കൊവിഡ് 19നെതിരായ പ്രതിരോധത്തിലാണ് ലോകം മുഴുവനും. ഇതിനിടെ ആരോഗ്യ രംഗത്ത് പല തരത്തിലുള്ള പരീക്ഷണങ്ങളാണ് കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടക്കുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് മദ്രാസ് ഐഐടിയിലെ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ (ഡിഎസ്ടി) നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്ന 'സഞ്ചരിക്കുന്ന ആശുപത്രി'. 

ഐഐടിയുടെ തന്നെ സ്റ്റാര്‍ട്ടപ്പായ 'മോഡുലസ് ഹൗസിംഗു'മായി സഹകരിച്ചാണ് ഡിഎസ്ടി 'സഞ്ചരിക്കുന്ന ആശുപത്രി' എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. പ്രാദേശികമായി വിവിധയിടങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് കൊവിഡ് രോഗികളെ കണ്ടെത്താനും, അവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യവുമാണ് 'മെഡി കാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലുള്ളത്. 

ഡോക്ടര്‍മാര്‍ക്കുള്ള ഒരു മുറി, ഒരു ഐസൊലേഷന്‍ മുറി, ഒരു ചികിത്സാമുറി, രണ്ട് പേര്‍ക്ക് കിടക്കാനാവുന്ന ഒരു ഐസിയു യൂണിറ്റ് എന്നിവയടങ്ങിയതാണ് 'മെഡി കാബ്'. ഏത് ഭൂപ്രകൃതിയിലും ഏത് കാലാവസ്ഥയും പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ 'മെഡി കാബി'നാകുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ വിശദീകരിക്കുന്നത്. 

കൊടിയ വെയിലോ, കനത്ത മഴയോ ഒന്നും ഇതിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കില്ലത്രേ. നാല് പേരുടെ സഹായമുണ്ടെങ്കില്‍ എവിടേക്ക് വേണമെങ്കിലും സമയബന്ധിതമായി 'മെഡി കാബ്' കൊണ്ടുപോകാമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

Also Read:- 60 വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം...