Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായ ശേഷം എട്ടിലൊരാള്‍ മരിക്കുന്നതായി യുകെ പഠനം

കൊവിഡ് അതിജീവിച്ചവരില്‍ എട്ടിലൊരാള്‍ എന്ന കണക്കില്‍ മരണം സംഭവിക്കുന്നുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 'ലീസെസ്റ്റര്‍ യൂണിവേഴ്‌സിറ്റി'യും 'ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്'ഉം സംയുക്തമായാണ് പഠനം സംഘടിപ്പിച്ചത്

one in eight covid recovered patients die says a study
Author
UK, First Published Jan 21, 2021, 8:24 PM IST

കൊവിഡ് 19 മഹാമാരി മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇതുവരെ കേട്ടറിവ് പോലുമില്ലാത്ത വിധം പുതിയ വെല്ലുവിളിയായിരുന്നു. അതിനാല്‍ തന്നെ ഈ രോഗവുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഗവേഷകലോകം കണ്ടെത്തിവരുന്നതേയുള്ളൂ. രോഗലക്ഷണങ്ങള്‍ മുതല്‍ രോഗം അതിജീവിച്ചവരില്‍ കാണുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

പല രാജ്യങ്ങളിലും പല തീവ്രതയിലാണ് കൊവിഡ് 19 കാണാനാകുന്നത്. പൊതുവേ പ്രായമായവര്‍, നേരത്തേ തന്നെ എന്തെങ്കിലും അസുഖങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരെയാണ് കൊവിഡ് 19 സാരമായി ബാധിക്കുന്നതെന്ന് നമുക്കറിയാം. 

എന്നാല്‍ കൊവിഡ് നെഗറ്റീവായതിന് ശേഷവും പലരും മരണത്തിന് കീഴടങ്ങുന്നുണ്ട്. ഇതെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കാന്‍ വിദഗ്ധര്‍ക്ക് പോലുമാകുന്നുമില്ല. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്നൊരു പഠനറിപ്പോര്‍ട്ടാണ് യുകെയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. 

കൊവിഡ് അതിജീവിച്ചവരില്‍ എട്ടിലൊരാള്‍ എന്ന കണക്കില്‍ മരണം സംഭവിക്കുന്നുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 'ലീസെസ്റ്റര്‍ യൂണിവേഴ്‌സിറ്റി'യും 'ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്'ഉം സംയുക്തമായാണ് പഠനം സംഘടിപ്പിച്ചത്. 

രോഗമുക്തി നേടിയവരില്‍ 29 ശതമാനം പേര്‍ പിന്നീട് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്നുവെന്നും ഇതില്‍ 12 ശതമാനം പേരും മരിക്കുന്നുവെന്നും പഠനം അവകാശപ്പെടുന്നു. 

'കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാകുമ്പോള്‍ ആളുകള്‍ സമാശ്വസിക്കുന്നു. എന്നാല്‍ പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതോടെ വീണ്ടും ചികിത്സ തേടേണ്ട സാഹചര്യമുണ്ടാകുന്നു. ഇവരിലൊരു വിഭാഗം ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ഏതാണ്ട് മുപ്പത് ശതമാനം ആളുകള്‍ ഇതുപോലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നുണ്ട്. എന്നുവച്ചാല്‍ അത് വലിയ കണക്കാണ്..'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കമലേഷ് ഖൂന്തി പറയുന്നു. 

ആരോഗ്യസംവിധാനങ്ങള്‍ ഈ വിഷയം കാര്യമായി പരിഗണനയിലെടുക്കേണ്ടതുണ്ടെന്നും കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തിലൂന്നി ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഹൃദ്രോഗം, പ്രമേഹം, കരള്‍ രോഗം, വൃക്ക രോഗം എന്നിവയെല്ലാമാണ് പ്രധാനമായും കൊവിഡ് ഭേദമായവരില്‍ പിന്നീട് കണ്ടുവരുന്ന ഗുരുതര പ്രശ്‌നങ്ങളെന്നും പഠനം പറയുന്നു.

Also Read:- മദ്യാസക്തി കോമ വരെ എത്തിച്ച യുവതിക്ക് രക്ഷകനായി അവതരിച്ചത് കൊവിഡ്...

Follow Us:
Download App:
  • android
  • ios