ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട അനിമേഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് വീഡിയോകളാണ് മോദി ഇത്തവണ തന്റെ ട്വിറ്റർ പേജിലൂടെ ‌പങ്കുവച്ചിരിക്കുന്നത്.

മെഡിറ്റേഷൻ എങ്ങനെ യോഗയിലെ ഒരു അവിഭാജ്യഘടകമായി മാറുന്നു എന്ന് വിശദീകരിക്കുന്നതാണ് ആദ്യത്തെ വീഡിയോ. മെഡിറ്റേഷന്റെ ഗുണഗണങ്ങൾ, യോ​ഗ മുറകൾ എന്നിവയിലൂടെ എങ്ങനെ കൃത്യമായി ശ്വസമെടുക്കാൻ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.

നാഡീശേധന പ്രാണായാമത്തെ പറ്റിയുള്ളതാണ് അടുത്ത വീഡിയോ. ഈ യോഗമുറയിലൂടെ മനുഷ്യനുണ്ടാകുന്ന ഗുണഗണങ്ങളെ പറ്റി വീഡിയോയിൽ വിവരിക്കുന്നു. നാഡീശോധന അങ്ങേയറ്റം പ്രയോജനകരമായ ഒന്നാണ്. ഇതിന്റെ സാങ്കേതിക വശങ്ങളും നേട്ടങ്ങളും കണ്ടോളൂ എന്ന കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ത്രികോണാസനത്തിന്റെ അനിമേഷൻ വീഡിയോയാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാ​ഗമായി മോദി ആദ്യം പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് 'യോഗ ഗുരു' എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരുന്നത്. തടാസനം, ശലഭാസനം തുടങ്ങിയ യോ​ഗ മുറകളെ പറ്റിയുള്ള വീഡിയോയും മോദി പിന്നീട് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.