രാമുകൾ ഉണ്ടെങ്കിൽ തീർച്ചയായും മുൻകൂട്ടി പറയാം.

കൊറോണയുടെ രണ്ടാം വരവിനേയും കേരളം പിടിച്ചുകെട്ടി കുപ്പിയിലാക്കിയതായാണ് കാണുന്നത്. നാളെ മുതൽ ചില ജില്ലകളിൽ ജനജീവിതം പതുക്കെ സാധാരണഗതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.

പതിനായിരങ്ങളുടെ പോലും ജീവനെടുത്തേക്കാമായിരുന്ന ഒരു സാഹചര്യത്തിൽ നിന്നാണ് നമ്മൾ രക്ഷപെട്ടു പോന്നത്. എത്ര കൃത്യതയോടെയാണ് നമ്മുടെ ആരോഗ്യ സംവിധാനവും നേതൃത്വവും ഈ കാര്യത്തെ കൈകാര്യം ചെയ്തത്! പല അവസരങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ ഒരുപക്ഷെ നമ്മൾ ഒരു കാലത്തും അറിഞ്ഞില്ല എന്ന് വരും. ദുരന്ത ലഘൂകരണത്തിന്റെ രീതി തന്നെ അങ്ങനെയാണ്. 

രാത്രി പന്ത്രണ്ട് മണിക്ക് ഒരു റോഡപകടമുണ്ടായാൽ അവിടെ ഓടിയെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നവരെ എല്ലാവരും ഓർക്കും, അഭിനന്ദിക്കും. പക്ഷെ രാത്രി പത്തിന് ശേഷം യാത്ര വേണ്ട എന്നൊരാൾ പറയുകയും ആളുകൾ അതനുസരിച്ച് യാത്ര ചെയ്യാതിരിക്കുകയും ചെയ്താൽ, ഉണ്ടാകാതിരുന്ന അപകടങ്ങളും രക്ഷപെട്ട ജീവനുകളും ആരും അറിയില്ല, മനസ്സിലാക്കില്ല. തന്റെ വാക്ക് കേട്ട ആരുടെയെങ്കിലും ജീവൻ രക്ഷപെട്ടോ എന്ന് ഉപദേശിച്ച ആളും അറിയുകയില്ല. അതുകൊണ്ട് നന്ദിയില്ല, അഭിനന്ദനമില്ല, അംഗീകാരമില്ല...

പക്ഷെ, ഈ ദുരന്തത്തിന്റെ കാര്യത്തിൽ എന്താണ് കേരളം നേടിയെടുത്തതെന്ന് കേരളീയർ ശ്രദ്ധിച്ചിട്ടും മനസിലാക്കിയിട്ടുമുണ്ട്. ഒരുപക്ഷെ, മറ്റുള്ള സ്ഥലങ്ങളിൽ ഇനി എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ച് ഈ നേട്ടത്തിന്റെ വ്യാപ്തി നമ്മൾ കൂടുതൽ തിരിച്ചറിഞ്ഞേക്കാം. എന്തായാലും ജീവൻ രക്ഷപെടുന്നതാണ് ദുരന്ത ലഘൂകരണ രംഗത്തുള്ളവർക്ക് പ്രധാനം, രക്ഷപ്പെടുന്നവർ അത് തിരിച്ചറിയുന്നതോ നന്ദി പറയുന്നതോ അല്ല.

കൊറോണപ്പേടി കുറഞ്ഞു വരുന്നതിനാൽ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം....

1. വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ ഈ കൊറോണ മനുഷ്യരുടെ ഒപ്പം ഒരു പേടിസ്വപ്നമായി തുടരും. അതെത്ര കാലം എന്ന് ആർക്കും പ്രവചിക്കാനാവില്ല. പന്ത്രണ്ട് മുതൽ പതിനെട്ട് മാസം വരെ എന്നാണ് ഒരു അനുമാനം. അതുകൊണ്ട് ‘മലയാളി സൂപ്പർ!’ എന്ന നെഞ്ചത്തടി ഒന്നും ഓവർ ആക്കണ്ട.

2. ഈ കാലയളവിൽ വീണ്ടും വീണ്ടും കൊറോണ തിരമാലകൾ ലോക രാജ്യങ്ങളിൽ എത്തും. കേരളത്തിലും വീണ്ടും കൊറോണ എത്തും, അന്നും ഇതുപോലെ തന്നെ ശക്തമായ നടപടികളിലൂടെ മാത്രമേ അതിനെ പിടിച്ചുകെട്ടാൻ സാധിക്കൂ. വരുന്ന മാസങ്ങളിൽ ജീവിതം വീണ്ടും വീണ്ടും സ്തംഭിപ്പിക്കപ്പെടാനും, അതിൽ ഏതൊരു തിരമാല വേണമെങ്കിലും സുനാമിയായി രൂപം പ്രാപിച്ച് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്തേക്ക് രോഗികളുടെ എണ്ണം കൂട്ടാനും, മരണങ്ങൾ ആയിരത്തിൽ എത്തിക്കാനുമുള്ള സാധ്യത നാം മുന്നിൽ കാണണം. ആയതിനാൽ കൊറോണക്കാലം കഴിഞ്ഞു എന്നോ, കൊറോണ നിസാരമാണെന്നോ ഉള്ള വിചാരം വേണ്ട.

3. കൊറോണക്ക് ശേഷമുള്ള ലോകം കൊറോണക്ക് മുൻപുള്ള ലോകം പോലെ ആയിരിക്കില്ല. അതുകൊണ്ട് ഇതിൽ നിന്ന് ഒരു പാഠവും പഠിക്കാതെ കൊറോണക്ക് മുൻപുണ്ടായിരുന്നതു പോലെ സാധാരണ ജീവിതത്തിലേക്ക് പോകാമെന്ന ചിന്ത വേണ്ട. വ്യക്തിപരമായും സമൂഹമായും നാം ഏറെ മാറി. അതിൽ കൈ കഴുകൽ, വർക്ക് ഫ്രം ഹോം, ടെലിമെഡിസിൻ, ഓൺലൈൻ ലേണിംഗ് തുടങ്ങിയ ബഹുഭൂരിപക്ഷം മാറ്റങ്ങളും സമൂഹത്തിന് ഗുണകരം തന്നെയാണ്. നല്ല പാഠങ്ങൾ പഠിച്ചും മോശമായവ ഒഴിവാക്കിയും കൂടുതൽ നല്ല ഒരു സമൂഹം നമുക്ക് ഉണ്ടാക്കിയെടുക്കാം, എടുക്കണം. അതിനായി സർക്കാരിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്, അതിനുള്ള നിർദ്ദേശങ്ങൾ പ്രത്യേകം തയ്യാറാക്കുന്നുണ്ട്.

4. കൊറോണക്ക് മരുന്ന് കണ്ടുപിടിക്കുന്നത് വരെ വീണ്ടും വീണ്ടും സമൂഹത്തിലൂടെ വന്നുപോകുമെന്ന് പറഞ്ഞല്ലോ. അതിൽ ഏതെങ്കിലും വരവിൽ ഇത് നമുക്കും കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് ഉറച്ച് കരുതുക. കൊറോണ ഏതു പ്രായക്കാരേയും ബാധിക്കുമെങ്കിലും പ്രായമായവർക്കും മറ്റു ജീവിതശൈലീ രോഗങ്ങൾ ഉളളവർക്കുമാണ് അസുഖം മൂർച്ഛിക്കാനും മരിച്ചുപോകാനുമുള്ള സാധ്യത കൂടുതൽ എന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ പറയുന്നത്.

5. ഇതിൽ പ്രായം എന്ന ഘടകത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഏതു പ്രായത്തിലും അമിതവണ്ണം ഉള്ളവരെയാണ് രോഗം കൂടുതൽ ബാധിച്ചതെന്നും, ഐ സി യു വിൽ എത്തിയ എൺപത് ശതമാനത്തിൽ കൂടുതൽ ആളുകൾ അമിതവണ്ണം ഉള്ളവരായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപ്പോൾ കൊറോണയുടെ അടുത്ത വരവിന് മുൻപ് ചെയ്യാവുന്ന ഒരു കാര്യം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും തടി കുറക്കുക എന്നതാണ്. കൊറോണ അടുത്തെത്തുന്പോൾ നമ്മളെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ നമ്മളും കുറച്ചൊക്കെ സഹായിക്കണം. ഏതൊരു പ്രായത്തിലും നല്ല ആരോഗ്യത്തോടെ, അമിത വണ്ണം കുറച്ച്, ജീവിത ശൈലീ രോഗങ്ങളെ ജീവിതശൈലി മാറ്റിത്തന്നെ പരമാവധി നിയന്ത്രണത്തിലാക്കി, കൊറോണയെ പ്രതിരോധിക്കാനും പൊതുവെ ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താനും നമുക്ക് തയ്യാറാകാം.

6. കൊറോണപ്പേടിയിലൂടെ കടന്നുപോയതിനാൽ ജീവിതത്തിൽ എന്താണ് പ്രധാനം എന്ന് നമുക്ക് സ്വയം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചത്. എന്തിനാണ് പണം സന്പാദിക്കുന്നത്, ഏതു രൂപത്തിലായിരിക്കണം സന്പാദ്യം, എന്തിനൊക്കെയാണ് പണം ചിലവാക്കേണ്ടത് എന്നീ കാര്യങ്ങളിളെല്ലാം നമ്മൾ ഒരു പുനർ വിചിന്തനം നടത്തണം. സുരക്ഷിതമായ യാത്രകൾ സാധ്യമാകുന്ന മുറക്ക് ചെയ്യുന്നത് ശീലമാക്കണം. രണ്ടാമത്തെ വില്ലയും, മൂന്നാമത്തെ ഫ്ലാറ്റും, നാലാമത്തെ പ്ലോട്ടും എത്രയോ വിലയില്ലാത്തതും ആവശ്യമുള്ള കാലത്ത് ഉപകരിക്കാത്തതും ആണെന്ന് നമ്മൾ മനസിലാക്കിക്കഴിഞ്ഞു.

7. മനുഷ്യ ജീവിതത്തിൽ സ്ഥിരത എന്നത് എത്രയോ നൈമിഷികമാണ് എന്നറിയാനുള്ള അവസരം കൂടിയാണിത്. കാര്യങ്ങളെല്ലാം നന്നായി പോകുന്നു എന്ന സ്ഥിതിയിൽ നിന്നും കാര്യങ്ങൾ കുഴപ്പത്തിലാകാൻ ഒരാഴ്ച പോലും സമയം വേണ്ട. ഇനി ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്പോൾ ഇത്തരത്തിലുള്ള ഏത് ‘ഗൂഗ്ലി’ വന്നാലും അതിനെ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്നും ചിന്തിക്കണം.

8. നമ്മുടെ ജീവിതം തന്നെ പ്രവചിക്കാൻ വയ്യാത്ത ഒന്നാകുന്പോൾ നമ്മുടെ കുട്ടികളെ ഏറ്റവും വേഗത്തിൽ സ്വയം പര്യാപ്തരാക്കേണ്ടത് പ്രധാനമാണ്. സ്‌കൂളിലും കോളേജിലും അയച്ച് നല്ല ഗ്രേഡുകൾ മേടിക്കാൻ സഹായിക്കുക മാത്രമല്ല, ജീവിതത്തിൽ നിലനിൽപ്പിന്റെ അടിസ്ഥാന പാഠങ്ങളും കൂടി നമ്മളവരെ പഠിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ ഇത്തരം ഒരു സാഹചര്യം വരികയും അവരെ മുന്നോട്ട് നയിക്കാൻ നമ്മളില്ലാതെ ആവുകയും ചെയ്താൽ ഹെഡ്‍ലൈറ്റിന് മുന്നിൽ വരുന്ന മുയലിനെപ്പോലെ അവർ പകച്ചു നിൽക്കും. അതിന് ഇടവരാതെ കുട്ടികളെ ജീവിത പാഠങ്ങൾ പഠിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുക.

9. നമ്മുടെ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാവുന്ന ഒന്നാണ്, പക്ഷെ ഇതൊന്നും നമുക്ക് സംഭവിക്കില്ലാത്ത ഒന്നാണെന്നാണ് നമ്മളെല്ലാം ഇതുവരെ കരുതിയിരുന്നത്. ഇറ്റലിയിലും ബ്രിട്ടനിലും സ്പെയിനിലും അമേരിക്കയിലും ഒക്കെ പതിനായിരങ്ങൾ ഒറ്റയടിക്ക് മരിക്കുന്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ‘ഇന്നവർ, നാളെ ഞാൻ’ എന്ന് തന്നെയാണ്. അത് കൊറോണ കൊണ്ട് തന്നെ ആകണമെന്നില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുട്ടികൾ, കുടുംബം ഇവരുടെ കാര്യം എന്താകും എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ കൊറോണക്കാലം. ഏത് പ്രായത്തിലും ഇതൊക്കെ ചെയ്യാമെങ്കിലും നിങ്ങൾക്ക് നാല്പത് വയസ്സെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും വക്കീലിനെ കണ്ട് വിൽപ്പത്രം എഴുതിവെക്കണം. നിങ്ങൾക്ക് അൻപത് വയസ്സ് ഉണ്ടെങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ വീട്ടിലുള്ളവരുമായി ചർച്ച ചെയ്യണം. സുഖകരമായ ചർച്ചയായിരിക്കില്ലെങ്കിലും തീർച്ചയായും ചെയ്തിരിക്കേണ്ടതാണ്. ഇന്നത്തെ ഇത്തരം ചെറിയ വിഷമങ്ങൾ ഭാവിയിൽ കൂടുതൽ വിഷമിക്കുന്നതിൽ നിന്നും എല്ലാവരേയും ഒഴിവാക്കും.

10. ലോകത്ത് പല ഇടങ്ങളിലും ഇപ്പോഴും മലയാളികൾ കൊറോണപ്പേടിയിൽ തന്നെയാണ്. കേരളത്തിന്റെ സമീപകാല വളർച്ചയുടെ എൻജിനും കേരളത്തിന് ബുദ്ധിമുട്ടുകളുണ്ടായപ്പോൾ നമ്മുടെ കൈത്താങ്ങും ആയിരുന്നു പ്രവാസികൾ. നമ്മുടെ പേടി മാറിത്തുടങ്ങുന്ന സ്ഥിതിക്ക് ഇനി അവരെപ്പറ്റി ചിന്തിക്കാം. എങ്ങനെയാണ് അവരെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെയും സഹായിക്കാനാകുന്നത്, തിരിച്ചെത്തുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് അവരുടെ നാട് എല്ലാക്കാലവും അവരോടൊപ്പം ഉണ്ടെന്ന് നമ്മൾ ഉറപ്പാക്കേണ്ടത് എന്നെല്ലാം. ഇനിയുള്ള കുറച്ചു നാളുകൾ അവർക്ക് വേണ്ടിയാകട്ടെ നമ്മുടെ ശ്രമങ്ങൾ.

മുൻപ് പറഞ്ഞത് പോലെ കേരളത്തിലെ രണ്ടാം റൌണ്ട് കൊറോണപ്പേടിയും കുറഞ്ഞതിനാലും നാളെ മുതൽ ചില ജില്ലകളിൽ ജനജീവിതത്തിൽ ഇളവുകൾ വന്നതിനാലും ഇനി കുറച്ചു നാളത്തേക്ക് കൊറോണ പോസ്റ്റുകൾ ഉണ്ടാവില്ല. വൈകുന്നേരത്തെ #യാത്രചെയ്തിരുന്നകാലം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റും. കൊറോണക്കാലത്ത് പ്ലാൻ ചെയ്ത പുസ്തകങ്ങളുടെ ജോലി തുടരും, അതിന്റെ വിവരങ്ങൾ സമയാസമയം അറിയിക്കാം. ധാരാളം ആളുകൾ വെബ്ബിനാറിനായും ഓൺലൈൻ ഷോകൾക്കായും വിളിക്കുന്നുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്നത് പണ്ടേ തീരുമാനിച്ചതാണ്, അതങ്ങനെ തന്നെ തുടരും. മറ്റുള്ള സാഹചര്യങ്ങൾ സമയത്തിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണ്. അത്തരം പ്രോഗ്രാമുകൾ ഉണ്ടെങ്കിൽ തീർച്ചയായും മുൻകൂട്ടി പറയാം.

അപ്പോൾ എല്ലാം പറഞ്ഞത് പോലെ. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

Follow Us:
Download App:
  • android
  • ios