Asianet News MalayalamAsianet News Malayalam

Condom in sex : കുടുംബസ്ഥരായ പുരുഷന്മാർ സെക്സിൽ ഏർപ്പെടുമ്പോൾ കോണ്ടം ധരിക്കുന്നത് പത്തിലൊരാൾ മാത്രമെന്ന് പഠനം

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികസുഖം കുറയാൻ ഇടയാക്കും എന്നൊരു ധാരണയും പുരുഷന്മാർക്കിടയിലുണ്ട്. 

Only one in ten indian family men wear a condom in sex, sterilization still most used contraception
Author
India, First Published Nov 30, 2021, 12:03 PM IST

കുടുംബജീവിതത്തിൽ(family life) നടക്കുന്ന ലൈംഗികബന്ധങ്ങളിൽ(Sex) എന്നും ഉയർന്നുവരുന്ന ഒരു ആശങ്കയാണ് അവിചാരിതമായ ഗർഭം(unwanted pregnancy). നിനച്ചിരിക്കാതെ ഗർഭമുണ്ടാവുക എന്നത്, പലപ്പോഴും ഒരു കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഒന്നാണ്. അതൊഴിവാക്കാൻ ആകെ രണ്ടു മാർഗങ്ങളാണ് നിലവിലുള്ളത്. ഒന്ന്, പങ്കാളിയായ പുരുഷൻ കോണ്ടം ധരിക്കുക. രണ്ട്, സ്ത്രീ ഗർഭനിരോധന ഉപാധികൾ ഏതെങ്കിലും സ്വീകരിക്കുക. അടുത്തിടെ നടന്ന അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ - National Family Health Survey-5 (2019 - 2021) ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന ലൈംഗിക ബന്ധങ്ങളിൽ, മിക്കതിലും ഗര്ഭധാരണം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെമേൽ അടിച്ചേല്പിക്കപ്പെടുകയാണ് എന്നാണ്. 

കുടുംബ ജീവിതത്തിന്റെ ഭാഗമായി, സെക്സിൽ ഏർപ്പെടുന്ന വേളയിൽ കോണ്ടം ധരിച്ച്, ഗർഭം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പത്തിൽ ഒരു പുരുഷൻ മാത്രമാണ് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം പത്തിൽ നാലു സ്ത്രീകളെങ്കിലും കുടുംബാസൂത്രണത്തിനു വേണ്ടി സ്റ്റെറിലൈസേഷൻ ചെയ്യാൻ തയ്യാറാവുന്നുണ്ട് എന്നും സർവേ പറയുന്നു. ഇന്ത്യയിലെ 9.5% പുരുഷന്മാർ മാത്രം കോണ്ടം ധരിക്കാൻ തയ്യാറായപ്പോൾ  37.9% സ്ത്രീകളാണ് സ്റ്റെറിലൈസേഷൻ ചെയ്യാൻ തയ്യാറായത്. ഇതിൽ തന്നെ നഗരങ്ങളിലെ കോണ്ടം ഉപയോഗം ഗ്രാമങ്ങളിലേതിനേക്കാൾ മെച്ചമാണ്. 7.6% ആണ് ഗ്രാമങ്ങളിലെ കോണ്ടം ഉപയോഗനിരക്കെങ്കിൽ, നഗരങ്ങളിൽ അത് 13.6% ആണ്. എന്നാൽ സ്റ്റെറിലൈസേഷന്റെ കാര്യത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ കാര്യമായ അന്തരമില്ല എന്നും സർവേ പറയുന്നു. കണക്കുകൾ പ്രകാരം 38.7%  സ്ത്രീകളാണ് ഗ്രാമങ്ങളിൽ സ്റ്റെറിലൈസ് ചെയ്യപ്പെട്ടത് എങ്കിൽ, നഗരങ്ങളിൽ അത് 36.3% ആണ്.  2015-2016 കാലത്ത് നടന്ന നാലാം സർവേയിൽ ഉണ്ടായിരുന്ന 36% എന്നതിൽ നിന്ന് സ്റ്റെറിലൈസേഷൻ നിരക്കുകൾ, 2019-2021 കാലത്ത് നടന്ന അഞ്ചാം സർവേയിൽ  37.9% എന്ന നിരക്കിലേക്ക് കൂടിയിട്ടുണ്ട്.

കോണ്ടത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിജ്ഞാനമില്ലായ്ക അല്ല പുരുഷന്മാരിൽ അതുപയോഗിക്കാനുള്ള മടിക്ക് കാരണമാവുന്നത് എന്നും സർവേ നിരീക്ഷിക്കുന്നു. സെക്സിൽ ഏർപ്പെടുമ്പോൾ സ്ഥിരമായി കോണ്ടം ഉപയോഗിക്കുന്നത് HIV/AIDS പോലുള്ള മാരകമായ ഗുഹ്യരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും എന്ന കാര്യം 82 % പേർക്കും അറിവുള്ളതാണ്. എന്നാൽ, എയിഡ്സ് വരുമെന്ന ആശങ്കയുടെ പേരിലാണ് കോണ്ടം ഉപയോഗിക്കപ്പെടുന്നത് എന്നുള്ള ധാരണയും വിവാഹിതരിൽ കോണ്ടത്തിന്റെ ഉപയോഗം കുറയാൻ കാരണമാവുന്നു എന്നും പഠനം പറയുന്നു. മാത്രവുമല്ല, പുരുഷ കേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹത്തിലെ കുടുംബങ്ങളിൽ മിക്കതിലും കുടുംബാസൂത്രണം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സെക്സ് എന്നത് അവർക്ക് ആനന്ദം കണ്ടെത്താനുള്ള ഉപാധി മാത്രമായി ഒതുങ്ങുന്നു. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികസുഖം കുറയാൻ ഇടയാക്കും എന്നൊരു ധാരണയും പുരുഷന്മാർക്കിടയിലുണ്ട്. NFHS-4 സർവേ ഫലങ്ങൾ പറയുന്നത് 40% പുരുഷന്മാരും കരുതുന്നത്, സെക്സിൽ ഗർഭം ധരിക്കാതിരിക്കാനുളള ഉത്തരവാദിത്തം സ്ത്രീയുടെ മാത്രമാണ് എന്നാണ്" പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുറ്റ്രേജ ദ ഹിന്ദുവിനോട് പറഞ്ഞു. 

കോണ്ടം ഉപയോഗം ഇടിയാനുള്ള മറ്റുള്ള കാരണങ്ങൾ, മെഡിക്കൽ സ്റ്റോറുകളിൽ ചെന്ന് കോണ്ടം ചോദിച്ചു വാങ്ങാനുള്ള ജാള്യത, കോണ്ടത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ, കോണ്ടം ധരിച്ചാൽ ഉണ്ടാകുന്ന സുഖക്കുറവിനെക്കുറിച്ചുള്ള പ്രചാരണങ്ങൾ, പുരുഷന്മാരിലെ മദ്യാസക്തി എന്നിവയാണ് എന്നും Indian Journal of Medical Research എന്ന മാസികയിൽ ബാലയ്യ ഡോണ്ടിയ പ്രസിദ്ധപ്പെടുത്തിയ തൽസംബന്ധിയായ ഒരു പഠനം സൂചിപ്പിക്കുന്നു. സ്ത്രീകൾക്ക് വേണ്ടി നിലവിലുള്ള മറ്റു ഗര്ഭനിരോധന മാർഗ്ഗങ്ങളെക്കാളും ജനപ്രിയം സ്റ്റെറിലൈസേഷൻ തന്നെയാണ് എന്നും പഠനം പറയുന്നു.  5.1% പേർ ഗർഭനിയന്ത്രണത്തിനായി ഗുളികകൾ ആശ്രയിക്കുമ്പോൾ, 0.6% പേർ ഇൻജെക്ഷനെയും,  2.1% പേർ ഇൻട്രാ യൂട്ടറൈൻ ഡിവൈസുകളെയും(IUD) ആശ്രയിക്കുന്നുണ്ട്. 

നാട്ടിൽ സ്റ്റെറിലൈസേഷൻ പോലെ തന്നെ സുരക്ഷിതമായി ചെയ്യാവുന്ന ഒരു ശസ്ത്രക്രിയ ആണ് പുരുഷ കുടുംബാസൂത്രണ മാർഗമായ വാസക്ടമി എങ്കിലും ആ മാർഗം അവലംബിക്കുന്ന പുരുഷന്മാരുടെ എണ്ണം തുലോം തുച്ഛമാണ്. പ്രസ്തുത ശസ്ത്രക്രിയയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അബദ്ധ ധാരണകൾ ആണ് അതിനു പ്രധാന കാരണം. വന്ധ്യംകരണത്തിന് വിധേയമായാൽ പുരുഷന്മാരുടെ ഓജസ്സും ഉദ്ധാരണശേഷിയും മറ്റും കുറഞ്ഞു പോവും എന്നുള്ള ഭീതിയാണ് അവരിൽ പലരെയും വാസക്ടമി നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios