കൊവിഡ് 19ന്‍റെ പ്രതിരോധവുമായി ബന്ധപ്പെട്ട്  ആളുകള്‍ കയ്യുറകൾ ധരിക്കുന്നത് പതിവാക്കിയിട്ടുണ്ട്. എന്നാല്‍ കയ്യുറകൾ ധരിച്ചാലും അണുക്കൾ പടരുമെന്ന് വ്യക്തമാക്കുന്ന ഒരു നഴ്സിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. യുഎസിലെ മിഷിഗണിലുള്ള നഴ്സ് മോളി ലക്സറിയുടെതാണ് ഈ വീഡിയോ. കൊറോണ വൈറസിനെ തടയുന്നതിനായി കയ്യുറകൾ ധരിക്കുന്നുണ്ടെങ്കിലും വൈറസ് പകരാനുള്ള  സാധ്യതയുണ്ടെന്നാണ് മോളി പറയുന്നത്. 

കയ്യുറകൾ ധരിച്ച കൈകളിൽ പെയിന്റാക്കിയാണ് അണുക്കൾ എങ്ങനെ പടരുമെന്ന് മോളി വിശദീകരിക്കുന്നത്. 'നിങ്ങൾ കയ്യുറകൾ ധരിക്കാൻ തയ്യാറാകുന്നത് ഏപ്പോഴും വളരെ നല്ല തീരുമാനമാണ്. എന്നാല്‍  ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യുറകൾ ധരിച്ചാലും അണുക്കൾ പകരാനുള്ള സാധ്യതയുണ്ട്. കയ്യുറകളിൽ പറ്റിപ്പിടിക്കുന്ന അണുക്കൾ സൂപ്പർ മാർക്കറ്റിലോ മറ്റിടങ്ങളിലോ പോകുമ്പോൾ അവിടെയുള്ള വസ്തുക്കളിലേക്കും മറ്റും പടരുന്നു. മൊബൈൽ ഫോൺ പോലെയുള്ള വസ്തുക്കൾ അണുക്കൾ പറ്റിയ കൈകൊണ്ട് ഉപയോഗിക്കുന്നതിലൂടെ അണുക്കൾ നമുക്കുള്ളിൽ എത്താനും സാധ്യതയുണ്ട്. കാരണം നിങ്ങളുടെ കയ്യുറകളിൽ എപ്പോഴും അണുക്കൾ ഉണ്ടാകും'- മോളി പറഞ്ഞു. 

കയ്യുറകൾ സംസ്കരിക്കുന്ന രീതിയെ കുറിച്ചും മോളി പറയുന്നുണ്ട്. കയ്യുറ എടുത്തുമാറ്റിയ ഉടൻ തന്നെ ഹാൻഡ് വാഷോ സോപ്പോ കൊണ്ട് കൈകള്‍ നല്ല വൃത്തിയായി കഴുകണമെന്നും അവര്‍ പറയുന്നു. കയ്യുറ ധരിച്ചുകൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണമെന്നും മോളി വ്യക്തമാക്കി.