കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകമാകെയും. അപ്രതീക്ഷിതമായി കടന്നുവന്ന മഹാമാരിയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ജീവനാണ് ഇതിനോടകം തന്നെ നമുക്ക് നഷ്ടമായിട്ടുള്ളത്. വാക്‌സിന്‍ എന്ന പ്രതീക്ഷ കയ്യെത്തും ദൂരെയെത്തിയെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊവിഡിനെ അതിജീവിച്ചവര്‍ നല്‍കുന്ന ധൈര്യം ചെറുതല്ല. പ്രത്യേകിച്ച് പ്രായമായവരാണ് രോഗത്തെ വിജയിച്ചുവരുന്നതെങ്കില്‍ അവര്‍ ലോകത്തിന് മുമ്പാകെയും പ്രതീക്ഷയുടെ പര്യായങ്ങളായി മാറുകയാണ്. 

അത്തരത്തില്‍ ആശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ക്രൊയേഷ്യയില്‍ നിന്നുള്ള മാര്‍ഗരീത്ത ക്രാഞ്ചെക് എന്ന തൊണ്ണൂറ്റിയൊമ്പതുകാരി. കൊവിഡിനെ അതിജീവിച്ച സന്തോഷത്തില്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് 'തമ്പ്‌സ് അപ്' ആംഗ്യം കാണിക്കുന്ന മാര്‍ഗരീത്തയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 

പ്രായാധിക്യം മൂലം കിടപ്പിലാണ് മാര്‍ഗരീത്ത. കിടപ്പിലാണെങ്കിലും മറ്റ് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വയോജനങ്ങളെ താമസിപ്പിക്കുന്ന ഒരു ഷെല്‍ട്ടര്‍ ഹോമിലാണ് ഇവര്‍ താമസിക്കുന്നത്. ഒക്ടോബറിലാണ് പരിശോധനയിലൂടെ ഇവര്‍ കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിയുന്നത്. 

ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചതല്ല. എന്നാല്‍ കഷ്ടി ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം പഴയപടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മാര്‍ഗരീത്ത അമ്മൂമ്മ. പ്രായവും ആരോഗ്യാവസ്ഥയും കൊവിഡിന്റെ കാര്യത്തില്‍ വലിയ ഘടകങ്ങള്‍ തന്നെയാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴും മാര്‍ഗരീത്തയെ പോലെയുള്ളവര്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.

Also Read:- കൊവിഡ്: 'കേരളം രക്ഷിച്ചത് പതിനായിരത്തിലേറെ ജീവനുകള്‍' : മുരളി തുമ്മാരുക്കുടി...