മോശം കുടുംബ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്നവരില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള സാധ്യത കൂടുതല്‍ ആണ്. മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുക, സ്നേഹം നിഷേധിക്കുക, അച്ചടക്ക നടപടികള്‍ സ്വീകരിക്കാതെ ഇരിക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റണ്ട കടമയില്‍ നിന്നും മാതാപിതാക്കള്‍ വിട്ടുനില്‍ക്കുക, ദേഷ്യം തീര്‍ക്കാന്‍ കാരണം കൂടാതെ കുട്ടികളെ ഉപദ്രവിക്കുക എന്നിവ കൗമാരക്കാരില്‍ കുറ്റകൃത്യ വാസനയെ ഉണര്‍ത്തുന്ന കാരണങ്ങളാണ്.

16 കാരിയായ മകള്‍ ഈയിടയായി ഒരുപാടു സമയം ഫോണില്‍ ചിലവഴിക്കുന്നതായി അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. അമ്മയും രണ്ടു പെണ്‍മക്കളും മാത്രമാണ് വീട്ടിലുള്ളത്. അച്ഛന്‍ വിദേശത്താണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമേ നാട്ടില്‍ വരാനാവൂ. ചില കടബാദ്ധ്യതകള്‍ ഉള്ളതിനാല്‍ ഇനിയും കുറേക്കാലം അച്ഛൻ അവിടെ ജോലി തുടര്‍ന്നേ മതിയാവൂ.

 മക്കളെ പിരിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് വലിയ വിഷമം ആണ്. അതിനാല്‍ മക്കള്‍ എന്താഗ്രഹം പറഞ്ഞാലും ഉടന്‍തന്നെ അതു നിറവേറ്റി കൊടുക്കണം, അവരെ വിഷമിപ്പിക്കരുത് എന്ന് അദ്ദേഹം ഭാര്യയോട് പറയും. എന്നാല്‍ പഠിക്കാനുള്ള സമയം ഇങ്ങനെ അവള്‍ ഫോണില്‍ നഷ്ടപ്പെടുത്തുന്നത് കണ്ട അമ്മ ബലംപ്രയോഗിച്ച് അവളുടെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി വച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ഭര്‍ത്താവ് ദിവസവും ഫോണില്‍ വിളിച്ച് ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് അവരോട് വഴക്ക് ആരംഭിച്ചു. 

ഒരു ദിവസം രാവിലെ പെട്ടെന്ന് നോക്കുമ്പോള്‍ അതാ അദ്ദേഹം നാട്ടില്‍ എത്തിയിരിക്കുന്നു. വന്ന ഉടൻ നേരെ ഭാര്യയുടെസഹോദരനെ കാണാന്‍ പോയി. തന്‍റെ ഭാര്യയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി തനിക്ക് നിരന്തരം ആരോ കത്തുകള്‍ അയക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിനാല്‍ വിവാഹ മോചനത്തിനായി അദ്ദേഹം തീരുമാനിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടല്‍ ഉണ്ടായി. ആ കത്തുകള്‍ കാണാന്‍ ആവശ്യപ്പെട്ട ഭാര്യാ സഹോദരന് അതിലെ കെെയ്യക്ഷരം കണ്ട് ചില സംശയങ്ങള്‍ തോന്നി. 

തുടര്‍ന്ന് മകളെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍ ആയിരുന്നു. തന്‍റെ ഫോണ്‍ ബലമായി വാങ്ങുകയും അതുവഴി പ്രണയ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത അമ്മയെ എങ്ങനെയെങ്കിലും വീട്ടില്‍നിന്നും ഒഴിവാക്കാന്‍, അതുവഴി പൂര്‍ണ്ണ സ്വാതന്ത്യത്തോടെ ജീവിക്കാന്‍ അവള്‍ കണ്ടെത്തിയ ഒരു കുറുക്കുവഴി. ഇത്തരം ഞെട്ടല്‍ ഉണ്ടാക്കുന്ന പല പ്രവൃത്തികളും ഇന്ന് കൗമാരക്കാരില്‍ നാം കണ്ടു വരുന്നുണ്ട്. മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും കൗമാര മനസ്സുകള്‍ ഇന്ന് വളരെ മാറിപ്പോയിരിക്കുന്നു. 

വിരല്‍ത്തുമ്പില്‍ എന്തും ലഭിക്കുന്ന ഇന്റർനെറ്റ് യുഗത്തില്‍ തങ്ങളുടെ മക്കള്‍ ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരരുതെന്ന് ചിന്തയോടെ എല്ലാ ആവശ്യങ്ങളും തല്‍ക്ഷണം സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കളും തയ്യാറാണ്. തങ്ങളുടെ ജോലിത്തിരക്കില്‍ മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ പറ്റാതെ പോകുന്നതിന്‍റെ കുറ്റബോധത്തില്‍ നിന്നും രക്ഷപെടാം എന്നുകൂടി കരുതിയാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്.

കൗമാരകാലത്തിലെ പ്രത്യേകതകള്‍...

ശൈശവത്തിന്‍റെയും പ്രായപൂര്‍ത്തിയാകുന്നതിന്‍റെയും നടുവിലുള്ള കൗമാരകാലം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്‌. ശാരീരികമായും മാനസികമായും തങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കണ്ട് ചിന്താക്കുഴപ്പവും ആകുലതയും കൗമാരത്തില്‍ അനുഭവപ്പെടും. ‘ഞാന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’, ‘എന്‍റെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്?’,

‘എനിക്ക് എന്തെങ്കിലും കുഴപ്പം ആണോ?’, ‘ഞാന്‍ അസാധാരണമായാണോ പെരുമാറുന്നത്?’- എന്നൊക്കെയുള്ള വ്യാകുലതകള്‍ കൗമാരക്കാരുടെ മനസ്സിലുണ്ടാകുക സ്വാഭാവികമാണ്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം പുറമേ ദേഷ്യത്തിന്‍റെ രൂപത്തില്‍ പ്രതിഫലിപ്പിച്ചേക്കാം. സുഹൃത്തുക്കള്‍ പറയുന്നത് മാത്രമാണ് ശരി എന്ന തോന്നല്‍ ഈ കാലഘട്ടത്തില്‍ ഉണ്ടാകുകയും, തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ട് ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലേക്കുവരെ ചില കൗമാരക്കാര്‍ എത്തിച്ചേര്‍ന്നേക്കാം.

 മാതാപിതാക്കളുമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍...

അതുവരെ മാതാപിതാക്കളുമായി വളരെ അടുപ്പം ഉണ്ടായിരുന്ന കുട്ടികള്‍ കൗമാരത്തില്‍ എത്തുമ്പോള്‍ ആദ്യമായി അനുസരണക്കേട്‌ കാണിക്കുകയും, മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തി തങ്ങള്‍ക്കുണ്ടെന്ന് തോന്നല്‍ അവരില്‍ ഉണ്ടാകുന്നു. മാതാപിതാക്കള്‍ എത്രകണ്ട് ശ്രമിച്ചാലും മക്കള്‍ കൗമാരത്തില്‍ എത്തുമ്പോള്‍ അവരുമായി പ്രശ്നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്.

കൊച്ചുകുട്ടികളായി അവരെ കരുതുന്നതും അവര്‍ക്ക് സ്വാതന്ത്യം അനുവദിക്കാതെ ഇരിക്കുന്നതും എല്ലാം അവരില്‍ ദേഷ്യം ഉണ്ടാകാന്‍ കാരണമാകുന്നു. ദിവസം മൂന്നോ നാലോ തവണ ഫോണ്‍ വിളിക്കുന്ന മാതാപിതാക്കളോട് ‘ഞാന്‍ എന്താ കൊച്ചു കുട്ടിയാണോ’ എന്നവര്‍ ചോദിക്കും. തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എല്ലാവരോടും നിഷേധ മനോഭാവം ഈ ഘട്ടത്തില്‍ അവര്‍ കാണിക്കും. എന്നാല്‍ ഇങ്ങനെ സാധാരണയായി കണ്ടുവരുന്ന സ്വഭാവരീതികളില്‍ നിന്നും ഇന്നത്തെ കൗമാരം വളരെ മാറിയിരിക്കുന്നു. 

ആവശ്യങ്ങള്‍ തല്‍ക്ഷണം സാധിക്കാതെ വന്നാല്‍ ആത്മഹത്യാ ഭീഷണി മുഴക്കുക, എടുത്തുചാടി ആത്മഹത്യയ്ക്ക് തുനിയുക, കയ്യില്‍ കിട്ടിയ ആയുധമെടുത്ത് മാതാപിതാക്കളെ കൊല്ലുമെന്ന്ഭീ ഷണിപ്പെടുത്തുക, ആക്രമിക്കുക എന്നിവയൊക്കെ ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. മറ്റുള്ളവരെ കുറിച്ചുള്ള കരുതലും സ്നേഹവും ഒക്കെ ഇല്ലാതെയാകുന്ന ഈ കാലത്ത് കൗമാരക്കാരിലും ‘ഞാന്‍’, ‘എന്‍റെ കാര്യം’ എന്ന തരത്തില്‍ മാറുന്ന ലോകത്തിന്‍റെ പ്രതിഫലനങ്ങള്‍ കാണാനാകും.

കുറ്റകൃത്യ വാസന...

ചെറിയ കള്ളങ്ങള്‍ പറയുക, എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറയാതെ ഇരിക്കുക, രഹസ്യം സൂക്ഷിക്കുക എന്നിവയെല്ലാം കൗമാരപ്രായത്തില്‍ പൊതുവേ ചെയ്തുവരുന്ന കാര്യങ്ങള്‍ ആണ്. എന്നാല്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കായി പണം കണ്ടെത്താന്‍ വലിയ കള്ളങ്ങള്‍ പറയുക, വലിയ മോഷണം നടത്തുക, മറ്റുള്ളവരെ ചതിച്ചു പണം നേടുക എന്നീ ‌പ്രവൃത്തികളിലേക്ക് കൗമാരക്കാര്‍ തിരിഞ്ഞാലോ? ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെയും നേടിയെടുക്കുക, ശിക്ഷ കിട്ടാതെ നോക്കുക എന്നിവയാണ് ഇത്തരം കൗശലങ്ങൾ പ്രയോഗിക്കാന്‍ കൗമാരക്കാരെ പ്രേരിപ്പിക്കുന്നത്.

തെരുവില്‍ കഴിയുന്നവരുടെ ഇടയിലാണ് കുറ്റകൃത്യ വാസന കൂടുതല്‍ എന്നൊരു ധാരണ നമുക്ക് പൊതുവേ ഉണ്ട്. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2016 ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് കുറ്റകൃത്യം ചെയ്ത 3.5% കൗമാരക്കാര്‍ മാത്രമാണ് തെരുവില്‍ ജീവിക്കുന്നവര്‍. 86% പേരും രക്ഷകര്‍ത്താക്കള്‍ക്കൊപ്പം താമസിക്കുന്നവര്‍ ആണ്. മിക്ക കേസുകളിലും സാമ്പത്തിക പ്രശ്നം അല്ല കുടുംബത്തിലെ മറ്റെന്തോ കാരണം ആണ് കൗമാരക്കാരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നും പഠനങ്ങള്‍ കാണിക്കുന്നു.

കുടുംബ സാഹചര്യങ്ങള്‍...

മോശം കുടുംബ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്നവരില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള സാധ്യത കൂടുതല്‍ ആണ്. മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുക, സ്നേഹം നിഷേധിക്കുക, അച്ചടക്ക നടപടികള്‍ സ്വീകരിക്കാതെ ഇരിക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റണ്ട കടമയില്‍ നിന്നും മാതാപിതാക്കള്‍ വിട്ടുനില്‍ക്കുക, ദേഷ്യം തീര്‍ക്കാന്‍ കാരണം കൂടാതെ കുട്ടികളെ ഉപദ്രവിക്കുക എന്നിവ കൗമാരക്കാരില്‍ കുറ്റകൃത്യ വാസനയെ ഉണര്‍ത്തുന്ന കാരണങ്ങളാണ്.

മാതാപിതാക്കള്‍ തങ്ങളോട് കാണിച്ച അവഗണന അവരില്‍ വാശി ഉളവാക്കുന്നു. അങ്ങനെ തനിക്കു നേടാനാവാത്തതെല്ലാം മറ്റുള്ളവരെ ചൂഷണം ചെയ്തു സ്വന്തമാക്കാന്‍ അവര്‍ തുടങ്ങുന്നു. കുടുംബാഗംങ്ങള്‍ക്കിടയില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പരസ്പരമുള്ള കരുതലും സഹാനുഭൂതിയും ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ന്നു വരുന്ന കൗമാരക്കാരില്‍ ഉണ്ടാകില്ല. 

മാതാപിതാക്കള്‍ തമ്മില്‍ പ്രതിബദ്ധത ഇല്ലാതെ ഇരിക്കുക, അവര്‍ പരസ്പരം ചൂഷണം ചെയ്യുന്ന രീതി കണ്ടു വളരുക തുടങ്ങി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃക നല്‍കുന്ന കുടുംബ സാഹചര്യങ്ങളില്‍ എന്തു തെറ്റ് ചെയ്താലും കുറ്റബോധം തോന്നാത്ത മാനസികാവസ്ഥ കൗമാരക്കാരില്‍ രൂപം കൊള്ളുന്നു. ചുരുക്കത്തില്‍ കുറ്റകൃത്യവാസന മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ മക്കളിലും അതു ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

കൗമാരക്കാരില്‍ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും കൂടിവരുന്നു...

 ഇന്ത്യയില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള നാലില്‍ ഒരാള്‍ക്ക്‌ വിഷാദരോ​ഗം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. കൗമാരക്കാരില്‍ മരണം സംഭവിക്കാനുള്ള രണ്ടാമത്തെ വലിയ കാരണം ആത്മഹത്യയാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ 2015ലെ കണക്കുകൾ പറയുന്നത്. 

കൗമാരക്കാരില്‍ വിഷാദരോഗത്തിനുള്ള കാരണങ്ങള്‍...

1. പഠനവൈകല്യം
2. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം
3. ആത്മവിശ്വാസം കുറയാന്‍ കാരണങ്ങളായ അമിതവണ്ണം, കാഴ്ചയില്‍ അഭംഗി
തോന്നുക എന്തെങ്കിലും
4. ലൈംഗിക പീഡനത്തിനോ അവഗണനയ്ക്ക് ഇരയാകുക
5. സൈബര്‍ ഭീഷണിക്ക് ഇരയാകുക
6. പ്രണയ ബന്ധത്തിലെ തകര്‍ച്ച/ സ്നേഹം തിരിച്ചു കിട്ടാതെ വരിക
7. കുടുംബ പ്രശ്നങ്ങള്‍
8. സാമ്പത്തിക ബുദ്ധിമുട്ടുകള്‍
9. ആരോഗ്യപരമായ കാരണങ്ങള്‍ (ഉദാ: ഹൈപ്പോതൈറോയിഡിസം)

എന്തുകൊണ്ടാണ് വിഷാദരോഗം കൂടിവരുന്നത്?

ഇന്ന് ലോകമാകമാനം എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. ഒരു പ്രശ്നം വരുമ്പോള്‍ അത് പങ്കുവയ്ക്കാനോ ആശ്വാസം പകരാനോ നമുക്കാരും ഇല്ല. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

സോഷ്യല്‍ മീഡിയയുടെ ഉപയോഗംതന്നെ ചില കൗമാരക്കാരില്‍ വിഷാദത്തിന് കാരണമാകുന്നു. സഹപാഠികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ പലരില്‍ അപകര്‍ഷധാബോധം ഉണ്ടാകുന്നു. അവരേപ്പോലെ തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവരെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവുംതമ്മില്‍ വലിയ അന്തരം ഉണ്ട് എന്നതാണ് സത്യം. ഇത്പ ലപ്പോഴും പലരും ചിന്തിക്കുന്നില്ല. വളരെ നിസ്സാരം എന്ന് തോന്നാവുന്ന കാരണങ്ങള്‍ക്കാണ് പലപ്പോഴും കൗമാരക്കാര്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. ഇതില്‍ മൊബൈല്‍ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വൈകുന്നതും, ആഗ്രഹങ്ങള്‍ നൊടിയിടയില്‍ സാധിക്കാതെ പോകുന്നതും ഒക്കെ പെടും. ഇവയെല്ലാം എടുത്തുചാടി ആത്മഹത്യയ്ക്ക് തുനിയുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങള്‍ ആണ്. മിക്ക കൗമാരക്കാരും സെല്‍ഫോണ്‍/ ഇന്റര്‍നെറ്റ് അടിമത്വം ഉള്ളവരാണ്.

മദ്യം/ മയക്കുമരുന്ന് ഉപയോഗം...

ചെറുപ്പക്കാരുടെ ഇടയിലെ മദ്യം/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്. സുഹൃത്തുക്കള്‍ ചെലുത്തുന്ന സമ്മര്‍ദം, കൗമാരത്തിന്‍റെ അപക്വത, മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.കൗതുകത്തിന് ആദ്യം തുടങ്ങുന്ന ഇത്തരം പ്രവൃത്തികൾ സവാധാനം അവരുടെ ജീവനെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പഞ്ചാബില്‍ 75% യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസ്സരിച്ച് 2015ല്‍ 53ഉം, 2016ല്‍ 34ഉം18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടത്.

അശ്ലീലചിത്രങ്ങളോടുള്ള അടിമത്വം...

അശ്ലീലചിത്രങ്ങള്‍ക്ക് അടിമകളായവരില്‍ സ്ത്രീകളോടുള്ള മനോഭാവം മോശമായിരിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എത്ര നിരോധനം ഏര്‍പ്പെടുത്തിയാലും അശ്ലീല ചിത്രങ്ങളുടെ വ്യാപനം തടയുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്താലും വാട്സാപ്പ് വഴിയും മറ്റും കൗമാരക്കാര്‍ക്ക് ഇതു എളുപ്പത്തില്‍ ലഭ്യമാകും. ഇതുമൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരികയും പെണ്‍കുട്ടികളുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുകളും ചെയ്യും. 

ബ്രിട്ടനില്‍ ഏപ്രില്‍ മാസം മുതല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കു വരും. ഇത്തരം ഒരു സംവിധാനം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയാല്‍ എങ്ങനെയാകും എന്നൊരു ചര്‍ച്ച ചില ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. ചെറിയ പ്രായത്തില്‍തന്നെ ഇന്ന് കുട്ടികള്‍ക്ക് ലൈംഗികതയെപ്പറ്റി അറിവ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും തെറ്റായ അറിവുകളാണ് എന്നതാണ് സത്യം. അശ്ലീലചിത്രങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ ലഭ്യമാകുന്നത് കൗമാരത്തില്‍തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമായേക്കാം.

സൈബര്‍ ആക്രമണങ്ങള്‍...

80 ശതമാനത്തിലേറെ കൗമാരക്കാര്‍ മൊബൈല്‍ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഇന്ത്യയില്‍ ഉള്ള കുട്ടികളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കുന്ന മൂന്നിലൊന്നു കൗമാരക്കാരും സൈബര്‍ ആക്രമണങ്ങളുടെ ഇരകളാണ്. ഭീഷണിപ്പെടുത്തുന്ന മെസേജുകള്‍, അനുവാദം കൂടാതെ തങ്ങളുടെ വ്യക്തിപരമായ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക, വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ കിംവദന്തി പരത്തുക, ഫോട്ടോ പോസ്റ്റ്‌ ചെയ്യുക എന്നിവയാണ് അക്രമം നടത്തുന്നവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

ഈറ്റിംഗ് ഡിസോര്‍ഡര്‍...

കൗമാരകാലം സൗന്ദര്യത്തെക്കുറിച്ച് വലിയ ആശങ്ക നിറഞ്ഞ കാലമാണ്. അല്പം വണ്ണം കൂടുന്നതോ മുഖക്കുരു വരുന്നതോ ഒക്കെ കൗമാരക്കാരുടെ മനസ്സിനെ വിഷമിപ്പിക്കും. ശരീരഭാരം കൂടും എന്ന ഭയത്തില്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന‌ രീതി പല കൗമാരക്കാരിലും കാണാം. കണ്ണാടിയില്‍ നോക്കുമ്പോള്‍ എത്ര മെലിഞ്ഞ ആള്‍ക്കും പൊണ്ണതടിയുണ്ടെന്ന് തോന്നല്‍, അല്പം ഭക്ഷണം കഴിച്ചാലും ശരീരഭാരം കൂടുമോ എന്ന അമിത ഉത്കണ്ഠയില്‍ ഭക്ഷണം ശര്‍ദ്ദിച്ചു കളയുക എന്നിവ ചില കൗമാരക്കാരില്‍ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഭാരം കുറയ്ക്കാന്‍ അമിത വ്യായാമം യുവാവിന്‍റെ ജീവനെടുത്ത വാര്‍ത്ത അടുത്തകാലത്ത്‌ പുറത്തു വന്നിരുന്നു.

മാതാപിതാക്കള്‍ ചെയ്യേണ്ടത്...

1. നല്ല ഭക്ഷണരീതി കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കുക.
2. കുട്ടികളെ അവരുടെ രൂപത്തിന്‍റെ പേരില്‍ കളിയാക്കാതെ ഇരിക്കുക
3. ഉചിതമായ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുക
4. കുട്ടിക്ക് വിശക്കുമ്പോള്‍ കഴിക്കാനും മതിയായി എന്ന് പറയുമ്പോള്‍
നിര്‍ത്താനും അനുവദിക്കുക
5. സ്വന്തം ശരീരത്തെയും രൂപത്തെയും അംഗീകരിക്കാന്‍ പഠിപ്പിക്കുക
6. സ്വയം വിലയില്ലായ്മ തോന്നുന്നു എങ്കില്‍ അതിനെ അതിജീവിക്കാന്‍
സഹായിക്കുക

മാനസിക സമ്മര്‍ദം...

എല്ലാ പ്രായക്കാരിലും എന്നപോലെ കൗമാരക്കാരിലും മാനസിക സമ്മര്‍ദ്ദത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. പഠനവും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മാര്‍ക്ക്‌ പ്രതീക്ഷകളും അവര്‍ക്കുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചില്ലറയല്ല. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തങ്ങള്‍, സ്കൂളിലും വീട്ടിലും നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകള്‍ എല്ലാം മാനസിക സമ്മര്‍ദ്ദത്തിന് കാരണങ്ങള്‍ ആണ്. പല കൌമാരക്കാരും മാനസിക സമ്മര്‍ദം മൂലം ഉറക്കം ഇല്ലാതെ വരിക, അമിതമായി ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ വിശപ്പില്ലാതെ ഇരിക്കുക എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

ഫോബിയ...

യുക്തിരഹിതമായ ഭയമാണ് ഫോബിയ. മുന്‍പ് കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് കൗമാരക്കാരില്‍ പുതിയകാല ഫോബിയകള്‍ കണ്ടുവരുന്നു. ഹോളിവുഡ് സിനിമകള്‍ അമിതമായി കണ്ട് അന്യഗ്രഹജീവികളോടുള്ള ഭയമായ ഏലിയന്‍ ഫോബിയ, പ്രകൃതി ദുരന്തങ്ങള്‍ നാം അഭിമുഖീകരിക്കുന്ന ഈ കാലത്ത് കാലാവസ്ഥയില്‍ പൊടുന്നന്നെ മാറ്റങ്ങള്‍ സംഭവിക്കുമോ എന്നുള്ള ഭയം, എവിടെയും നിരീക്ഷണ ക്യാമറകളുള്ള ഇന്ന് ക്യാമറകളോ ആളുകളോ തങ്ങളേ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടോ എന്ന് ഭയക്കുന്ന സ്കോപോഫോബിയ, അണുക്കളെ ഭയക്കുന്ന മൈസോഫോബിയ, സെല്‍ഫോണ്‍ കയ്യില്‍ ഇല്ലെങ്കില്‍ എന്തോ സംഭവിക്കും എന്ന് ഭയം തോന്നുന്ന നോമോഫോബിയ – ഇതെല്ലാമാണ് ഇന്ന് കൗമാരക്കാര്‍ നേരിടുന്ന ഫോബിയകളുടെ ഉദ്ദാഹരണങ്ങള്‍.

ചികിത്സയുടെ പ്രാധാന്യം...

തെറ്റും ശരിയും വേര്‍തിരിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരു പ്രായമാണ് കൗമാരം. കുട്ടികള്‍ എന്തുചെയ്യുന്നു, എവിടെ പോകുന്നു, ആരോടൊപ്പം ചങ്ങാത്തം കൂടുന്നു എന്നിവയെപറ്റി മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം. സര്‍വഥാ അവരെ വീക്ഷിച്ച് തീരെ സ്വാതന്ത്യം അനുവദിക്കാതെ ഇരിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല, മറിച്ച് ആവശ്യത്തിനു സ്വാതന്ത്യം അനുവദിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയാണ് വേണ്ടത്. മാതാപിതാക്കള്‍ പറയുന്നത് അവര്‍ അംഗീകരിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ കൗണ്‍സലിങ്ങ് ഗുണം ചെയ്തേക്കും. 

പലപ്പോഴും പല പ്രശ്നങ്ങളും കുട്ടികളുടെ പ്രായത്തിന്‍റെ പ്രശ്നമായി കണ്ട് മുതിര്‍ന്നവര്‍ തള്ളിക്കളയാറുണ്ട്. എന്നാല്‍ അങ്ങനെ പ്രാധാന്യം കൊടുക്കാതെപോയ ചിലതാകും പലപ്പോഴും അവരുടെ ഭാവിയെ തകര്‍ത്തുകളയുന്ന വലിയ പ്രശ്നങ്ങളായി മാറുന്നത്. ഇത്രയും പുരോഗമിച്ചു എന്ന് നാം വിശ്വസിക്കുന്ന ഈ കാലത്തുപോലും മന:ശാസ്ത്ര ചികിത്സയോടുള്ള മനോഭാവത്തില്‍ നമുക്ക് വല്യ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതാണ് സത്യം. പ്രശ്നങ്ങള്‍ വരുമ്പോള്‍ മന:ശാസ്ത്ര സഹായം തേടുന്ന രീതി ഇന്നും നമുക്ക് അന്യമാണ്. ഇതില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. തക്കതായ ചികിത്സ ഉറപ്പുവരുത്തുന്നതിലൂടെ നമ്മുടെ കൗമാരക്കാരുടെ ജീവിതത്തെ നല്ല രീതിയില്‍ വഴിത്തിരിച്ചു വിടാനുള്ള മാര്‍ഗ്ഗങ്ങള്‍ മാതാപിതാക്കളും അദ്ധ്യാപകരും സ്വീകരിക്കണം.

എഴുതിയത്:

പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com