നിങ്ങളുടെ സുഹൃത്തിനെ 10 കിലോ കുറയ്ക്കാന്‍ സഹായിച്ച സൂത്രങ്ങള്‍ ചിലപ്പോള്‍ നിങ്ങളില്‍ ഒരുമാറ്റവും ഉണ്ടാക്കില്ല. അതുകൊണ്ട്  നമ്മുടെ ശരീരത്തിനും രീതികള്‍ക്കും ചേര്‍ന്നുപോകുന്ന മാറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ വരുത്തേണ്ടത്.

ആരോഗ്യപ്രശ്‌നങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോഴോ ഇഷ്ടമുള്ളതൊന്നും ധരിക്കാന്‍ കഴിയാതെ വരുമ്പോഴൊക്കെയാണ് മിക്കവരും അമിതവണ്ണത്തെ വരുതിയിലാക്കാന്‍ വഴികള്‍ തേടുന്നത്. ഇതോടെ വണ്ണം കുറയ്ക്കാന്‍ കുറുക്ക് വഴികള്‍ തേടുന്നവര്‍ കുറവല്ല.

നിങ്ങള്‍ക്ക് പിന്തുടരാന്‍ ചില ഡയറ്റ് റെസിപ്പികള്‍. ഇവിടെ ക്ലിക്ക് ചെയ്യാം 

പ്രായഭേദമന്യേ ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ ഭക്ഷണരീതികളുമെല്ലാം യുവാക്കളില്‍ പോലും ഇന്ന് അമിതവണ്ണമുണ്ടാക്കുന്നു. ദൈനംദിനജീവിതത്തെ പോലും ബാധിച്ചുതുടങ്ങുമ്പോഴാണ് പലരും അമിതവണ്ണത്തെ ഗൗരവമായി എടുക്കാറുള്ളു. പ്രമേഹവും കൊളസ്‌ട്രോളും എന്ന് തുടങ്ങി ഒരുകാലത്ത് വാര്‍ധക്യത്തില്‍ കണ്ടുവന്നിരുന്ന അസുഖങ്ങളില്‍ പലതും ഇന്ന് യുവതലമുറയേയും അലട്ടുന്നു. ചിട്ടയായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും കൊണ്ട് അമിതവണ്ണത്തേയും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും നമുക്ക് നിയന്ത്രിക്കാനാകും.

മനസ്സ് പാകമാവണം 

അമിതവണ്ണത്തെ വരുതിയിലാക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ഇതിനായി മാനസികമായി തയ്യാറാവുക എന്നതാണ്. നിലവിലെ നമ്മുടെ ഭക്ഷണ-ജീവിത രീതികളെക്കുറിച്ച് വ്യക്തമായ അറിവ് നമുക്കുണ്ടാകണം. ഇതിന് അനുസരിച്ചായിരിക്കണം ഭക്ഷണവും വ്യായാമവും ക്രമീകരിക്കേണ്ടത്. നിങ്ങളുടെ സുഹൃത്തിനെ 10 കിലോ കുറയ്ക്കാന്‍ സഹായിച്ച സൂത്രങ്ങള്‍ ചിലപ്പോള്‍ നിങ്ങളില്‍ ഒരുമാറ്റവും ഉണ്ടാക്കില്ല. അതുകൊണ്ട് നമ്മുടെ ശരീരത്തിനും രീതികള്‍ക്കും ചേര്‍ന്നുപോകുന്ന മാറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ വരുത്തേണ്ടത്.

കുറുക്കുവഴികള്‍ ആപത്ത് 

ആരോഗ്യപ്രശ്‌നങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോഴോ ഇഷ്ടമുള്ളതൊന്നും ധരിക്കാന്‍ കഴിയാതെ വരുമ്പോഴൊക്കെയാണ് മിക്കവരും അമിതവണ്ണത്തെ വരുതിയിലാക്കാന്‍ വഴികള്‍ തേടുന്നത്. ഇതോടെ വണ്ണം കുറയ്ക്കാന്‍ കുറുക്ക് വഴികള്‍ തേടുന്നവര്‍ കുറവല്ല. 10 ദിവസം കൊണ്ടും 15 ദിവസം കൊണ്ടും വണ്ണം കുറയ്ക്കാനുള്ള വഴികള്‍ പരീക്ഷിച്ച് മറ്റ് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നവര്‍ ചെറുതല്ല. ചിലരാകട്ടെ അമിതമായി ഭക്ഷണം നിയന്ത്രിച്ച് അമിത വണ്ണത്തോട് പൊരുതാന്‍ നോക്കും. അമിതമായ ഭക്ഷണ നിയന്ത്രണം ക്ഷീണവും തളര്‍ച്ചയ്ക്കും ഇടയാകും. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഴയ ഭക്ഷണരീതിയിലേക്ക് നമ്മള്‍ തിരിച്ച് പോകും. കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടില്ലെങ്കില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനേക്കാള്‍ അധികം മസിലുകളാണ് നഷ്ടമാവുക. ഇതോടെ ഭാരത്തില്‍ കുറവുവരുന്നതിനോടൊപ്പം ആരോഗ്യവും കുറയുന്നു.

ഭക്ഷണനിയന്ത്രണം എങ്ങനെ? 

നമ്മള്‍ ദിവസേന കഴിച്ചുവന്നിരുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഭക്ഷണനിയന്ത്രണത്തിന്റെ ആദ്യഘട്ടം. നമ്മള്‍ സാധാരണയായി കഴിക്കാറുള്ള ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കുകയാണ് ആദ്യപടി. ഈ കുറവ് വരുത്തുന്ന കാര്‍ബോഹൈഡ്രേറ്റിനും കൊഴുപ്പിനും പകരമായി പ്രോട്ടീനും ഫൈബറും ഉള്‍പ്പെടുത്തുക. ഉദാഹരണത്തിന് രാവിലെ 6 ഇഡ്‌ലി കഴിക്കുന്നൊരാള്‍ ഇഡ്‌ലിയുടെ എണ്ണം നാലാക്കുക. കുറവ് വരുത്തിയ രണ്ട് ഇഡ്‌ലിക്ക് പകരം ഒരു കാരറ്റും കുക്കുംബറും ചേര്‍ത്ത സാലഡും ഒരു മുട്ടയുടെ വെള്ളയും കഴിക്കുക. ഇതോടെ ആഹാരം സമീകൃതമാവുകയും ശരീരത്തിന് വിശപ്പ് അനുഭവപ്പെടുകയുമില്ല.

ഉച്ചഭക്ഷത്തിലും സമാനമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താം. ചോറിന്റെ അളവില്‍ കുറവ് വരുത്തുകയും അതിന് പകരമായി ചിക്കനോ, മീനോ പനീറോ പോലെ പ്രോട്ടീന്‍ അളവ് കൂടുതലുള്ള കറികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മൂന്ന് നേരവും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഒരുഗ്രാം പ്രോട്ടീനില്‍ നിന്നും ഒരുഗ്രാം കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും നാല് കാലറിയാണ് ലഭിക്കുന്നത്. എന്നാല്‍ പ്രോട്ടീന്റെ ദഹനപ്രക്രിയക്കായി ശരീരം ചെലവഴിക്കേണ്ടിവരുന്ന ഊര്‍ജ്ജം കാര്‍ബോഹൈഡ്രേറ്റിനേക്കാള്‍ ഒരുപാട് കൂടുതലാണ്.

വേണ്ടത് വ്യായാമവും സമീകൃതാഹാരവും

നമ്മുടെ ശരീരത്തിന് അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജത്തേക്കാള്‍ കുറവ് ലഭിക്കുമ്പോഴാണ് ക്രമേണ ശരീരഭാരം കുറയുന്നത്. എന്നാല്‍ ദീര്‍ഘനാള്‍ അമിതമായ ഊര്‍ജ്ജനിയന്ത്രണം അനുഭവപ്പെട്ടാല്‍ കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ ശരീരം സജ്ജമാകും. ഇതോടെ ശരീരഭാരത്തില്‍ യാതൊരു മാറ്റം വരികയുമില്ല. അതുകൊണ്ട് തന്നെ അമിതനിയന്ത്രണങ്ങളെക്കാള്‍ സമീകൃതമായ ആഹാരം കൃത്യമായ അളവില്‍ കഴിക്കുകയെന്നതാണ് പ്രധാനം. ഒപ്പം ചിട്ടയായ വ്യായാമവും.

നിങ്ങള്‍ക്ക് പിന്തുടരാന്‍ ചില ഡയറ്റ് റെസിപ്പികള്‍. ഇവിടെ ക്ലിക്ക് ചെയ്യാം