ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക. 

സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണ് പിസിഒ‍‍‍ഡി. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. 

 മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്.  ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫൂഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗ
മാണ് പ്രധാന കാരണങ്ങൾ. 

ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാണ്. അമിത വണ്ണം, മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ആര്‍ത്തവത്തിലെ വ്യതിയാനം, അമിത രക്തസ്രാവം, മുടികൊഴിച്ചില്‍, വിഷാദം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഓട്സ്, പച്ചക്കറികൾ, പഴവർ​ഗങ്ങൾ, മധുരക്കിഴങ്ങ്,ക്യാരറ്റ്, ഇലക്കറികൾ എന്നിവ പിസിഒഡി അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. പിസിഒഡി അകറ്റാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നതിനെ പറ്റി ന്യൂട്രീഷനിസ്റ്റായ ഡോ സീമ ഖന്ന പറയുന്നു.

ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍...

ഒന്ന്...

അമിതവണ്ണം നിയന്ത്രിക്കുന്നതിന് കലോറി കുറഞ്ഞ ഭക്ഷണക്രമം സഹായിക്കുന്നു. മൂന്ന് പ്രധാന ഭക്ഷണവും രണ്ട് ഇടനേര ഭക്ഷണവും നാരുകളും, പ്രോട്ടീനും ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ക്രമേണ, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്നതിനും സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണങ്ങളായ സാലഡുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഇടനേരങ്ങളില്‍ ഉള്‍പ്പെടുത്തുക.

രണ്ട്...

കൊഴുപ്പും അന്നജവും നിയന്ത്രിച്ചും മാംസ്യങ്ങളും ധാതുലവണങ്ങളും അടങ്ങിയതുമായ ഭക്ഷണക്രമവും രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

മൂന്ന്...

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍, മീന്‍, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങള്‍, നട്‌സ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍സുലിന്‍ ഉല്പാദനം കൂടുന്നതിനും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

നാല്...

 ധാരാളം വെള്ളം കുടിക്കുക. ശുദ്ധമായ വെള്ളം കുടിക്കുന്നത് ദഹനത്തിനും ഊര്‍ജോത്പാദനതിനും വിശപ്പു കുറയ്ക്കാനും ശരീരത്തില്‍നിന്ന് വിഷാംശം പുറംതള്ളുന്നതിനും സഹായിക്കും. 

അഞ്ച്...

തവിടു കൂടിയതും വെള്ളത്തില്‍ ലയിക്കുന്നതുമായ നാരുകള്‍ കൂടുതല്‍ അടങ്ങിയ ബാര്‍ലി, ബജ്‌റ, റാഗി, തിന, ചോളം, തവിടുള്ള കുത്തരി എന്നിവ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെതിരെ പ്രവര്‍ത്തിക്കുന്നു. നാരുകള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു.