കൊവിഡ് രോഗികളില്‍ 'കാന്‍ഡിഡ ഓറിസ്' എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് എട്ട് പേര്‍ മരിച്ചതായി അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട്. 'സി ഓറിസ്' എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. 

2009ല്‍ ജപ്പാനിലാണ് ആദ്യമായി 'സി ഓറിസ്' ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പിന്നീട് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ആഗോളതലത്തില്‍ തന്നെ ഫംഗസിന്റെ പേര് ശ്രദ്ധയില്‍ വരികയായിരുന്നു. 

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണത്തിന് വരെ ഇടയാക്കുന്നതാണ് ഈ ഫംഗസ്. അധികവും ആശുപത്രികളിലാണ് ഇത് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചതും അതുതന്നെയാണ്. ഫ്‌ളോറിഡയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് കൊവിഡ് രോഗികള്‍ക്കിടയില്‍ ഫംഗസ് ബാധയുണ്ടായിരിക്കുന്നത്. 

രക്തപ്രവാഹം, വ്രണങ്ങള്‍, ചെവിയില്‍ അണുബാധ തുടങ്ങിയവയാണ് ഫംഗസ് ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ശ്വാസകോശത്തില്‍ നിന്നുള്ള സാമ്പിളിലോ മൂത്ര സാമ്പിളിലോ പരിശോധന നടത്തുന്നതിലൂടെ ഫംഗസിന്റെ സാന്നിധ്യം കണ്ടെത്താനാകും. എന്നാല്‍ ശ്വാസകോശത്തെയോ മൂത്രാശയത്തെയോ ഇത് ബാധിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. 

ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ആദ്യം നാല് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 പേരില്‍ കൂടി ഫംഗസ് ബാധ കണ്ടെത്തി. ഇതില്‍ 20 പേരുടെ വിശദാംശങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മരിച്ച എട്ട് പേരും ഈ ഇരുപത് പേരിലുള്‍പ്പെടുന്നവരാണ്. 

അതേസമയം ഫംഗസ് ബാധയുണ്ടായ ശേഷമാണ് എട്ട് പേര്‍ മരിച്ചതെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫംഗസ് ബാധ വ്യാപകമായതോടെ ആശുപത്രി വലിയ രീതിയില്‍ ഡിസ്ഇന്‍ഫെ്ട് ചെയ്യുകയും പിപിഇ കിറ്റ് തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ പിന്നീട് ഇവിടെ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ഏതായാലും ആശങ്കപ്പെടുത്തുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്‌ളോറിഡ- ആരോഗ്യവകുപ്പും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും (സിഡിസി). 

Also Read:- കൊവിഡ് ഭേദമായി ആറ് മാസക്കാലത്തിനുള്ളില്‍ രോഗികളില്‍ കണ്ടേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍...