Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച കുട്ടികളില്‍ ഓര്‍മ്മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍!

ഇപ്പോള്‍ കുട്ടികളുടെ കേസുകളില്‍ വ്യാപകമായി കാണപ്പെടുന്ന ചില പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്

post covid symptoms in children includes brain fog and shortness of breath
Author
Delhi, First Published Jul 15, 2021, 1:04 PM IST

കൊവിഡ് ബാധിച്ച കുട്ടികളില്‍ രോഗം അതിജീവിച്ച ശേഷം 'പോസ്റ്റ് കൊവിഡ്' പ്രശ്‌നങ്ങളായി ഓര്‍മ്മക്കുറവും തലവേദനയുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ദില്ലിയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍. മുതിര്‍ന്നവരിലാണെങ്കില്‍ കൊവിഡിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തപ്പെട്ടിരുന്നു. 

ഇപ്പോള്‍ കുട്ടികളുടെ കേസുകളില്‍ വ്യാപകമായി കാണപ്പെടുന്ന ചില പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

ഓര്‍മ്മക്കുറവിനും തലവേദനക്കും പുറമെ ദഹനപ്രശ്‌നങ്ങള്‍, ശ്വാസതടസം, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ കാര്യമായി കാണുന്ന പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളത്രേ. എന്നാല്‍ പൊതുവേ കുട്ടികളില്‍ കൊവിഡ് അത്ര തീവ്രമാകാറില്ലെന്നും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഇനി വിശദമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു. 

 

post covid symptoms in children includes brain fog and shortness of breath

 

'കൊവിഡ് 19 ബാധിക്കപ്പെട്ട ശേഷം കുട്ടികളില്‍ കണ്ടെത്തിയ ഒരു പ്രശ്‌നമായിരുന്നു മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം. ഒന്നോ രണ്ടോ ശതമാനം കുട്ടികളില്‍ മാത്രമേ ഇത് കാണൂ. പക്ഷേ ശതമാനക്കണക്ക് മാറ്റിവച്ച്, എണ്ണത്തില്‍ നോക്കിയാല്‍ ധാരാളം കുട്ടികളെ ഇത് ബാധിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കുവാനാകും. കൃത്യമായ ചികിത്സയിലൂടെ ഇതും ഭേദപ്പെടുത്താനാകും. പിന്നീട് വയറിളക്കം, ശരീരവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവയും കുട്ടികളില്‍ കാര്യമായി കണ്ടുതുടങ്ങി...'- ഫോര്‍ട്ടിസ് ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം ഡയറക്ടറായ ഡോ. രാഹുല്‍ നാഗ്പാല്‍ പറയുന്നു. 

ചിലര്‍ കൊവിഡിന് ശേഷം വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടി വരുന്നുണ്ടെന്നും ഇത് മൈഗ്രേയ്‌നിന്റെ തുടക്കമാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ ഇത് വ്യക്തമാകൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

'പഠിക്കുന്ന കുട്ടികളെ ഈ ഓര്‍മ്മക്കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. ബ്രെയിന്‍ ഫോഗ് എന്നാണ് മെഡിക്കലി നമ്മളിതിനെ പറയുക. ഓര്‍മ്മയെ മാത്രമല്ല ഇത് ബാധിക്കുന്നത്. ആകെ ചിന്തകളെ ഇത് ബാധിക്കാം. അധിക കേസുകളിലും മാതാപിതാക്കള്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ലായിരുന്നു. പഠനകാര്യങ്ങളില്‍ കുട്ടികള്‍ ഉഴപ്പുന്നതായി മാത്രമേ അവര്‍ക്കിത് തോന്നുന്നുള്ളൂ...

 

post covid symptoms in children includes brain fog and shortness of breath


...കൊവിഡ് കുട്ടികളെ മാനസികമായും വല്ലാതെ ബാധിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മരണം, ആശുപത്രി, വീട്ടിനകത്ത് തന്നെ ദിവസങ്ങളോളം കുത്തിയിരിക്കേണ്ട അവസ്ഥ എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ തന്നെ അവരിലെ പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളില്‍ വലിയൊരു പരിധി വരെ ഇത്തരം മാനസിക ബുദ്ധിമുട്ടുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്...'- ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് സ്ഥാപകനായ ഡോ.സുഷിന്‍ ബജാജ് പറയുന്നു. 

സാധാരണഗതിയില്‍ മൂന്ന് മുതല്‍ നാല് മാസം വരെയാണ് കുട്ടികളില്‍ ഇത്തരത്തിലുള്ള പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അധികം ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കപ്പെട്ട കുട്ടികളില്‍ പോലും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ കാണാമെന്നും എന്നാലിത് പിന്നീട് പരിപൂര്‍ണ്ണമായും ഭേദമാകുമെന്നും ഇവര്‍ പറയുന്നു.

Also Read:- കൊവിഡിന് ശേഷം രോഗികളില്‍ കാണുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍...

Follow Us:
Download App:
  • android
  • ios