ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധരുടെ മാർ​ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമെ ഒസെംപിക് പോലുള്ള മരുന്നുകൾ ഉപയോ​ഗിക്കാൻ പാടുള്ളു. കൃത്യമായ വ്യായാമവും ചിട്ടയായ ആഹാരരീതിയും അമിതവണ്ണത്തെ വരുതിയിലാക്കാൻ സഹായിക്കും.

ഒസെംപിക് സുരക്ഷിതവും താരതമ്യേന പാർശ്വഫലങ്ങൾ കുറവുമാണെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോഴും മറുവാദങ്ങളും സജീവമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് പ്രധാനമായി കാണപ്പെടുന്ന പ്രശ്നങ്ങളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സമീപകാലത്തായി ആരോ​ഗ്യമേഖലയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഒസെംപിക്. അമിതവണ്ണം നിയന്ത്രിക്കാൻ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് പലരും ഒസെംപികിനെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് താരങ്ങളടക്കം പ്രമുഖരായ പല വ്യക്തികളും ഒസെംപികിനെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചിരുന്നു. ഇതോടെ സാധാരണക്കാരിലും ഈ മരുന്ന് പ്രചാരത്തിലെത്തി. യഥാർത്ഥത്തിൽ എന്താണ് ഒസെംപിക്? 

എന്താണ് ഒസെംപിക്?

ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് എന്ന നിലയിൽ 2017 -ലാണ് യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാ​ഗം ഒസെംപികിന് ​അംഗീകാരം നൽകുന്നത്. ഒസെംപിക് എന്നതൊരു ബ്രാൻഡ് നെയിമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന സെമാ​ഗ്ലൂട്ടൈഡാണ് ഒസെംപിക്. 

GLP-1 റിസപ്റ്റർ അ​ഗോണിസ്റ്റ് എന്നറിയപ്പെടുന്ന മരുന്ന് വിഭാ​ഗത്തിന്റെ ഭാ​ഗമാണിത്. പ്രമേഹത്തിന്റെ ചികിത്സയ്ക്കായി ഒസെംപിക് ഉപയോ​ഗിക്കുന്നവരിൽ ശരീരഭാരവും കുറയുന്നുവെന്ന് നിരീക്ഷിച്ചതോടെയാണ് ഒസെംപിക് അമിതവണ്ണത്തിന്റെ ചികിത്സയ്ക്കായി വ്യാപകമായി ഉപയോ​ഗിച്ച് തുടങ്ങിയത്. പ്രത്യേക വ്യായാമങ്ങളോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ ഉപയോ​ഗിക്കുന്നവർക്ക് ശരീരഭാരം കുറഞ്ഞു തുടങ്ങിയതോടെ ഒസെംപികിന്റെ പ്രചാരം വർദ്ധിച്ചു.

പ്രത്യേകതകൾ എന്തെല്ലാം?

ഇൻസുലിന് സമാനമായ ഇഞ്ചക്ഷൻ രീതിയിലാണ് ഒസെംപികും ഉപയോ​ഗിക്കുന്നത്. ശരീരത്തിൽ സ്വഭാവികമായി ഉണ്ടാകുന്ന ഒരു ഹോർമോണാണ് GLP-1 ( Glucagon-like peptide -1). ശരീരത്തിലെ പഞ്ചസാരയുടെ അളവ്, വിശപ്പ് തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്ന ഹോർമോണാണ് GLP-1. ഒസെംപിക് GLP-1 ഹോർമോണിന്റെ പ്രവർത്തനത്തെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും കരൾ ഉൽപ്പാദിപ്പിക്കുന്ന ​ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും.

GLP-1 ഹോർമോണിന്റെ മറ്റൊരു ധർമം വിശപ്പ് നിയന്ത്രണമാണ്. ഒസെംപിക് ശരീരത്തിൽ എത്തുന്നതോടെ ദഹനനാളത്തിലൂടെയുളള ഭക്ഷണത്തിന്റെ നീക്കം മന്ദ​ഗതിയിലാകുന്നു. ഇതോടെ വയർ എപ്പോഴും നിറഞ്ഞിരിക്കുന്ന പ്രതീതിയുണ്ടാവുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. ഫലമോ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു.

പാർശ്വഫലങ്ങൾ

ഒസെംപിക് സുരക്ഷിതവും താരതമ്യേന പാർശ്വഫലങ്ങൾ കുറവുമാണെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോഴും മറുവാദങ്ങളും സജീവമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് പ്രധാനമായി കാണപ്പെടുന്ന പ്രശ്നങ്ങളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിശപ്പില്ലായ്മയുടെ ഫലമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതോടെ ശരീരത്തിൽ വിവിധ പോഷകങ്ങളുടെ അഭാവത്തിനും ഇത് ഇടയാക്കുന്നു. അപൂർവ്വമായി ചിലരിൽ പാൻക്രിയാറ്റൈറ്റിസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അത്ഭുതമരുന്നോ ഒസെംപിക്?

ടെസ്ല സിഇഒ ഇലോൺ മസ്ക് അടക്കം നിരവധി പ്രമുഖരാണ് ഒസെംപിക് ഉപയോ​ഗിച്ച് ശരീരഭാരം കുറച്ചുവെന്ന് അവകാശപ്പെട്ട് രം​ഗത്ത് എത്തിയിരുന്നത്. ഒസെംപിക് സാന്റ എന്ന അടിക്കുറിപ്പോടെയാണ് മസ്ക് ക്രിസ്മസ് ദിനത്തിൻ സാന്റാക്ലോസ് വേഷത്തിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചത്. അവതാരകയും എഴുത്തുകാരിയുമായ ഒപ്ര വിൻഫ്രിയും നേരത്തെ മരുന്ന് ഉപയോ​ഗിച്ച് ശരീരഭാരം കുറച്ചതിനെക്കുറിച്ച് മനസ് തുറന്നിരുന്നു. 

ഒസെംപിക് ഉപയോ​ഗം പ്രമുഖരായ പലരും പരസ്യമാക്കിയതോടെ സാധാരണക്കാർക്കിടയിലും മരുന്നിന് പ്രചാരമേറി വന്നു. പാർശ്വഫലങ്ങൾ ചർച്ചയാക്കാതെ അമിതവണ്ണത്തിനുള്ള പരിഹാരമായി പലരും ഒസെംപികിനെ അവതരിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടൈപ്പ്-2 പ്രമേഹത്തിന് ഫലപ്രദമായ മരുന്ന് അമിത വണ്ണത്തെ മെരുക്കാൻ വ്യാപകമായി ഉപയോ​ഗിച്ച് തുടങ്ങിയതോടെ ഒരുഘട്ടത്തിൽ ഒസെംപികിന് വിപണിയിൽ ക്ഷാമം നേരിട്ടിരുന്നു. 

കരുതാം ആരോ​ഗ്യത്തെ

ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധരുടെ മാർ​ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമെ ഒസെംപിക് പോലുള്ള മരുന്നുകൾ ഉപയോ​ഗിക്കാൻ പാടുള്ളു. കൃത്യമായ വ്യായാമവും ചിട്ടയായ ആഹാരരീതിയും അമിതവണ്ണത്തെ വരുതിയിലാക്കാൻ സഹായിക്കും. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ, നല്ല മാറ്റങ്ങൾ പോലും ആരോ​ഗ്യത്തിന് ​ഗുണകരമാകും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൃത്യമായ അളവിൽ അന്നജവും കൊഴുപ്പും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. സമീകൃതമായ ആഹാരം തന്നെയാണ് ശരീരത്തിന് ആവശ്യമുള്ള ഏറ്റവും നല്ല മരുന്ന്.

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട! കാലറിയിലെ ചില കണക്കുകള്‍ നോക്കാം