കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിന്റെ 5 മുതൽ 10 ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം. മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. 

ഫാറ്റി ലിവര്‍ കൂടുതലായി മദ്യപിക്കുന്നവരിലാണ് കണ്ട് വരുന്നത്. എന്നാൽ, non alcoholic fatty liver ഇന്ന് കൂടുതലായി കണ്ട് വരുന്നു. ഫാറ്റി ലിവറിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ് സംസാരിക്കുന്നു.

ചില ഇന്‍ഫെക്ഷനുകള്‍, പാരമ്പര്യരോഗങ്ങള്‍, ചില മരുന്നുകള്‍ ഇവയെല്ലാം ഫാറ്റി ലിവര്‍ ഉണ്ടാക്കാം. ഇതിലൊന്നും പെടാത്തതാണ് non alcoholic fatty liver. ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഈ അസുഖം തന്നെയാണ്. അതിന്റെ പ്രധാന കാരണം ജീവിത ശൈലിയില്‍ വന്ന മാറ്റം തന്നെയാണെന്നാണ് ഡോ. കൃഷ്ണദാസ് പറയുന്നു.

 വ്യായാമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങള്‍. കുട്ടികളിലും ഫാറ്റി ലിവര്‍ രോഗം കണ്ട് വരുന്നു. ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോഴാകാം ലിവര്‍ സിറോസിസ് പോലുള്ള അസുഖങ്ങള്‍ കണ്ട് തുടങ്ങുന്നത്. കുട്ടികളിലും മുതിര്‍ന്നവര്‍ക്കുള്ളത് പോലെ തന്നെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. 

കുട്ടികളില്‍ പലരും കളിക്കുന്ന സമയം കുറവാണ്. ടിവി കാണുക, മൊബൈലില്‍ നോക്കുക പോലുള്ള ശീലങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നു. 11 മണിക്കൂറോളം കുട്ടികള്‍ ശരാശരി ടിവി കാണാറുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം ഒരു മണിക്കൂര്‍ കൂടുതല്‍ ടിവി കാണുന്നത് നല്ലതല്ല. കുട്ടികള്‍ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണമെന്നും ഡോ. കൃഷ്ണദാസ് പറഞ്ഞു.

 കുട്ടികളില്‍ വ്യായാമില്ലായ്മ ഫാറ്റി ലിവര്‍ മാത്രമല്ല മറ്റ് പല അസുഖങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. പെട്ടെന്ന് തടി കുറയ്ക്കാന്‍ ഉദ്ദേശിച്ച് ഡയറ്റ് ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവരില്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു മാസം രണ്ടോ മൂന്നോ അതില്‍ കൂടുതല്‍ ഭാരം കുറയ്ക്കാന്‍ പാടില്ല. ഡയറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു ദിവസം 500 കലോറി വച്ച് കുറയ്ക്കുക. വൈകിട്ട് ആറ് മണിക്ക് ശേഷം ആഹാരം കഴിക്കാതിരിക്കുക.

 ദിവസവും 30 മിനിറ്റ് വിയര്‍ക്കുന്നത് വരെ നടക്കുക. ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഭാരം എളുപ്പം കുറയുന്നത് കാണാം. എണ്ണയുള്ള ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കുക. അമിതവണ്ണമുള്ള 70 മുതല്‍ 80 ശതമാനം ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാം. ഫാറ്റി ലിവറിന്റെ അടുത്ത സ്റ്റേജ് എന്ന് പറയുന്നത് nonalcoholic steatohepatitis. അത് വളരെ ആപത്താണെന്ന് അ​ദ്ദേഹം പറയുന്നു.

കൊഴുപ്പിനെ ബ്രേക്ക്‌ ഡൌണ്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് കാരണം കരളിനുള്ളിലെ ടിഷ്യൂകളുടെ കുമിഞ്ഞുകൂടലിലൂടെ ഉണ്ടാകുന്ന രോഗമാണ് നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ. ബ്രേക്ക്‌ ഡൌണ്‍ അകാത്ത കൊഴുപ്പ് കാരണം കരള്‍ വീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് നോൺ ആൾക്കഹോളിക്‌ Steathepatitis (NASH) എന്ന് പറയുന്നത്. 

ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

1. വ്യായാമം : ആഴ്ചയിൽ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വ്യായാമം ചെയ്യുക
2. മദ്യപാനം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
3. അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
4. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക (പ്രോസസ്സ് ചെയ്ത മാംസം, കേക്ക്, ബിസ്കറ്റ്, ചിപ്സ്, അങ്ങനെ).
5. ഹൈ ഗ്ലൈസെമിക് കാർബോ ഹൈഡ്രേറ്റുകൾ ഒഴിവാക്കുക (വെളുത്ത ബ്രഡ്, വെളുത്ത അരി മുതലായവ).