ഗർഭനിരോധന ​ഗുളിക സ്ഥിരമായി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഗർഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി അറിയാമെങ്കിലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ പലരും ഇവ ഓരോ തവണയും കഴിക്കുന്നുമുണ്ട് . ഒരു തവണ മുടങ്ങിയാല്‍ വരെ ഗര്‍ഭിണിയാകാനുളള സാധ്യതയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമാകും ഈ ഗര്‍ഭനിരോധന ഗുളിക എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുന്ന പുതിയ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഈ ഗുളിക മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുമെന്നാണ് 'സയന്‍സ് ട്രാന്‍സിലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓരോ തവണ കഴിക്കുന്നതിന്‍റെ അതേ അളവിലുളള ഹോര്‍മണ്‍ തന്നെയാണ്  ഇവ പുറത്തുവിടുന്നത്.ഒരു തവണ ഗുളിക കഴിക്കുന്നതിലൂടെ ഒരു മാസം വരെ ഇതിന്‍റെ ഫലം നിലനില്‍ക്കും.  വളരെ പതുക്കെ മാത്രം ഹോര്‍മോണ്‍ മോചിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. 'Massachusetts Institute of Technology' ആണ് ഈ കണ്ടെത്തലിന് പിന്നില്‍. 

മൃഗങ്ങളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തിയിട്ടില്ല. മനുഷ്യരില്‍ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ ഗര്‍ഭനിരോധനം എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാന്‍ കഴിയൂ എന്നാണ് മെഡിട്രീന ഹോസ്പറ്റിലെ ഡോ. പ്രീത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.