ലോകം മുഴുവൻ കൊറോണാവൈറസ് ഭീതിയിലാണ്. പല രാഷ്ട്രങ്ങളിലും ഇത് ബാധിച്ച രോഗികളുടെ വിവരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ പല പട്ടണങ്ങളിലും ഈ വൈറസിന്റെ അത്യന്തം അപകടകരമായ അളവിലുള്ള സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. പ്രതിദിനം നൂറുകണക്കിന് പുതിയ രോഗികളുടെ വിവരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, തായ്‌വാനിൽ നിന്ന് ഒരു പെൺകുട്ടി അവരുടെ ഏറെ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ്. 

കൊറോണാവൈറസ് എന്തെന്നുപോലും അറിയാത്ത ഈ യുവതി വുഹാനിലേക്ക് യാത്രപുറപ്പെടാനുള്ള പ്ലാനിലായിരുന്നു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി യാത്ര തുടങ്ങുന്നതിന്റെ തലേദിവസമാണ് അപ്രതീക്ഷിതമായി അവരുടെ പട്ടിക്കുട്ടി ഒരു പണിയൊപ്പിച്ചത്. ഒന്ന് പുറത്തുപോയി തിരിച്ചുവന്നപ്പോഴേക്കും, അവർ കണ്ടത് കടിച്ചുപറിച്ച് കഷണങ്ങളാക്കിയ പാസ്സ്പോർട്ടിനൊപ്പം, മുഖത്ത് നേരിയൊരു കുറ്റബോധത്തോടെ ഇരിക്കുന്ന തന്റെ ഗോൾഡൻ റിട്രീവർ പട്ടിക്കുട്ടിയെയാണ്. പട്ടി ആ പാസ്‌പോർട്ടിന്റെ കടിച്ചു കീറി ഉപയോഗ ശൂന്യമാക്കികളഞ്ഞു.  അത് അവരുടെ യാത്രയ്ക്ക് അവിചാരിതമായ തടസ്സമുണ്ടാക്കി. പ്ലാൻ ചെയ്തപോലെ അവർക്ക് യാത്രചെയ്യാൻ സാധിച്ചില്ല. 

അപ്പോൾ അവർക്ക് പട്ടിക്കുട്ടിയോട് വല്ലാത്ത ദേഷ്യം തോന്നി. അവർ അപ്പോൾ തന്നെ തന്റെ പാസ്പോർട്ട് പട്ടി കടിച്ചുകീറി, ഇനി എന്തുചെയ്യണം എന്നൊക്കെ പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വുഹാനിൽ നിന്ന് മാരകമായ കൊറോണാവൈറസിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവരികയും, ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നതായി അറിയുകയും ചെയ്തപ്പോഴാണ് യുവതിക്ക് തന്റെ നായ പ്രവർത്തിച്ച വികൃതിയുടെ നല്ല വശം മനസ്സിലായത്. മുൻ‌കൂർ പ്ലാൻ ചെയ്ത പ്രകാരം എങ്ങാനും അവർ ആ യാത്രയുമായി മുന്നോട്ടു പോയിരുന്നു എങ്കിൽ, വുഹാനിൽ വെച്ച് അവർക്ക് കൊറോണാവൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത ഏറെ അധികമായിരുന്നേനെ.