ക്യാബേജ്, കോളിഫ്ളവർ തുടങ്ങിയ പച്ചക്കറികളിൽ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തം ഫാറ്റി ലിവർ രോ​ഗത്തെ തടയാൻ സഹായിക്കുമെന്ന് പഠനം. കാബേജില്‍ കാണപ്പെടുന്ന ഇന്‍ഡോള്‍ എന്ന സംയുക്തം മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.

ഇന്‍ഡോള്‍ ഉല്‍പാദനത്തിന് എന്‍എഎഫ്എല്‍ഡി തടയുന്നതിന് ഉയര്‍ന്ന ശേഷിയുണ്ടെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രയോജനകരമാണെന്നും വിശ്വസിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ടെക്‌സസ് എ ആന്റ് എം അഗ്രിലൈഫ് റിസര്‍ച്ചിലെ അധ്യാപകന്‍ ചഡോംഗ് വൂവിന്റെ നേതൃത്വത്തിൽ പഠനം നടത്തുകയായിരുന്നു. ഹെപ്പറ്റോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് എന്‍എഎഫ്എല്‍ഡി സംഭവിക്കുന്നത്. അനാരോഗ്യകരമായ പോഷകാഹാരശീലവും പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് പോലുള്ളതാണ് ഇതിന് വഴിവയ്ക്കുന്നതെന്ന് വൂവ് പറയുന്നു. ഉയര്‍ന്ന ബോഡി മാസ് സൂചികയുള്ള ആളുകളുടെ രക്തത്തില്‍ ഇന്‍ഡോളിന്റെ അളവ് കുറവാണെന്നാണ് പഠത്തിൽ പറയുന്നത്. 

ക്രൂസിഫറസ് പച്ചക്കറികളിൽ ആന്റി ഓക്‌സിഡന്റ് വിറ്റാമിനുകളായ സി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസിനോലേറ്റുകൾ എന്ന രാസവസ്തുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ക്യാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. ബ്രോക്കോളി, കോളിഫ്ലവർ, ക്യാബേജ് എന്നിവയെല്ലാം തന്നെ ജനപ്രിയമായ ക്രൂസിഫറസ് പച്ചക്കറികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.