Asianet News MalayalamAsianet News Malayalam

അടച്ചുപൂട്ടൽ കാലത്ത് കുട്ടികളെ ചിരിപ്പിച്ച പൊലീസിന്റെ സൂപ്പർ ഹിറ്റ് 'ചിരി'

അടച്ചുപൂട്ടൽ കാലത്ത് കുട്ടികളിൽ ചിരി തിരികെ കൊണ്ടുവരാൻ പൊലീസ് തുടങ്ങിയ 'ചിരി' വൻ ഹിറ്റ്. ഒന്നരമാസത്തിനിടെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഫോണിലൂടെയുള്ള ഈ മാനസിക ആരോഗ്യ പദ്ധതി പ്രയോജനപ്പെടുത്തിയത്. 

Police super hit program chiri that made children laugh during lockdown
Author
Kerala, First Published Sep 3, 2020, 11:56 AM IST

തിരുവനന്തപുരം: അടച്ചുപൂട്ടൽ കാലത്ത് കുട്ടികളിൽ ചിരി തിരികെ കൊണ്ടുവരാൻ പൊലീസ് തുടങ്ങിയ 'ചിരി' വൻ ഹിറ്റ്. ഒന്നരമാസത്തിനിടെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഫോണിലൂടെയുള്ള ഈ മാനസിക ആരോഗ്യ പദ്ധതി പ്രയോജനപ്പെടുത്തിയത്. 

ചിരിപ്പിക്കാൻ വിളിച്ച പൊലീസിനോട് കുട്ടികൾ പങ്കുവച്ചത് നിരവധി പ്രശ്നങ്ങൾ. കൂട്ടുകാരെ കാണാൻ പറ്റാത്തത്, ഓൺലൈൻ പഠനത്തിന്‍റെ വിരസത, രക്ഷിതാക്കളുടെ വഴക്ക്, അടച്ചുപൂട്ടലിന്‍റെ ഒറ്റപ്പെടൽ. ഇങ്ങനെ ഒട്ടേറെ കുഞ്ഞുവിഷമങ്ങൾ. ഓമനയായി വളർത്തിയ മരത്തൈ ആരോ വെട്ടിയതോടെ ആകെ വിഷമത്തിലായ വിദ്യാർത്ഥിയും ആശ്വസത്തിനായി ചിരിയിലേക്ക് വിളിച്ചു. 

കുട്ടികൾ മാത്രമല്ല ചിരി തേടിയെത്തിയത്. കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം, ആത്മഹത്യ ഭീഷണി എന്നിവയ്ക്ക് പരിഹാരം തേടി രക്ഷിതാക്കളും വിളിച്ചു. എന്തിനേറെ പറയുന്നു പേരക്കുട്ടിയുടെ അമിത വികൃതിയിൽ പൊല്ലാപ്പിലായ മുത്തശ്ശിയും ചിരിച്ചിട്ടാണ് ഫോൺ വച്ചത്.

കൊവിഡ് കാലത്ത് 66 കുട്ടികളുടെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൗൺസിലിങ് തുടങ്ങിയത്. ആശ്വാസം തേടി വിളിക്കേണ്ടത് 9497900200 എന്ന നന്പരിലേക്കാണ്. വിളിക്കുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. 

മാനസികാരോഗ്യ വിദഗ്ദർ, പൊലീസുകാർ, പരിശീലനം ലഭിച്ച അധ്യാപകർ, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ ചിരി സമിതിയിലെ അംഗങ്ങൾ. ആവശ്യമുള്ളവർക്ക് ചികിത്സയും നിയമസഹായവും ചിരിയിലൂടെ കിട്ടും. ഫോൺ വിളിക്കുന്നവർ ഉറപ്പായും ചിരിക്കുമെന്നും പൊലീസിന്‍റെ ഉറപ്പ്.

Follow Us:
Download App:
  • android
  • ios