കൊവിഡ് വ്യാപനം തടയാൻ പ്രത്യേക ആശുപത്രി സജ്ജമാക്കി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (KIMS) ഒഡീഷ സർക്കാരുമായി വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചു. KIIT & KISS സ്ഥാപകൻ ഡോ. അച്യുത സാമന്ത, KIIT ഡീംഡ് യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലർ ഡോ. സുബ്രത് ആചാര്യ, മറ്റു സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കിംസ് സിഇഒ ഡോ. ബിഷ്ണു പാണിഗ്രാഹിയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 

രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രികള്‍ പ്രവര്‍ത്തനസജ്ജമാകും. ഒഡീഷ മൈനിംഗ് കോര്‍പ്പറേഷന്‍, മഹാനദി കോള്‍ ഫീല്‍ഡ്സ് എന്നീ കമ്പനികള്‍ ആശുപത്രികള്‍ക്കുള്ള സി.എസ്.ആര്‍ ഫണ്ടിംഗ് നല്‍കും. മഹാമാരിയെ നേരിടുന്ന ഒഡീഷയിലെ ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും കിംസും ചേർന്ന് ഈ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. 

കൊവിഡിനെ പ്രതിരോധിക്കാൻ പനയോലകള്‍ കൊണ്ട് തയാറാക്കിയ മാസ്കുകൾ കെട്ടി ആദിവാസി ജനത

കരാര്‍ പങ്കാളികളെ മുഖ്യമന്ത്രി നവീന്‍ പട്നായിക് അഭിനന്ദിച്ചു. കൊവിഡ്– 19 നെ നേരിടുന്നതിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തെക്കാളും ഒഡീഷ മികച്ചു നിൽക്കുന്നെന്നും പട്നായിക്കിന്റെ കാഴ്ചപ്പാടുകൾ ഏറെ മുന്നിലാണെന്നും ഈ ധാരണാപത്രം അതിനെ ഒരുപടികൂടി മുന്നിലെത്തിക്കുമെന്നും കിംസിനെ പങ്കാളിയായി തിരഞ്ഞെടുത്തതിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഡോ. സാമന്ത പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വിശ്വാസം നിലനിർത്താനും കാഴ്ചപ്പാടുകൾ പൂർത്തീകരിക്കാനും ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനും കഴിയാവുന്ന എല്ലാ ശ്രമങ്ങളും കിംസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.