Asianet News MalayalamAsianet News Malayalam

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

രോഗിയുടെ ശരീരത്തിലേയ്ക്ക് കുത്തി വെക്കുന്ന റേഡിയോ ആക്ടീവായ ട്രേസര്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങളിലെ പി.എസ്.എം.എ പ്രോട്ടീനുകളിലേയ്ക്ക് ഒട്ടിച്ചേരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം പ്രോട്ടീനുകള്‍ ധാരാളമായി കാണപ്പെടുന്ന ഉമിനീര്‍ ഗ്രന്ഥികളുടെ സ്ഥാനം കണ്ടെത്താനും ഈ പരീക്ഷണങ്ങള്‍ സഹായകമാണ്. 

Possible new organ in the human throat discovered by Dutch scientists
Author
Amsterdam, First Published Oct 22, 2020, 7:21 AM IST

ആംസ്റ്റര്‍ഡാം: മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകര്‍. പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം കണ്ടെത്തിയത്. നെതര്‍ലന്‍ഡ്‌സ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. മൂക്കിനു പിന്നിലായുള്ള ഭാഗത്ത് വളരെ ചെറിയ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.

എന്നാല്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയിക്കിടെ പുതിയ ഉമീനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 1.5 ഇഞ്ചോളം വലുപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. പി.എസ്.എം.എ പി.എ.ഇ സി.ടി പരിശോധനയിലാണ് പുതിയ ഗ്രന്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താനായാണ് ഈ പരിശോധന സാധാരണഗതിയില്‍ നടക്കുന്നത്.

രോഗിയുടെ ശരീരത്തിലേയ്ക്ക് കുത്തി വെക്കുന്ന റേഡിയോ ആക്ടീവായ ട്രേസര്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങളിലെ പി.എസ്.എം.എ പ്രോട്ടീനുകളിലേയ്ക്ക് ഒട്ടിച്ചേരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം പ്രോട്ടീനുകള്‍ ധാരാളമായി കാണപ്പെടുന്ന ഉമിനീര്‍ ഗ്രന്ഥികളുടെ സ്ഥാനം കണ്ടെത്താനും ഈ പരീക്ഷണങ്ങള്‍ സഹായകമാണ്. പുതുതായി കണ്ടെത്തിയ ഉമിനീര്‍ ഗന്ധികളുടെ സ്ഥാനം മൂക്കിനു പിന്‍വശത്തായാണ്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗം നനയ്ക്കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ഉപയോഗമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

റേഡിയോതെറാപ്പി ആന്റ് ഓങ്കോളജി ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ട്യൂബേറിയല്‍ ഉമിനീര്‍ ഗ്രന്ഥികള്‍ എന്നാണ് പുതുതായി കണ്ടെത്തിയ ഗ്രന്ഥികള്‍ക്ക് പേരിട്ടിരിക്കുന്നത്. ടോറസ് ടൂബേറിയസ് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര്. ചില ക്യാന്‍സര്‍ ചികിത്സകളുടെ പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഇതുവരെ വലിയ മൂന്ന് സെറ്റ് ഉമിനീര്‍ ഗ്രന്ഥികളാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. അതിനാല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി റേഡിയോ തെറാപ്പി ചെയ്യുമ്ബോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനായി ഈ മൂന്ന് സെറ്റ് ഉമിനീര്‍ ഗ്രന്ഥികള്‍ക്കും സംരക്ഷണം ഒരുക്കിയ ശേഷം റേഡിയേഷന്‍ നല്‍കുകയായിരുന്നു ഡോക്ടര്‍മാര്‍ ഇതുവരെ ചെയ്തിരുന്നത്.

ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയേഷനിലൂടെ കേടുപാടുകള്‍ സംഭവിച്ചാല്‍ രോഗികള്‍ക്ക് പിന്നീട് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും സംസാരിക്കാനും തടസ്സം നേരിട്ടേക്കാം. എന്നാല്‍ നാലാമതൊരു സെറ്റ് ഗ്രന്ഥികളുടെ സാന്നിധ്യത്തെപ്പറ്റി അറിയാതിരുന്നതിനാല്‍ ഇക്കാലമത്രയും ഇവിടെയും റേഡിയേറ്റ് ചെയ്തിരുന്നു. 

പുതുതായി കണ്ടെത്തിയ ഗ്രന്ഥികള്‍ക്ക് എങ്ങനെ സംരക്ഷണ കവചമൊരുക്കുമെന്നാണ് ഇനി കണ്ടെത്താനുള്ളതെന്നും ഇത്തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഇനിയും കുറയ്ക്കാനായാല്‍ ചികിത്സയ്ക്ക് ശേഷം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios