കൊവിഡ് 19 മഹാമാരി വന്‍ തിരിച്ചടികള്‍ നല്‍കിയ രാജ്യമാണ് യുഎസ്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ക്ക് തന്നെ കൊവിഡ് കേസുകളും മരണനിരക്കുമെല്ലാം യുഎസില്‍ ഉയര്‍ന്ന് തന്നെയായിരുന്നു. ഇതിനിടെ ചെറിയ ആശ്വാസവുമായി ഏതാനും നാളുകള്‍ കടന്നുപോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ രണ്ടാം തരംഗം ആഞ്ഞടിക്കുകയായിരുന്നു. 

ഇപ്പോഴിതാ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് യുഎസിലെ മരണനരക്ക് ഉയരുന്നത്. ഡിസംബര്‍ 20 വരെയുള്ള ഒരാഴ്ചക്കാലത്ത് ഓരോ 33 സെക്കന്‍ഡിലും ഒരു കൊവിഡ് മരണം എന്ന നിലയ്ക്കായിരുന്നു സ്ഥിതിഗതികളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' പുറത്തുവിടുന്നത്. 

ആകെ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18,000 കൊവിഡ് മരണം. യുഎസില്‍ മഹാമാരിക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന മരണനിരക്കുകളിലൊന്നാണിത്. പോയ ആഴ്ചയെക്കാള്‍ മോശമായിരിക്കുകയാണ് സാഹചര്യമെന്നും ഈ കണക്ക് സൂചിപ്പിക്കുന്നു. 

രണ്ടാം തരംഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി യുഎസില്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. അവധി- ആഘോഷകാലങ്ങള്‍ കൂടിയായതോടെ രോഗവ്യാപനം മുമ്പത്തേക്കാള്‍ വേഗത്തിലാകുമെന്നും വിദഗ്ധര്‍ സൂചന നല്‍കിയിരുന്നു. 

ഇപ്പോള്‍ യാത്രാനിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. വിമാനത്താവളങ്ങളില്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും കൊവിഡ് കേസുകളും മരണനിരക്കും ഉയരുക തന്നെയാണെങ്കില്‍ ആശുപത്രികള്‍ വലിയ പ്രതിസന്ധി നേരിടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- പ്രതിദിനം ഇന്ത്യയെക്കാള്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ്...