പാട്ടിന്റേയും, സൗഹൃദങ്ങളുടേയുമെല്ലാം ലോകത്ത് നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വരുമെന്ന് പേടിച്ചിരുന്നു കാസര്‍കോട് സ്വദേശിയായ വിനോദ് എന്ന നാടന്‍പാട്ടുകാരന്‍. ക്യാന്‍സര്‍ ചികിത്സയിലായിരുന്ന അമ്മയെ പരിചരിക്കാന്‍ ഷാര്‍ജയിലെ ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയതായിരുന്നു വിനോദ്. അതിനിടെയാണ് വൃക്കരോഗം ബാധിച്ച വിവരമറിയുന്നത്. 

വൈകാതെ തന്നെ അവശനിലയിലായ വിനോദിന് ഡയാലിസിസ് തുടങ്ങി. എന്നാല്‍ അതുകൊണ്ടും രക്ഷയുണ്ടായില്ല. എപ്പോഴും ഛര്‍ദി തന്നെ. ഭക്ഷണമൊന്നും കഴിക്കാനാകാത്ത തരം മോശം നില. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമേ പരിഹാരമുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 

ഇതിനിടെ അമ്മയുടെ വൃക്ക വിനോദിന് യോജിക്കുമെന്ന് കണ്ടെത്തി. വായിലെ ക്യാന്‍സര്‍ ഒരുവിധം ഭേദമായി വിശ്രമത്തിലായിരുന്നു കാര്‍ത്യായനി. പ്രായയവും രോഗങ്ങളും തളര്‍ത്തിയ ഈ അമ്മ, പക്ഷേ മകന്റെ വേദനയ്ക്ക് മുന്നില്‍ മറ്റൊന്നുമാലോചിച്ചില്ല. തനിക്കെന്ത് പറ്റിയാലും സാരമില്ല, മകനെ തിരിച്ചുകിട്ടിയാല്‍ മതിയെന്ന് മാത്രമായിരുന്നു അപ്പോഴെന്ന് ഇവര്‍ പറയുന്നു.

അങ്ങനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടന്നു. ലക്ഷങ്ങള്‍ ചിലവ് വന്ന ശസ്ത്രക്രിയയ്ക്ക് സഹായവുമായി നാട്ടിലെ സിപിഎം പ്രവര്‍ത്തകരും ക്ലബ്ബുകളുമെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസത്തെ തുടര്‍ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് അമ്മയും മകനും. വീണ്ടും പാട്ടിന്റെ ലോകം വിനോദിന് മുമ്പില്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ഇനി അമ്മ പകുത്തുതന്ന ജീവന്റെ കരുത്താണ് വിനോദിന്റെ പാട്ടിന്റെയും ഊര്‍ജ്ജം. 

വീഡിയോ കാണാം...

 

Also Read:- ലോക്ഡൗണില്‍ വരുമാനം നിലച്ചു; രോഗിയായ മകളെ ചികിത്സിപ്പിക്കാനാകാതെ ദമ്പതികള്‍...