മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന് പറയാം. മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ പാക്കുകൾ ഉപയോ​ഗിക്കുന്നവരുണ്ട്. കെമിക്കൽ അടങ്ങിയ അത്തരം ഹെയർ പാക്കുകൾ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന് പലരും ചിന്തിക്കാറില്ല. മുടികൊഴിച്ചിൽ അകറ്റാൻ ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങൾ.....

തേങ്ങാപ്പാൽ...

മുടികൊഴിച്ചിൽ അകറ്റാനും തലയിലെ താരൻ മാറാനും ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ പൂരിത ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി, സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീൻ ചികിത്സയായും തേങ്ങാപ്പാൽ ഉപയോ​ഗിക്കാവുന്നതാണ്. അരക്കപ്പ് തേങ്ങാപ്പാൽ ചെറുചൂടാക്കുക. ശേഷം 20 മിനിറ്റ് തലയിൽ മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയാൻ ഇത് സഹായിക്കുന്നു.

മുട്ടയുടെ വെള്ള....

മുടി ആരോ​ഗ്യമുള്ളതാക്കാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും.

തെെരും നാരങ്ങ നീരും....

പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണർ കൂടിയാണ്. അരക്കപ്പ് തൈര് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവൽ ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം. 

ഉലുവയും വെളിച്ചെണ്ണയും...

ഉലുവയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കും.