Asianet News MalayalamAsianet News Malayalam

പ്രസവാനന്തര ശുശ്രൂഷ: വയർ കുറയ്ക്കാൻ ഇത്രത്തോളം വേണോ?

പ്രസവശേഷം വയറു കുറയ്ക്കുക എന്നത് ഏതൊരു പെണ്ണിന്റെയും ഏറ്റവും വലിയ ആവശ്യം തന്നെ. അതിനുവേണ്ടി അവളെന്തും സഹിക്കും.

Post Pregnancy Care After Giving Birth
Author
Kannur, First Published Mar 6, 2020, 4:11 PM IST

ഒരു കുഞ്ഞിന്റെ ജനനം.... 

ഏവർക്കും സന്തോഷത്തിന്റെയും അതിലേറെ ആഘോഷത്തിന്റെയും നിമിഷങ്ങൾ.... 

ന്യൂക്ലിയർ ഫാമിലിയുടെ ഈ കാലഘട്ടത്തിൽ, കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങൾ കണ്ടുമുട്ടുന്ന വിരളമായ അവസരങ്ങളിൽ ഒന്നാവും ഇത്‌.  

വീട്ടിൽ ഒത്തുച്ചേർന്ന ഒട്ടുമിക്ക ആളുകളുടെയും  ശ്രദ്ധ കുഞ്ഞിന്റെ മേലേ തന്നെയായിരിക്കും എന്നതിൽ സംശയമില്ല.  കാണാൻ അച്ഛനെ പോലെയോ അതോ അമ്മയെ പോലെയോ എന്ന്‌ കണ്ടെത്താനുള്ള തിടുക്കത്തിലാവും അവർ. 

പ്രസവിച്ച സ്ത്രീയുടെ കാര്യം നോക്കാനാണേൽ ഇന്ന് ഹോം നഴ്സുകൾ സുലഭം. അവരിൽ ചിലരാണെങ്കിൽ, പ്രസവാന്തര ശ്രുശ്രൂഷയിൽ പ്രാവീണ്യം നേടിയവർ എന്ന്‌ വരെ അവകാശപെടുന്നവരും. അവരുടെ മേൽനോട്ടം വഹിക്കാനായി അമ്മയും അമ്മായിഅമ്മയും മറ്റു മുതിർന്ന സ്ത്രീകളും. സീൻ അതോടെ സെറ്റായി. 

എല്ലാം അറിയുന്നവൾ എന്ന ചിന്തയോടെ ഹോം നേഴ്സ് തന്റെ (വി )ക്രിയകൾ ആരംഭിക്കുകയായി. പ്രസവശേഷം വയറു കുറയ്ക്കുക എന്നത് ഏതൊരു പെണ്ണിന്റെയും ഏറ്റവും വലിയ ആവശ്യം തന്നെ. അതിനുവേണ്ടി  അവളെന്തും സഹിക്കും. തുണികൊണ്ട്  വയറു വരിഞ്ഞു മുറുക്കുക എന്ന വിദ്യയാണ് , ഈ പ്രബുദ്ധ കേരളത്തിൽ,  ഇന്നും സർവ്വസാധാരണയായി കണ്ടു വരുന്നത്. 

കരീന കപൂറിനെ പോലുള്ളവർ, പേർസണൽ ട്രെയ്നറെ വച്ച് മാസങ്ങൾ കൊണ്ട് നേടിയെടുത്ത കാര്യം  ഇവർ വെറും ആഴ്ചകൾ കൊണ്ട് നടപ്പിലാക്കാം എന്ന വാഗ്ദാനം തരുന്നു. പ്രസവശേഷം അയഞ്ഞു കിടക്കുന്ന വയറിനെ  ഇങ്ങനെ വരിഞ്ഞു മുറുക്കിയതിനാൽ, കുടലിന് ക്ഷതം സംഭവിച്ചതും, കുടലിന്റെ പ്രവർത്തനം തന്നെ  നിലച്ചുപോയതും ഒന്നും ആരും അറിയുന്നില്ല എന്ന്‌ മാത്രം. അല്ലേൽ അറിഞ്ഞതായി ഭാവിക്കുന്നില്ല. 

അടുത്ത വിദ്യയാണ് ഇതിലേറെ വിചിത്രം. തിളച്ച വെള്ളം എടുത്തു വയറിന്റെ മേലെ ഒഴിച്ചു കൊടുക്കുക. പൊള്ളലേറ്റ വയറുമായി, കുഞ്ഞിനെയും കൊണ്ട്  സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോകേണ്ടിവന്നവർ വരെയുണ്ട് നമ്മുടെ കൂട്ടത്തിൽ.

നമ്മൾ എന്തിന്  ഇത്തരം പ്രവർത്തികൾ സഹിച്ചുകൊണ്ടേയിരിക്കുന്നു ?
 
പ്രസവശേഷം നമ്മുടെ മക്കൾക്കും മരുമക്കൾക്കും ഇത്തരം യാതനകൾ സഹിക്കേണ്ടി വരാതെ നോക്കേണ്ടത് ഓരോ  സ്ത്രീയുടെയും ചുമതലയല്ലേ?

പ്രസവശേഷം ഒരു സ്ത്രീക്ക് വേണ്ടതെന്ത്? 

1. പോഷകാഹാരം : കാർബോഹൈഡ്രേറ്റും, പ്രോട്ടീൻസും കൊഴുപ്പും എല്ലാം മിതമായ അളവിൽ അടങ്ങിയ ഭക്ഷണം. നല്ല അളവിൽ വെള്ളം കുടിക്കേണ്ടത് പരമ പ്രധാനം.

2. വ്യായാമം : പ്രസവാനന്തരം ബെഡ് റെസ്റ്റ്‌ എടുക്കുന്നത് അപകടം വിളിച്ചു വരുത്തും. കാലുകളിൽ ക്ലോട്ടുകൾ രൂപപ്പെടാനും, അത് ശ്വാസകോശം വരെ എത്താനും,  ജീവന് വരെ ആപത്തുണ്ടാവാനും ഇത്‌ കാരണമായേക്കാം. 

3. മനസ്സിന് ശാന്തത, സന്തോഷം : പ്രസവാനന്തരം കണ്ടു വരുന്ന ഹോർമോൺ  വ്യതിയാനങ്ങളെ നേരിടാൻ ഇത് സഹായിക്കും. കുഞ്ഞിനുള്ള മുലപ്പാലിന്റെ അളവ് വരെ  ഒരമ്മയുടെ മാനസിക നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു  എന്നോർക്കുക... 

ഇതാണ് പ്രസവാനന്തര ആരോഗ്യത്തിന്റെ ശാസ്ത്രീയ വശം....

എന്നിട്ടും നാം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്നതെന്തിന് ? 
നമ്മുടെ തനതായ പാരമ്പര്യം,  ചോരാതെ ചേർത്ത് പിടിക്കേണ്ടത് ഇത്തരത്തിൽ ആണോ? 

ഇതിനുത്തരം പറയേണ്ടത് നമ്മൾ തന്നെയാണ്...

കടപ്പാട്:
ഡ‍ോ. ഷൈജസ്. പി
വന്ധ്യതാ സ്പെഷ്യലിസ്റ്റ് / ലാപ്പറോസ്കോപിക് സർജൻ 
ARMC IVF ഫെർട്ടിലിറ്റി സെന്റർ, 
കണ്ണൂർ

Follow Us:
Download App:
  • android
  • ios