Asianet News MalayalamAsianet News Malayalam

Covid 19 : അമിതവണ്ണമുള്ളവരില്‍ എങ്ങനെയാണ് കൊവിഡ് തീവ്രമാകുന്നത്?

വൈറസ് ഫാറ്റ് കോശങ്ങളെയും ഇമ്മ്യൂണ്‍ കോശങ്ങളെയും കടന്നുപിടിക്കുകയും അതുവഴി രോഗിയുടെ കൊവിഡ് ലക്ഷണങ്ങള്‍ രൂക്ഷമാവുകയും ചെയ്യുകയാണത്രേ. ഫാറ്റ് കോശങ്ങളെ എന്തുതന്നെ ബാധിച്ചാലും അത് അവയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ചുറ്റുമുള്ള കോശങ്ങളിലേക്കെല്ലാം പ്രശ്‌നം വ്യാപകമാകുന്നു

obese people are at higher risk of getting intense covid 19 infection
Author
USA, First Published Dec 15, 2021, 7:27 PM IST

കൊവിഡ് 19 ( Covid 19 )  മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ, ഇത് അമിതവണ്ണമുള്ളവരില്‍ ( Obese People ) തീവ്രമായിരിക്കുമെന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. വിവിധ രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ ഗവേഷകര്‍ ( Researchers Studied) സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്തരത്തിലാണ് ഇങ്ങനെ അമിതവണ്ണമുള്ളവരെ കൊവിഡ് രൂക്ഷമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുന്നതില്‍ മിക്ക പഠനങ്ങളും പരാജയപ്പെട്ടിരുന്നു. 

ഇപ്പോഴിതാ 'സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍'ല്‍ നിന്നുള്ള ഗവേഷകര്‍ തങ്ങളുടെ പഠനത്തില്‍ ഈ വിഷയത്തെ വിശദമായി വിശകലനം ചെയ്യുകയാണ്. കൊറോണ വൈറസ് കൊഴുപ്പടിഞ്ഞിരിക്കുന്ന കോശങ്ങളെ ബാധിച്ച്, ഇത് സങ്കീര്‍ണതകളിലേക്ക് നയിക്കുകയാണെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്. 

വൈറസ് ഫാറ്റ് കോശങ്ങളെയും ഇമ്മ്യൂണ്‍ കോശങ്ങളെയും കടന്നുപിടിക്കുകയും അതുവഴി രോഗിയുടെ കൊവിഡ് ലക്ഷണങ്ങള്‍ രൂക്ഷമാവുകയും ചെയ്യുകയാണത്രേ. ഫാറ്റ് കോശങ്ങളെ എന്തുതന്നെ ബാധിച്ചാലും അത് അവയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ചുറ്റുമുള്ള കോശങ്ങളിലേക്കെല്ലാം പ്രശ്‌നം വ്യാപകമാകുന്നു. 

എന്ന് മാത്രമല്ല, ഫാറ്റ് കോശങ്ങള്‍ അധികമായും കാണപ്പെടുന്നത് ശരീരത്തിലെ ഏറ്റവും 'സെന്‍സിറ്റീവ്' ആയ അവയവങ്ങള്‍ക്ക് സമീപത്താണെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഇങ്ങനെയാണ് അമിതവണ്ണമുള്ളവരില്‍ കൊവിഡ്, മറ്റ് അവയവങ്ങളെ പെട്ടെന്ന് ബാധിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. ഹൃദയം, കുടല്‍, കരള്‍ എന്നിങ്ങനെയുള്ള അവയവങ്ങളെല്ലാം, അമിതവണ്ണമുള്ളവരില്‍ കൊവിഡ് മൂലം ബാധിക്കാനിടയുള്ളവയാണ്. 

ഫാറ്റ് കോശങ്ങളായും ഇമ്മ്യൂണ്‍ കോശങ്ങളായും വരുന്ന 'അഡിപ്പോസൈറ്റ്‌സ്', 'പ്രീ അഡിപ്പോസൈറ്റ്‌സ്' എന്നിവയെ ആണ് ഗവേഷകര്‍ പഠനത്തിനായി പ്രധാനമായം തെരഞ്ഞെടുത്തത്. ഇതില്‍ 'അഡിപ്പോസൈറ്റു'കളെയാണ് കാര്യമായും വൈറസ് ബാധിക്കുന്നതത്രേ. ഇതിനൊപ്പം ഇമ്മ്യൂണ്‍ കോശങ്ങളും ബാധിക്കപ്പെടുന്നു. 

കോശങ്ങളിലെത്തുന്ന വൈറസ് അവിടെ വച്ച് പെരുകുന്നു. തുടര്‍ന്ന് പ്രതിരോധവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നു. ശരീരത്തിലെ പല ഭാഗങ്ങൡലേക്കും അവയവങ്ങളിലേക്കും ഇതിന്റെ ഫലമെത്തുന്നു. അവയവങ്ങളെ ബാധിക്കുന്ന കാര്യം പോലെ തന്നെ, കൊവിഡ് വിഷമതകള്‍ നീണ്ടുനില്‍ക്കുന്ന 'ലോംഗ് കൊവിഡ്' എന്ന അവസ്ഥയും അമിതവണ്ണമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Also Read:- മറ്റേതൊരു വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം: ലോകാരോ​ഗ്യ സംഘടന

Follow Us:
Download App:
  • android
  • ios