Asianet News MalayalamAsianet News Malayalam

വായില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; അവ നല്‍കുന്ന സൂചനകള്‍...

പ്രമേഹത്തിന്‍റെ ഭാഗമായി പലരിലും മോണരോഗം വരാം. ഇത് വീണ്ടും പ്രമേഹത്തിന്‍റെ സങ്കീര്‍ണതകളുയര്‍ത്താം. ചിലരില്‍ ഹൃദ്രോഗങ്ങളുടെ ഭാഗമായും മോണ രോഗം വരാറുണ്ട്

oral symptoms which indicates other health issues or diseases
Author
First Published Nov 27, 2023, 7:11 PM IST

നമ്മുടെ വായ്ക്കകം എത്രമാത്രം ആരോഗ്യകരമായാണോ ഇരിക്കുന്നത് അത് നമ്മുടെ മൊത്തം ആരോഗ്യത്തെ കുറിച്ചും ചില സൂചനകള്‍ നല്‍കുന്നതാണ്. ഇതെക്കുറിച്ച് മിക്കവര്‍ക്കും കാര്യമായ അറിവില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ വായ്ക്കകത്ത് കാണുന്ന ചില പ്രശ്നങ്ങളും അവ സൂചിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍/ അസുഖങ്ങള്‍ എന്നിവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

സ്ത്രീകളില്‍ പിസിഒഎസ് (പോളിസിസ്റ്റ്ക് ഓവറി സിൻഡ്രോം), മറ്റ് ആര്‍ത്തവപ്രശ്നങ്ങള്‍, ഗര്‍ഭകാലം എന്നിങ്ങനെയുള്ള അവസ്ഥകളിലെല്ലാമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെയ ഭാഗമായി വായ്ക്കകത്തും ചില അസാധാരണത്വം കാണാം.

മോണരോഗം, അല്ലെങ്കില്‍ മോണയില്‍ അണുബാധ എന്നിവയെല്ലാം പിസിഒഎസിന്‍റെ ഭാഗമായി കാണാം. മോണവീക്കം, മോണയില്‍ നിന്ന്  രക്തസ്രാവം എന്നിവ ആര്‍ത്തവപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം. ഗര്‍ഭിണികളില്‍ വായിലുണ്ടാകുന്ന പല പ്രശ്നങ്ങളെ കുറിച്ചും അധികപേര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിലേക്കും നയിക്കുന്നത്. മോണരോഗം, പല്ലിന്‍റെ ഇനാമല്‍ ദുര്‍ബലമാവുക എന്നിവയാണ് ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ കാണാവുന്ന പ്രശ്നങ്ങള്‍. 

അധികവും സ്ത്രീകളെ ബാധിക്കുന്നൊരു പ്രശ്നമാണ് അസ്ഥി തേയ്മാനം. ഇതിന്‍റെ ചില സൂചനകളും വായ്ക്കകത്ത് കാണാം. കീഴ്ത്താടിക്ക് ബലം കുറയുക, ഇതിന്‍റെ ഭാഗമായി പല്ലിളകുക- പല്ലടര്‍ന്ന് പോരിക തുടങ്ങിയ പ്രശ്നങ്ങള്‍ അസ്ഥി തേയ്മാനത്തിന്‍റെ സൂചനകളാകാം. 

ഇനി പൊതുവില്‍ സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണുന്ന ആരോഗ്യപ്രശ്നങ്ങള്‍/ അസുഖങ്ങള്‍ എത്തരത്തിലെല്ലാം വായിലൂടെ മനസിലാക്കാൻ സാധിക്കും എന്നുകൂടി അറിയാം. 

പ്രമേഹത്തിന്‍റെ ഭാഗമായി പലരിലും മോണരോഗം വരാം. ഇത് വീണ്ടും പ്രമേഹത്തിന്‍റെ സങ്കീര്‍ണതകളുയര്‍ത്താം. ചിലരില്‍ ഹൃദ്രോഗങ്ങളുടെ ഭാഗമായും മോണ രോഗം വരാറുണ്ട്. നേരെ തിരിച്ച് മോണരോഗം ഈ രോഗങ്ങളിലേക്കെല്ലാം സാധ്യത തെളിക്കുന്ന അവസ്ഥയുമുണ്ടാകാം. 

മുതിര്‍ന്ന ആളുകളില്‍ പല്ല് ഇളകുന്നതോ അടര്‍ന്നുപോരുന്നതോ ആയ അവസ്ഥ കാണുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലിന്‍റെ ആരോഗ്യം ബാധിക്കപ്പെടുന്നു എന്നതിന്‍റെയോ എല്ല് തേയ്മാനത്തിന്‍റെ തന്നെയോ ലക്ഷണമാകാം. 

വായ അസാധാരണമായി വരണ്ടുപോകുന്ന 'ഡ്രൈ മൗത്ത്' ചില ജനിതകരോഗങ്ങളുടെ ഭാഗമായി സംഭവിക്കാറുണ്ട്. ഇതാണെങ്കില്‍ മോണ രോഗത്തിനും പല്ലിന്‍റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. 

ഇനി, ഉദരരോഗങ്ങളെ കുറിച്ചും വായില്‍ നിന്ന് നമുക്ക് സൂചന ലഭിക്കാം. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുള്ളവരില്‍ പല്ലിന്‍റെ ഇനാമലിന് ക്രമേണ കേട് സംഭവിക്കും. അതുപോലെ വയറ്റിലോ ശ്വാസകോശത്തിലോ എല്ലാം എന്തെങ്കിലും വിധത്തിലുള്ള രോഗബാധയുള്ളവരില്‍ ഇതിന്‍റെ ഭാഗമായി വായ്‍നാറ്റമുണ്ടാകും. 

വായില്‍ പതിവായി പുണ്ണ് വരിക, പഴുപ്പുണ്ടാവുകയെല്ലാം ചെയ്യുന്നത് എച്ച്ഐവി, എയ്ഡ്സ്, ക്യാൻസര്‍ രോഗങ്ങളുടെ സൂചനയാകാം. 

എന്തായാലും ഇപ്പറ‌ഞ്ഞ ലക്ഷണങ്ങളെല്ലാം ഇതേ രോഗങ്ങളെ തന്നെ സൂചിപ്പിക്കുന്നത് ആകണമെന്നില്ല. അതിനാല്‍ തന്നെ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തി മാത്രം ഉറപ്പിക്കണം. സ്വയം രോഗനിര്‍ണയം എപ്പോഴും തെറ്റിപ്പോകാനും മാനസികസമ്മര്‍ദ്ദമുണ്ടാക്കാനും സാധ്യതയുണ്ട്.

Also Read:- ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളില്‍ മറവി ഉണ്ടാക്കാം; ശ്രദ്ധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios