അമിതവണ്ണമുള്ള പുരുഷന്മാരിലെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറുണ്ടാകാം എന്നല്ല. അമിതവണ്ണത്തോടെ തന്നെ ആരോഗ്യത്തില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ അമിതവണ്ണം എപ്പോഴും ആരോഗ്യത്തിന് ഒരു ഭീഷണിയായി മാറുന്ന നിലയിലേക്ക് വരാം.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ കുറിച്ച് മിക്കവര്‍ക്കും അറിയുമായിരിക്കുമല്ലോ. പുരുഷന്മാരുടെ പ്രത്യുത്പാദനവ്യവസ്ഥയിലുള്‍പ്പെടുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഇതിന്‍റെ പ്രാഥമിക ധര്‍മ്മമെന്ന് പറയുന്നത് ശുക്ലം അഥവാ ബീജത്തിന് സഞ്ചരിക്കാനുള്ള മാധ്യമം ഉണ്ടാക്കുകയെന്നതാണ്. 

ഇക്കാരണം കൊണ്ടുതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ബാധിച്ചാല്‍ അത് പ്രത്യുത്പാദന വ്യവസ്ഥയെ തന്നെ ബാധിക്കും. വന്ധ്യത മുതല്‍ പല പ്രയാസങ്ങളും തന്മൂലം നേരിടാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ അര്‍ബുദവും ബാധിക്കാറുണ്ട്. അതിന് പിന്നില്‍ പല കാരണവും പ്രവര്‍ത്തിക്കാം. 

ഇത്തരത്തില്‍ പ്രോസ്റ്റേറ്റ് ക്യാൻസറിലേക്ക് നയിക്കുന്നൊരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല അമിതവണ്ണം ആണ് ഈ കുറ്റക്കാരൻ. പല പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതായത് വിവിധ കാരണങ്ങള്‍ നേരത്തെ തന്നെ ഒരു വ്യക്തിയില്‍ പ്രോസ്റ്റേറ്റ് ക്യാൻസറിന് സാധ്യത ഒരുക്കിയിരിക്കാം. ഇക്കൂട്ടത്തില്‍ അമിതവണ്ണം കൂടി ചേരുമ്പോള്‍ പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത ഒന്നുകൂടി കൂടുന്നു. ഇങ്ങനെയാണ് സംഭവിക്കുന്നത്.

ഇതിനര്‍ത്ഥം അമിതവണ്ണമുള്ള പുരുഷന്മാരിലെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറുണ്ടാകാം എന്നല്ല. അമിതവണ്ണത്തോടെ തന്നെ ആരോഗ്യത്തില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ അമിതവണ്ണം എപ്പോഴും ആരോഗ്യത്തിന് ഒരു ഭീഷണിയായി മാറുന്ന നിലയിലേക്ക് വരാം. അതിനാലാണ് അമിതവണ്ണം ശ്രദ്ധിക്കണം- അത് കുറയ്ക്കണം എന്ന് പറയുന്നത്. 

പ്രായം, പാരമ്പര്യഘടകങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളുമാണ് പ്രോസ്റ്റേറ്റ് ക്യാൻസറിലേക്ക് നയിക്കുന്നത്. ഇങ്ങനെ ബാധിക്കുന്ന അര്‍ബുദത്തെ നമുക്ക് പ്രതിരോധിക്കാനും മാര്‍ഗമില്ല. എന്നാല്‍ അമിതവണ്ണം മൂലം ക്യാൻസര്‍ സാധ്യത വരുന്നത് നമുക്ക് തടയാമല്ലോ. 

ഇതിന് ആദ്യം ചെയ്യേണ്ടത് പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം സൂക്ഷിക്കലാണ്. ഡയറ്റോ വര്‍ക്കൗട്ടോ എല്ലാം ഇതിനായി ചെയ്യുക. ആരോഗ്യകരമായ ഭക്ഷണരീതിയും ആവശ്യത്തിന് വ്യായാമവും എപ്പോഴും നല്ലതാണ്. പ്രത്യുത്പാദന ആരോഗ്യത്തിന് മാത്രമല്ല- പൊതുവിലും. ആഴ്ചയില്‍ 150 മിനുറ്റെങ്കിലും വര്‍ക്കൗട്ടിനായി മാറ്റിവയ്ക്കുക. ദിവസത്തില്‍ അര മണിക്കൂര്‍ എന്ന നിലയില്‍ ഷെഡ്യൂള്‍ ചെയ്താല്‍ മതി. നടത്തം, ഓട്ടം, നീന്തല്‍ പോലുള്ള വ്യായാമം തന്നെ ധാരാളം. 

മദ്യപാനം- പുകവലി- മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ പാടെ ഉപേക്ഷിക്കുന്നതാണ് ഉചിതം. മദ്യം വല്ലപ്പോഴും അല്‍പം എന്ന രീതിയിലാണെങ്കില്‍ വലിയ വെല്ലുവിളി ഇല്ല. ആരോഗ്യകരമായ- എല്ലാ പോഷകങ്ങളും ഉറപ്പിക്കാവുന്ന- ബാലൻസ്ഡ് ആയ ഭക്ഷണരീതി, ദിവസവും ആവശ്യത്തിന് വെള്ളം എന്നിവയെല്ലാം ഉറപ്പിക്കണം. ഒപ്പം തന്നെ സ്ട്രെസില്‍ നിന്ന് അകന്നുനില്‍ക്കുകയും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും വേണം. ഇങ്ങനെ ഹെല്‍ത്തിയായ ജീവിതരീതിയാണെങ്കില്‍ ഒരു പരിധി വരെ പ്രോസ്റ്റേറ്റ് ക്യാൻസറിനെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. 

Also Read:- അറിയാം രാത്രിയില്‍ കാണുന്ന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo