Asianet News MalayalamAsianet News Malayalam

അമിതമായി വെള്ളം കുടിച്ചതോ ബ്രൂസ് ലീയുടെ മരണകാരണം? ചര്‍ച്ചയായി പുതിയ റിപ്പോര്‍ട്ട്

ബ്രൂസ് ലീ പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഇതും ദാഹം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ധാരാളം വെള്ളം കുടിക്കണണെന്ന് വാദിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ചരിത്രരേഖകള്‍ പറയുന്നു.

new study claims drinking of too much water lead bruce lee to death
Author
First Published Nov 23, 2022, 4:36 PM IST

ലോകപ്രശസ്തനായ മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റും നടനുമായിരുന്ന ബ്രൂസ് ലീയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് വലിയ രീതിയില്‍ ചര്‍ച്ചകളില്‍ നിറയുകയാണ്. 1973 ജൂലൈയിലായിരുന്നു ബ്രൂസ് ലീയുടെ അകാലമരണം. മരിക്കുമ്പോള്‍ 32 വയസ് മാത്രമായിരുന്നു ലോകം മുഴുവൻ ആരാധകരെ നേടിയ താരത്തിന്‍റെ പ്രായം. 

ഇത്രയും ചെറുപ്രായത്തിലുള്ള ബ്രൂസ് ലീയുടെ വിയോഗം പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും അന്ന് ഇടയാക്കിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലച്ചോറിനകത്ത് വീക്കം സംഭവിക്കുകയും (സെറിബ്രല്‍ ഒഡീമ) ഇതോടെ ജീവൻ അപകടപ്പെടുകയുമായിരുന്നു എന്നുമാണ്. 

എന്തുകൊണ്ടാണ് ഇത്തരത്തില്‍ തലച്ചോറില്‍ വീക്കമുണ്ടായത് എന്ന ചോദ്യത്തിന് വേദനസംഹാരികളുടെ ഉപയോഗം എന്നതായിരുന്നു അന്ന് ഡോക്ടര്‍മാര്‍ നല്‍കിയ ഉത്തരം. എന്നാല്‍ മറ്റ് പല വാദങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ബ്രൂസ് ലിക്ക് ആരോ വിഷം നല്‍കിയതാണെന്നും ബ്രൂസ് ലിയോട് അസൂയയും ദേഷ്യമുള്ളവര്‍ ബോധപൂര്‍വം അദ്ദേഹത്തെ കൊന്നതാണെന്നുമെല്ലാം വാദങ്ങള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഒരു സംഘം ഗവേഷകര്‍ ഇദ്ദേഹത്തിന്‍റെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്ന് അവകാശപ്പെട്ടുകൊണ്ട് ചില കണ്ടെത്തലുകള്‍ പങ്കുവച്ചിരിക്കുകയാണ്. കണക്കിലധികം വെള്ളം കുടിച്ചതാണ് ബ്രൂസ് ലിയുടെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 'ക്ലിനിക്കല്‍ കിഡ്നി ജേണല്‍' എന്ന പ്രസിദ്ധീകരണത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

അമിതമായി വെള്ളം കുടിച്ചതോടെ ഈ അധിക അളവിലുള്ള വെള്ളം പുറത്തുകളയാനാകാതെ വൃക്ക പ്രശ്നത്തിലായി എന്നും ഇതിന്‍റെ അനുബന്ധമായാണ് തലച്ചോറില്‍ വീക്കം വന്നതെന്നുമാണ് ഗവേഷകരുടെ വിശദീകരണം. 'ഹൈപ്പോനാട്രീമിയ' എന്നാണത്രേ ഈ അവസ്ഥയുടെ പേര്. ശരീരത്തിലെ സോഡിയം ലെവല്‍ കാര്യമായ രീതിയില്‍ താഴുകയും കോശങ്ങളില്‍ നീര്‍വീക്കമുണ്ടാവുകയും ചെയ്യുന്നതാണത്രേ 'ഹൈപ്പോനാട്രീമിയ'യുടെ പ്രത്യേകത. 

ബ്രൂസ് ലീ പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഇതും ദാഹം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ധാരാളം വെള്ളം കുടിക്കണണെന്ന് വാദിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ചരിത്രരേഖകള്‍ പറയുന്നു. 'ബീ വാട്ടര്‍- മൈ ഫ്രണ്ട്' എന്ന വിഖ്യാതമായ അദ്ദേഹത്തിന്‍റെ പ്രയോഗം തന്നെ ഇതിന് തെളിവായി ഗവേഷകര്‍ നിരത്തുന്നു. മാത്രമല്ല, ആപ്പിള്‍- ക്യാരറ്റ് ജ്യൂസ് എന്നിവയെല്ലാമായിരുന്നു ബ്രൂസ് ലീ കാര്യമായും കഴിച്ചിരുന്നതെന്ന് ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ലിൻഡ് ലീ കാഡ്വെല്ലും വെളിപ്പെടുത്തിയിരുന്നു. 

Also Read:- 'കുടി ഓവര്‍' ആകേണ്ട; ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Follow Us:
Download App:
  • android
  • ios