പലപ്പോഴും ക്യാന്‍സര്‍ രോഗത്തോട് അമിതമായ ഭയവും ആശങ്കയും പൊതുസമൂഹം വച്ചുപുലര്‍ത്തുന്നത് കാണാറുണ്ട്. എന്നാലിത് ക്യാന്‍സര്‍ രോഗികളോട് തന്നെ കാണിക്കുന്ന അനീതിയായി മാത്രമേ കണക്കാക്കാനാകൂ. മറ്റ് ഏത് അസുഖത്തെ എന്ന പോലെ ക്യാന്‍സറിനെയും ശരീരം നേരിടുന്ന ഒരവസ്ഥയായി കണ്ട് അതിനോട് ശുഭാപ്തിവിശ്വാസത്തോടെ പൊരുതുകയാണ് വേണ്ടത്

ഇന്ന് നവംബര്‍ 7, 'നാഷണല്‍ ക്യാന്‍സര്‍ അവയര്‍നെസ് ഡേ' ( National Cancer Awareness Day ) ആയി ആചരിക്കുന്ന ദിനമാണ്. ക്യാന്‍സര്‍ രോഗത്തെ ( Cancer Disease ) ഭയപ്പെടേണ്ടതില്ലെന്നും ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് നീങ്ങിയാല്‍ മാത്രം മതിയെന്നുമുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 മുതല്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 'നാഷണല്‍ ക്യാന്‍സര്‍ അവയര്‍നെസ് ഡേ' ആചരിക്കാന്‍ തുടങ്ങിയത്. 

നൊബേല്‍ പുരസ്‌കാര ജേതാവായ മേരി ക്യൂറിയുടെ ജന്മദിനമാണ് നവംബര്‍ 7. പില്‍ക്കാലത്ത് ക്യാന്‍സര്‍ ചികിത്സാരംഗത്ത് നിര്‍ണായക പങ്ക് വഹിച്ച റേഡിയോതെറാപ്പിയിലേക്ക് നയിച്ചത് മേരി ക്യൂറിയുടെ പരിശ്രമങ്ങളായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് ഇവരുടെ ജന്മദിനത്തില്‍ തന്നെ 'ക്യാന്‍സര്‍ അവയര്‍നെസ് ഡേ' ആചരിക്കുന്നത്. 

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏതാണ്ട് പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നതായാണ് കണക്ക്. ഇതില്‍ വലിയൊരു വിഭാഗം കേസുകളും രോഗത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രം തിരിച്ചറിയുന്നതാണ്. ക്യാന്‍സര്‍ രോഗം, തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അതിനെ പ്രതിരോധിക്കലും എളുപ്പമായി മാറും. എന്നാല്‍ വൈകുംതോറും സങ്കീര്‍ണതകള്‍ ഏറിവരാം. 

അതിനാല്‍ തന്നെ ക്യാന്‍സര്‍ സമയബന്ധിതമായി കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ തേടുന്നതിനും വേണ്ടുന്ന അവബോധമാണ് ഇന്നേ ദിവസത്തില്‍ നല്‍കുന്നത്. കൃത്യമായ ചെക്കപ്പുകള്‍ നടത്തുക, ലക്ഷണങ്ങളെ സശ്രദ്ധം പരിഗണിക്കുക, വേണ്ട ചികിത്സ എളുപ്പത്തില്‍ തന്നെ തേടുക, ഇതിനായി ലഭ്യമായ സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ചോ മറ്റോ അറിയാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം 'നാഷണല്‍ ക്യാന്‍സര്‍ അവയര്‍നെസ് ഡേ'യുടെ ഭാഗമായി വരുന്നു. 

പലപ്പോഴും ക്യാന്‍സര്‍ രോഗത്തോട് അമിതമായ ഭയവും ആശങ്കയും പൊതുസമൂഹം വച്ചുപുലര്‍ത്തുന്നത് കാണാറുണ്ട്. എന്നാലിത് ക്യാന്‍സര്‍ രോഗികളോട് തന്നെ കാണിക്കുന്ന അനീതിയായി മാത്രമേ കണക്കാക്കാനാകൂ. മറ്റ് ഏത് അസുഖത്തെ എന്ന പോലെ ക്യാന്‍സറിനെയും ശരീരം നേരിടുന്ന ഒരവസ്ഥയായി കണ്ട് അതിനോട് ശുഭാപ്തിവിശ്വാസത്തോടെ പൊരുതുകയാണ് വേണ്ടത്. തീര്‍ച്ചയായും ഈ ആത്മവിശ്വാസം രോഗമുക്തിയില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യും. 

Also Read:- പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്; പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍...