നിങ്ങളുടെ പ്രായം എത്രയാണോ അതുതന്നെ ആകണമെന്നില്ല നിങ്ങളുടെ പല അവയവങ്ങളുടെയും പ്രായം. ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തെക്കാള്‍ കൂടുതല്‍. അങ്ങനെയെങ്കില്‍ അസുഖങ്ങള്‍ക്കും മരണത്തിനുമുള്ള സാധ്യത കൂടുന്നു.

ഓരോ മനുഷ്യനും ജനിക്കുന്ന സമയം മുതലങ്ങോട്ടുള്ള വര്‍ഷങ്ങള്‍ കണക്കാക്കിയാണല്ലോ നാം പ്രായം നിശ്ചയിക്കാറ്. ഇതില്‍ ഇരുപത്- മുപ്പത്- അമ്പത് എന്നിങ്ങനെ വിവിധ പ്രായത്തില്‍ മനുഷ്യനെത്തി നില്‍ക്കുമ്പോള്‍ അവരുടെ ചര്‍മ്മമോ ഹൃദയമോ കരളോ വൃക്കയോ അങ്ങനെ എല്ലാ അവയവങ്ങളും അതുപോലെ അതേ പ്രായത്തിലും അതേ പഴക്കത്തിലുമാണ് എത്തിനില്‍ക്കുക എന്നല്ലേ സാമാന്യമായും നാം ചിന്തിക്കുക. 

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. നിങ്ങളുടെ പ്രായം എത്രയാണോ അതുതന്നെ ആകണമെന്നില്ല നിങ്ങളുടെ പല അവയവങ്ങളുടെയും പ്രായം. ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തെക്കാള്‍ കൂടുതല്‍. അങ്ങനെയെങ്കില്‍ അസുഖങ്ങള്‍ക്കും മരണത്തിനുമുള്ള സാധ്യത കൂടുന്നു. അതും നാം ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതിരിക്കുമ്പോള്‍ ആന്തരീകാവയവങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും മറ്റും അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യില്ലല്ലോ!

ജീവശാസ്ത്രപരമായി ആന്തരീകാവയവങ്ങളുടെ എല്ലാം പ്രായം വ്യക്തിയുടെ പ്രായത്തോട് യോജിക്കുന്നതായിരിക്കണമെന്നില്ലെന്ന് നേരത്തേ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. അങ്ങനെയാകുമ്പോള്‍ ഒരു അവയവത്തിന്‍റെ പ്രായം മറ്റുള്ളവയെയും സ്വാധീനിക്കുന്നൊരു സാഹചര്യം കൂടിയുണ്ട്. ഇത് പോസിറ്റീവായും നെഗറ്റീവായും വരാം.

ഇപ്പോഴിതാ ഇത്തരത്തില്‍ ആന്തരീകാവയങ്ങളുടെ യഥാര്‍ത്ഥ പ്രായം കണ്ടെത്തുന്നതിനൊരു രക്തപരിശോധന കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. യുഎസില്‍ നിന്നുള്ള ഗവേഷകരാണ് ഇതിന്‍റെ മുൻനിരയിലുള്ളത്. ഈ പരിശോധന ഉപയോഗിച്ച് പല അവയവങ്ങളുടെയും ജീവശാസ്ത്രപരമായ പ്രായം കണ്ടെത്താൻ സാധിക്കും. ഇതോടെ ഈ അവയവങ്ങളെയെല്ലാം ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനും, ചികിത്സ ഉറപ്പിക്കാനുമെല്ലാം സാധിക്കും.

പല രോഗങ്ങളെയും ചെറുക്കാനും അല്ലെങ്കില്‍ ഫലപ്രദമായ ചികിത്സ ഉറപ്പിക്കാനും ഈ വിഷയങ്ങളിലെല്ലാം കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും മറ്റും ഈ കണ്ടെത്തല്‍ സഹായിക്കും. ഭാവിയില്‍ വലിയ രീതിയിലുള്ള - ഗുണകകരമായ മാറ്റങ്ങള്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ഈ പരിശോധന കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. 

Also Read:- എല്ലുകളെ ബാധിക്കുന്ന 'സൈലന്‍റ്' ആയ രോഗം; ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo