ജർമ്മനി: കൊവിഡ് രോ​ഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ​ന​​ഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ‍ഡോക്ടർമാർ. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിലാണ് ഇവർ വ്യത്യസ്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 

സംര​ക്ഷണമില്ലാതെ എത്രത്തോളെ ദുർബലരാണ് എന്നതിന്റെ പ്രതീകമാണ് ന​ഗ്നത. പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്ടർമാരിലൊരാളായ റൂബൻ ബർണാവ് പറഞ്ഞു. രോ​ഗികൾക്ക് തുടർന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങൾ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്ന സുരക്ഷാ വസ്തുക്കൾ ഇല്ല. ഡോക്ടർ റൂബൻ പറയുന്നു. 

ടോയ്‍ലെറ്റ് റോളും ഫയലും മെഡിക്കൽ ഉപകരണങ്ങളും ഉപയോ​ഗിച്ച് ന​ഗ്നത മറച്ച് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ജനുവരി അവസാനത്തോടെയാണ് ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവ ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ല എന്നാണ് ഡോക്ടർമാരുടെ ആരോപണം. ഇത്തരം സുര​ക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജർമ്മൻ കമ്പനികൾ തങ്ങളുടെ ഉത്പാദന ശേഷി ഉയർത്തിയിട്ടുണ്ട്.