ആശുപത്രിയില്‍ ചികിത്സാപ്പിഴവ് മൂലം രോഗികള്‍ മരിച്ചുപോയിട്ടുള്ള സംഭവങ്ങളും അത്തരത്തിലുള്ള വാര്‍ത്തകളും ഒന്നും അത്ര അപൂര്‍വ്വമല്ല. എങ്കിലും ഇത് അല്‍പം കടന്ന കൈ ആയിപ്പോയി എന്നേ പറയാനാകൂ.

റൊമാനിയയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കേ ക്യാന്‍സര്‍ രോഗിയായ വൃദ്ധയ്ക്ക് തീപ്പിടിക്കുകയും, പൊള്ളലുകളെ തുടര്‍ന്ന് അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. ഇനിയിത് എങ്ങനെ സംഭവിച്ചു എന്നുകൂടി പറയാം.

ഇലക്ട്രിക്കല്‍ സ്‌കാല്‍പെല്‍, അതായത് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ചിരുന്ന അണുനാശിനിയോ, ആല്‍ക്കഹോള്‍ കലര്‍ന്നതും. അങ്ങനെയാണ് രോഗിക്ക് തീപ്പിടിച്ചത്. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ തന്നെ രോഗിയെ പെട്ടെന്ന് ആകെ തീ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വലിയ ബക്കറ്റില്‍ വെള്ളമെടുത്ത് ഒരു നഴ്സ് ാേഗിയുടെ ദേഹത്തേക്ക് ഒഴിച്ചെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

നാല്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ അറുപത്തിയാറുകാരി വൈകാതെ മരണത്തിന് കീഴടങ്ങി. ഇലക്ട്രിക്കല്‍ സ്‌കാല്‍പെല്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുമ്പോള്‍ ആല്‍ക്കഹോള്‍ കലര്‍ന്ന അണുനാശിനി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. അക്കാര്യം ശ്രദ്ധിച്ചില്ലെന്നത് ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും പിഴവ് തന്നെയാണ്.

ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചു എന്ന് മാത്രമാണത്രേ ഡോക്ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞത്. ഉണ്ടായ സംഭവങ്ങള്‍ കൃത്യമായി ഇവര്‍ പിന്നീട് മാത്രമാണ് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതിപ്പെട്ടതോടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആശുപത്രി. ഇവര്‍ക്കെതിരെ നിയമനടപടിയും വൈകാതെ ഉണ്ടായേക്കും.

ആരോഗ്യരംഗം ഒട്ടും മെച്ചപ്പെടാത്ത അവസ്ഥയാണ് റൊമാനിയയിലേത് എന്ന് വിവിധ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നിരിക്കുന്നത്. മുമ്പും ചികിത്സാപ്പിഴവ് മൂലമുള്ള മരണം ഉള്‍പ്പെടെ പല അനിഷ്ട സംഭവങ്ങളും ഈ ആശുപത്രിയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിദേശമാധ്യമങ്ങളുടെ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നു.