നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എൻഡോക്രൈൻ ഗ്രന്ഥികളാണ്.
ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എൻഡോക്രൈൻ ഗ്രന്ഥികളാണ്. അതിനാൽ ഇവയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. ഹോർമോൺ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന 6 പ്രധാന മൈക്രോന്യൂട്രിയന്റുകളെ എന്തൊക്കെയാണെന്ന് അറിയാം.
1. മഗ്നീഷ്യം
ശരീരത്തിലെ അമിതമായ ഈസ്ട്രജൻ ഹോർമോണിനെ പുറന്തള്ളാനും, പ്രൊജസ്റ്ററോൺ ഉത്പാദനത്തിനും, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ നിയന്ത്രിക്കാനും മഗ്നീഷ്യം അത്യാവശ്യമാണ്. ഇതിന്റെ കുറവ് മൂലം പിഎംഎസ്, അമിത ഉത്കണ്ഠ, കടുത്ത ക്ഷീണം, ഉറക്കക്കുറവ് എന്നിവ ഉണ്ടാകാം.
2. സിങ്ക്
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിലൊന്നായ സിങ്ക്, ടെസ്റ്റോസ്റ്റിറോൺ, തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു ഉള്ളവരിൽ ഡിഎച്ച്ടി ഹോർമോണിനെ നിയന്ത്രിക്കാനും സിങ്ക് സഹായിക്കും. ദഹനപ്രശ്നങ്ങളും അമിത മാനസിക സമ്മർദ്ദവുമുള്ളവരിൽ സിങ്കിന്റെ കുറവ് സാധാരണയായി കാണാറുണ്ട്.
3. വിറ്റാമിൻ ബി6
പ്രൊജസ്റ്ററോൺ ഹോർമോണിന്റെ ഉത്പാദനത്തിനും ഈസ്ട്രജൻ മെറ്റബോളിസത്തിനും ഏറ്റവും ആവശ്യമായ ഒന്നാണ് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ബി6. ശരീരത്തിൽ ഇതിന്റെ അളവ് കുറയുമ്പോൾ മൂഡ് സ്വിങ്സ്, പിഎംഎസ്, സന്തോഷം നൽകുന്ന സെറട്ടോണിൻ ഹോർമോണിന്റെ കുറവ് എന്നിവ ഉണ്ടാകാം.
4. ഒമേഗ-3 ഫാറ്റി ആസിഡുകൾ
ശരീരത്തിന്റെ അവശ്യ പ്രവർത്തനങ്ങൾക്കും കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നല്ല കൊഴുപ്പാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ശരീരത്തിലെ എല്ലാ ഹോർമോൺ പാതകളിലുമുണ്ടാകുന്ന വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
5. വിറ്റാമിൻ ഡി3
സൂര്യപ്രകാശം ഏൽക്കുമ്പോൾ നമ്മുടെ ചർമ്മം വിറ്റാമിൻ ഡി3 സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നു. ലൈംഗിക ഹോർമോണുകൾ, തൈറോയ്ഡ്, ഇൻസുലിൻ എന്നിവയെ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി3 അത്യാവശ്യമാണ്.
6. സെലിനിയം
ശരീരത്തിന് ചെറിയ അളവിൽ മാത്രം ആവശ്യമുള്ള ഒരു പ്രധാന ധാതുവാണ് സെലിനിയം. ഇത് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുകയും ശരീരത്തിലെ ഈസ്ട്രജൻ മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.


