'പ്രോസസ്ഡ്' ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിലുള്ള ദോഷങ്ങളും ചെയ്യുന്നുണ്ട്. നാം അറിയാതെ തന്നെ ഇവ നമ്മുടെ ശരീരത്തെയും മനസിനെയും മോശമായി ബാധിക്കാം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം 'എഎന്‍ഐ'യില്‍ വന്നത് 

വിശന്നുകഴിഞ്ഞാല്‍ ഉടനെ പിസയോ ചിപ്‌സ് പോലുള്ള പാക്കറ്റ് ഭക്ഷണങ്ങളോ പേസ്ട്രികളോ എല്ലാം കഴിക്കാനായി തെരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും രുചിയുടെ കാര്യം വരുമ്പോഴാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളിലേക്ക് ആളുകള്‍ നീങ്ങുന്നത്. 

എന്നാല്‍ ഇത്തരം 'പ്രോസസ്ഡ്' ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിലുള്ള ദോഷങ്ങളും ചെയ്യുന്നുണ്ട്. നാം അറിയാതെ തന്നെ ഇവ നമ്മുടെ ശരീരത്തെയും മനസിനെയും മോശമായി ബാധിക്കാം. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം 'എഎന്‍ഐ'യില്‍ വന്നത്. 'ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബീഹേവിയറല്‍ മെഡിസിന്‍ റിസര്‍ച്ച്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 


'പ്രോസസ്ഡ്' ഭക്ഷണം തലച്ചോറിനെയും ക്രമേണ ദോഷകരമായി ബാധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പ്രധാനമായും ഓര്‍മ്മക്കുറവിലേക്കാണത്രേ ഈ ശീലം അധികപേരെയും നയിക്കുക. എലികളെ വച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകസംഘം ഈ നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. 

'വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടുന്ന ഒരു കണ്ടെത്തലിലേക്കാണ് ഞങ്ങള്‍, പഠനത്തിലൂടെ എത്തിയിരിക്കുന്നത്. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ പ്രോസസ്ഡ് ഭക്ഷണം തലച്ചോറിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ്മക്കുറവിന്റെ കാര്യത്തിലാണെങ്കില്‍ പ്രായമായവരില്‍ ഇത് പെട്ടെന്ന് സംഭവിക്കുന്നതായും ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചു. ഇക്കാരണങ്ങളാല്‍ തന്നെ പ്രോസസ്ഡ് ഭക്ഷണത്തെ ഡയറ്റില്‍ നിന്ന് പരമാവധി വെട്ടിക്കുറയ്ക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ റൂത്ത് ബാരിയെന്റോസ് പറയുന്നു. 

പ്രോസസ്ഡ് ഭക്ഷണം മറ്റ് പല രീതികളിലും നമ്മെ ദോഷകരമായി ബാധിക്കുമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ, അത്തരത്തിലുള്ള ചില ദോഷവശങ്ങള്‍ കൂടി അറിയാം...

1. ജങ്ക് ഫുഡ് അധികമായി എപ്പോഴും കഴിക്കുന്നത് ബിപി (രക്തസമ്മര്‍ദ്ദം) വ്യതിയാനത്തിന് കാരണമാകാം. 

2. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രമേഹത്തിലേക്ക് നയിക്കാം. 


3. ചീത്ത കൊഴുപ്പ് ( കൊളസ്‌ട്രോള്‍ ) ശരീരത്തില്‍ അടിയാന്‍ സാധ്യതയൊരുക്കുന്നു. 

4. ശരീരവണ്ണം കൂടാനും അനാരോഗ്യത്തിലേക്കും നയിക്കുന്നു. 

5. പ്രോസസ്ഡ് ഭക്ഷണം നമ്മുടെ മാനസികാവസ്ഥയെയും മോശമായി ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 

Also Read:- മൂന്നുവർഷമായി ഈ യുവാവ് കഴിക്കുന്നത് വേവിക്കാത്ത മാംസവും മുട്ടയും; വീഡിയോ വൈറല്‍