Asianet News MalayalamAsianet News Malayalam

ഒറ്റപ്പെട്ട കൊവിഡ് രോഗികള്‍ക്ക് കരുതലിന്റെ സ്പര്‍ശം; ശ്രദ്ധേയമായി ചിത്രം

ശാസ്ത്രീയമോ അശാസ്ത്രീയമോ എന്നതല്ല, എത്രമാത്രം വിജയകരമാണ് എന്നതുമല്ല- മറിച്ച് ഈ ശ്രമത്തിന്റെ പേരില്‍ നഴ്‌സുമാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ച ഏറെ പേരും കുറിച്ചത്. 'ദ ഹാന്‍ഡ് ഓഫ് ഗോഡ്' (ദൈവത്തിന്റെ കൈ) എന്ന അടിക്കുറിപ്പുമായി ഗള്‍ഫ് ന്യൂസ് പ്രതിനിധി സാദിഖ് സമീര്‍ ഭട്ട് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം പിന്നീട് ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്
 

picture in which nurses arranges hot water filled gloves for covid patients as a relief
Author
Brazil, First Published Apr 8, 2021, 9:15 PM IST

കൊവിഡ് 19 ബാധിക്കപ്പെട്ട് ഐസൊലേഷനില്‍ കഴിയേണ്ടി വരുന്ന രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏകാന്തത. രോഗത്തിന്റെ തീക്ഷണതയെക്കാളും മുറിപ്പെടുത്തുക ഈ ഏകാന്തതയാണെന്ന് എത്രയോ കൊവിഡ് രോഗികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 

പ്രിയപ്പെട്ടവര്‍ക്ക് പോലും അരികില്‍ വരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ ഏറ്റവുമധികം നഷ്ടപ്പെടുന്നത് സ്‌നേഹത്തിന്റെയോ സാന്ത്വനത്തിന്റെയോ തണല്‍ ഉറപ്പുവരുത്തുന്ന സ്പര്‍ശങ്ങളും ചേര്‍ത്തുനിര്‍ത്തലുകളുമാണ്. 

ഈ വിഷമതകള്‍ ഏറെയും കാണുന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതിനാലാകാം ബ്രസീലില്‍ നിന്നുള്ള ഒരു സംഘം നഴ്‌സുമാര്‍ ഇത്തരത്തില്‍ ഏകാന്തതയില്‍ തകര്‍ന്നുപോകുന്ന കൊവിഡ് രോഗികളെ ആശ്വസിപ്പിക്കുന്നതിനായി പുതിയൊരു മാര്‍ഗം കണ്ടെത്തിയത്. 

ചിത്രങ്ങളിലൂടെയാണ് നഴ്‌സുമാരുടെ ഈ ആശയം പുറംലോകമറിഞ്ഞത്. ചികിത്സയിലിരിക്കുന്ന രോഗിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്ന രീതിയില്‍ ഇളം ചൂടുവെള്ളം നിറച്ച രണ്ട് ഗ്ലൗസുകള്‍ സജ്ജമാക്കിയിരിക്കുകയാണ് നഴ്‌സുമാര്‍. ഇത് മറ്റൊരു മനുഷ്യന്റെ സ്പര്‍ശത്തെ ഓര്‍മ്മിപ്പിക്കുമെന്നും താല്‍ക്കാലികമായെങ്കിലും അല്‍പം ആശ്വാസം ഇതുവഴി രോഗിക്ക് ലഭിക്കുമെന്നും ഇവര്‍ പറയുന്നു. 

ശാസ്ത്രീയമോ അശാസ്ത്രീയമോ എന്നതല്ല, എത്രമാത്രം വിജയകരമാണ് എന്നതുമല്ല- മറിച്ച് ഈ ശ്രമത്തിന്റെ പേരില്‍ നഴ്‌സുമാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ച ഏറെ പേരും കുറിച്ചത്. 

 

 

'ദ ഹാന്‍ഡ് ഓഫ് ഗോഡ്' (ദൈവത്തിന്റെ കൈ) എന്ന അടിക്കുറിപ്പുമായി ഗള്‍ഫ് ന്യൂസ് പ്രതിനിധി സാദിഖ് സമീര്‍ ഭട്ട് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം പിന്നീട് ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്. 

വലിയ തോതിലുള്ള തിരിച്ചടിയാണ് ബ്രസീലിന് കൊവിഡ് 19 മഹാമാരി നല്‍കുന്നത്. ഈ ആഴ്ച മാത്രം നാലായിരത്തിലധികം പേരാണ് ബ്രസീലില്‍ കൊവിഡ് ബാധ മൂലം മരിച്ചത്. ആകെ 3,37,000ത്തിലധികം പേര്‍ ഇതിനോടകം ബ്രസീലില്‍ കൊവിഡ് ബാധ മൂലം മരിച്ചിട്ടുണ്ട്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുന്നില്ല എന്നത് ബ്രസീലിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കിക്കൊണ്ടിരിക്കുകയാണ്.

Also Read:- കൊവിഡ്: മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് ഏഴംഗ മെഡിക്കൽ ബോർഡ്...

Follow Us:
Download App:
  • android
  • ios