Asianet News MalayalamAsianet News Malayalam

നിപ പ്രതിരോധം: ഉത്കണ്ഠയും ഉറക്കക്കുറവുമുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കാം

നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും വിദഗ്ധര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ്. 

Nipah Virus Outbreak Awareness toll free numbers joy
Author
First Published Sep 14, 2023, 8:25 AM IST

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 0495- 2961385 രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലു മണിവരെ പ്രവര്‍ത്തിക്കും. സംസ്ഥാന തലത്തിലുള്ള ടെലി മനസ് '14416' ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടാനായി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുന്നുണ്ട്. ഇതുവരെ 308 പേരെ വിളിക്കുകയും 214 പേര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും, ടെലി മനസ് ഹെല്‍പ് ലൈന്‍ നമ്പര്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിപ സംശയിച്ചപ്പോള്‍ തന്നെ കോഴിക്കോട്ട് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കോണ്ടാക്ട് ട്രെയ്സിംഗ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങള്‍, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗണ്‍സിലിംഗ്, മീഡിയ എന്നിവയുടെ ഏകോപനം കണ്‍ട്രോള്‍ സെല്ലില്‍ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സംശയദൂരീകരണത്തിനായി 0495- 2383100, 0495- 2383101, 0495- 2384100, 0495- 2384101, 0495- 2386100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ് 
 

Follow Us:
Download App:
  • android
  • ios