ഇതുവരെ 127.61 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആകെ 1,32,44,514 സെഷനുകള്‍ ഇതിനായി എടുത്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു

കൊവിഡ് 19മായുള്ള ( Covid 19 ) യുദ്ധത്തില്‍ തന്നെയാണ് നാമിപ്പോഴും. രണ്ട് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള ഈ പോരാട്ടം തുടങ്ങിയിട്ട്. ഒരു വര്‍ഷത്തോളമായി രാജ്യത്ത് വാക്‌സിനേഷന്‍ നടപടികളും ( Covid Vaccine ) നടന്നുവരുന്നു. 

ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്ന വാക്‌സിനേഷന്‍ പ്രക്രിയ, പിന്നീട് സജീവമായിത്തന്നെ മുന്നോട്ടുപോവുകയായിരുന്നു. ജനസംഖ്യയുടെ കാര്യത്തില്‍ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ നേരിട്ട വെല്ലുവിളി ചെറുതല്ല. ഇത്രയധികം ആളുകളിലേക്ക് വാക്‌സിനെത്തിക്കുകയെന്നത് ചെറിയ ജോലിയുമായിരുന്നില്ല. 

ഏതായാലും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇപ്പോഴിതാ ഇന്ത്യയിലെ മുതിര്‍ന്ന പൗരരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. 

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 84.8 ശതമാനം മുതിര്‍ന്ന പൗരര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞുവത്രേ. ഇതോടെ കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ നാം വിജയം കൈവരിക്കുമെന്നതില്‍ ഉറപ്പ് അനുഭവപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. 

ഇതുവരെ 127.61 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആകെ 1,32,44,514 സെഷനുകള്‍ ഇതിനായി എടുത്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തത് ഇപ്പോഴും വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. 

പ്രത്യേകിച്ച് പുതിയ കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ലാതിരിക്കുന്നത് എത്തരത്തിലാണ് തിരിച്ചടിയാവുകയെന്നതാണ് ആശങ്ക. 

Also Read:- രാജ്യ തലസ്ഥാനത്തും ഒമിക്രോൺ, ദില്ലിയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്