നഖങ്ങളില്‍ കാണുന്ന അസ്വാഭാവികമായ പല ലക്ഷണങ്ങളും പല ആരോഗ്യപ്രശ്‌നങ്ങളുടേയും സൂചനയാകാം. അത്തരത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ലക്ഷണവും അതിന് പിന്നിലുള്ള ആരോഗ്യപ്രശ്‌നവുമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

നഖങ്ങളില്‍ കാണുന്ന ചെറിയ പൊട്ടുകള്‍, നഖം നേര്‍ത്തുവരുന്ന അവസ്ഥ എന്നിവ പലപ്പോഴും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഇത് ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടേയും അഭാവം മൂലം സംഭവിക്കാം. നമുക്കറിയാം, ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ട ഘടകങ്ങളിലൊന്നാണ് 'അയേണ്‍'.

അയേണ്‍ കുറയുന്നത് മൂലമുണ്ടാകുന്ന വിളര്‍ച്ച അഥവാ 'അനീമിയ' ആണ് നഖങ്ങളില്‍ പൊട്ടലുകളും വിള്ളലുകളുമുണ്ടാക്കുന്നതിന് ഒരു കാരണമാകുന്നത്. വിളര്‍ച്ചയെ തീര്‍ത്തും നിസാരമായ ഒരു പ്രശ്‌നമായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് വിളര്‍ച്ചയുണ്ടാകുന്നത് ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുക. 

സ്ഥിരമായ ഉന്മേഷമില്ലായ്മ, മുടി കൊഴിച്ചില്‍, തലകറക്കം, ഹൃദയ സ്പന്ദനങ്ങളിലെ വ്യതിയാനം, ശ്വാസതടസം, ചര്‍മ്മം വിളര്‍ത്തിരിക്കുന്ന അവസ്ഥ എന്നുതുടങ്ങി പല വിഷമതകളും 'അയേണ്‍' കുറയുന്നത് മൂലം അനുഭവപ്പെടുന്നു. അതിനാല്‍ തന്നെ ഈ ലക്ഷണങ്ങള്‍ക്കൊപ്പം നഖങ്ങളില്‍ കേടുപാട് കൂടി സംഭവിക്കുന്നുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുക. 

Also Read:- നെയിൽ പോളിഷുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമല്ല; ബാധിക്കുന്നത് ഇവരെയും...