നവംബര്‍ 21ന് തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും അതോടെ ഐസൊലേഷനിലേക്ക് മാറിയെന്നും ഇദ്ദേഹം പറയുന്നു. വീട്ടുകാരുമായോ മറ്റാരെങ്കിലുമായോ അവര്‍ക്ക് രോഗം പകരുന്ന തരത്തിലുള്ള ഇടപഴക്കം ഉണ്ടായിട്ടില്ലെന്നും തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു

കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍( Omicron Variant ) . നേരത്തെ വന്ന മറ്റ് പല വകഭേദങ്ങളെക്കാള്‍ ഇരട്ടിയിലധികം വേഗത്തില്‍ രോഗവ്യാപനം ( Virus Transmission) നടത്തുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളിലെല്ലാം കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. 

രോഗവ്യാപനം അതിവേഗത്തിലാക്കുമെന്നത് മാത്രമാണ് നിലവില്‍ ഒമിക്രോണുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ഔദ്യോഗിക വിവരം. എന്നാല്‍ രോഗ തീവ്രതയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഇതിന്റെ മറ്റ് വശങ്ങളെ കുറിച്ചോ വരും ദിവസങ്ങളില്‍, കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ മനസിലാക്കുവാനാകൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 

എന്തായാലും ഒമിക്രോണ്‍ മുഖേന കൊവിഡ് ബാധിച്ചവരില്‍ ലക്ഷണങ്ങള്‍ സംബന്ധിച്ച് കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലെന്നാണ് ഇതുവരെ വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ വിശദവിവരങ്ങള്‍ കല്യാണില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന കൊവിഡ് കെയര്‍ സെന്ററിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പുറത്തുവിട്ടരുന്നു. ഇവരും പ്രത്യേകമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചോ മറ്റോ സൂചിപ്പിച്ചിരുന്നില്ല.

ഇപ്പോഴിതാ ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗലൂരു സ്വദേശിയായ ഡോക്ടര്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. 'എന്‍ഡിടിവി'യുമായാണ് നാല്‍പത്തിയാറുകാരനായ ഡോക്ടര്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 21ന് തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും അതോടെ ഐസൊലേഷനിലേക്ക് മാറിയെന്നും ഇദ്ദേഹം പറയുന്നു. 

വീട്ടുകാരുമായോ മറ്റാരെങ്കിലുമായോ അവര്‍ക്ക് രോഗം പകരുന്ന തരത്തിലുള്ള ഇടപഴക്കം ഉണ്ടായിട്ടില്ലെന്നും തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. 

'എനിക്ക് ചെറിയ പനിയുണ്ടായിരുന്നു. അതായത് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണമായി വരുന്ന തരത്തില്‍, അത്രയൊക്കെ തീവ്രതയിലുള്ള പനി. ഇതൊരിക്കലും കൂടിയിട്ടില്ല. അതുപോലെ ചെറിയ ശരീരവേദന, കുളിര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വന്നു...

...പരിശോധനാഫലം വന്നപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അപ്പോഴും വീട്ടില്‍ തന്നെയാണ് തുടര്‍ന്നത്. മൂന്ന് ദിവസങ്ങള്‍ അങ്ങനെ പോയി. പക്ഷേ ഓക്‌സിജന്‍ നില താഴ്ന്നതോടെ പെട്ടെന്ന് നല്ല തോതില്‍ തളര്‍ച്ച അനുഭവപ്പെട്ടതോടെ ഞാന്‍ ആശുപത്രിയിലേക്ക് മാറി. അവിടെ പോയി മൊണോക്ലോണല്‍ ആന്റിബോഡീസ് എടുത്തു..

...ആശുപത്രിയിലേക്ക് മാറാന്‍ കാരണം, വീട്ടില്‍ വച്ച് വെറുതെ ഒരു റിസ്‌കെടുക്കേണ്ടല്ലോ എന്നോര്‍ത്താണ്. നവെബര്‍ 25നാണ് ആശുപത്രിയില്‍ പോയത്. അതിന് ശേഷം പിന്നെ ഒരു തരത്തിലുള്ള ആരോഗ്യപരമായ വിഷമതകളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞാന്‍ പെര്‍ഫെക്ട് ആയിട്ടും ഓക്കെയാണ്...'- ഡോക്ടര്‍ പറയുന്നു. 

രണ്ടാം തവണയും ടെസ്റ്റ് നടത്തിയപ്പോള്‍ ഡോക്ടര്‍ക്ക് പൊസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. അതിനാല്‍ ഇനിയും ഏതാനും ദിവസങ്ങള്‍ കൂടി ഐസൊലേഷനില്‍ തുടര്‍ന്ന ശേഷം വീണ്ടും ടെസ്റ്റ് ചെയ്യണം. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നത് വരെ രോഗി ഐസൊലേഷനില്‍ തന്നെ തുടരേണ്ടതുണ്ട്.

Also Read:- ഒമിക്രോൺ; നിലവിലെ വാക്സിനുകൾ ഫലപ്രദമോ?