ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവയാണ് നമ്മുടെ സന്തോഷത്തിന് കാരണമാകുന്ന ഹോർമോണുകൾ. 

ഹാപ്പി ഹോർമോണുകൾ അഥവാ സന്തോഷം നൽകുന്ന ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവയാണ് നമ്മുടെ സന്തോഷത്തിന് കാരണമാകുന്ന ഹോർമോണുകൾ. ഇവയെ കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഡോപാമൈൻ...

‘ഫീൽ-ഗുഡ്’ ഹോർമോൺ എന്നാണ് ഡോപാമൈനെ അറിയപ്പെടുന്നത്. ഓർമ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. ഡോപാമൈനെ കൂട്ടാന്‍ നല്ല സംഗീതം ശ്രവിക്കുക, നന്നായി ഉറങ്ങുക, പ്രോട്ടീനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി വാള്‍നട്സ്, ഡാര്‍ക്ക് ചോക്ലേറ്റ്, കൂണ്‍, ബെറി പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

എൻ‌ഡോർ‌ഫിനുകൾ‌... 

എൻ‌ഡോർ‌ഫിനുകൾ‌ ശരീരത്തിലെ സ്വാഭാവികമായ വേദനസംഹാരികൾ ആണെന്നാണ് പറയപ്പെടുന്നത്. സമ്മർദ്ദമോ വേദനയോ നേരിടാൻ ഈ ഹോർമോൺ നമ്മെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെയും യോഗ ചെയ്യുന്നതിലൂടെയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയും നമുക്ക് എൻഡോർഫിനുകളുടെ ഉത്പാദനത്തെ കൂട്ടാന്‍ കഴിയും.

ഓക്സിടോസിന്‍... 

‘ലവ് ഹോർമോൺ’ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസുഖം നല്‍കാനും ഇവ സഹായിക്കും. ഒരാൾ ആലിംഗനം ചെയ്യുമ്പോഴും ചുംബിക്കുമ്പോഴുമെല്ലാം ഈ ഹോർമോൺ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കപ്പെടുകയും സന്തോഷം ലഭിക്കുകയും ചെയ്യും. പ്രിയപ്പെട്ട ആളുകളുമായി സമയം ചെലവഴിക്കുന്നതിലൂടെയൊക്കെ ഓക്സിടോസിൻ കൂടാം. 

സെറോടോണിൻ...

പെട്ടെന്ന് ഉറക്കം നൽകാനും ദഹനശേഷി വർദ്ധിപ്പിക്കാനും നല്ല വിശപ്പ് നിലനിർത്താനുമെല്ലാം ഇവ സഹായിക്കുന്നു. ശരീരത്തിൽ സെറോട്ടോണിൻ്റെ കുറവുണ്ടാകുന്നത് മൂലം വിഷാദം ഉണ്ടാകാനുള്ള സാധ്യത വരെയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. പ്രകൃതിഭംഗി ആസ്വദിച്ച് നടന്നാല്‍ പോലും ഈ ഹോര്‍മോണ്‍ പുറപ്പെടുവിപ്പിക്കാം. 

Also read: ഈ അഞ്ച് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിച്ചാല്‍ മതി, വിറ്റാമിന്‍ ഡി ലഭിക്കും...

youtubevideo