Asianet News MalayalamAsianet News Malayalam

കേന്ദ്രസർക്കാരിന്‍റെ 'വാക്‌സിന്‍ മൈത്രി' വിവാദത്തിലോ?; രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് മന്ത്രി

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ വൈകാതെ തന്നെ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്ന് ശിവസേന എംപിയായ പ്രിയങ്ക ചതുര്‍വേദി അറിയിച്ചിരുന്നു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും ഡോസുകള്‍ ഉയര്‍ത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു

protest against central governments vaccine maitri
Author
Delhi, First Published Apr 7, 2021, 10:32 PM IST

ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് 'വാക്‌സിന്‍ മൈത്രി'. ഇത് പ്രകാരം ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ പല രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റി അയച്ചിരുന്നു. എന്നാല്‍ നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'വാക്‌സിന്‍' മൈത്രി വിവാദത്തിലാവുകയാണ്. 

രാജ്യത്ത് ആവശ്യമായത്രയും വാക്‌സിന്‍ ലഭ്യമല്ലെന്നാണ് പലയിടങ്ങളില്‍ നിന്നുമുയരുന്ന വാദം. രാജ്യത്തിന്റെ ആവശ്യത്തിനുള്ളത് മാറ്റിവച്ച ശേഷം പോരെ മറ്റുള്ളവരെ സഹായിക്കല്‍ എന്നാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. എന്തായാലും ഇതിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ വൈകാതെ തന്നെ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്ന് ശിവസേന എംപിയായ പ്രിയങ്ക ചതുര്‍വേദി അറിയിച്ചിരുന്നു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും ഡോസുകള്‍ ഉയര്‍ത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. 

ഒപ്പം തന്നെ ദില്ലിയില്‍ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടി 'വാക്‌സിന്‍ മൈത്രി'ക്കെതിരായി ബിജെപി കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. ആദ്യം ഇന്ത്യയിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാം. അതിന് ശേഷം മാത്രം പുറത്തേക്ക് കയറ്റി അയക്കാമെന്നായിരുന്നു ആം ആദ്മിയുടെ വാദം. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ ഹര്‍ഷ്വര്‍ധന്‍ നല്‍കിയിരിക്കുന്നത്. 

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും 'വാക്‌സിന്‍ മൈത്രി' മൂലം ഇന്ത്യക്കാര്‍ കഷ്ടത അനുഭവിക്കേണ്ടിവരില്ലെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 

'നേരത്തേ പതിനൊന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞിരുന്നു വാക്‌സിന്‍ ക്ഷാമമില്ല എന്ന്. അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടെ ആവശ്യമനുസരിച്ച് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. തീരുന്നതിന് അനുസരിച്ച് സ്‌റ്റോക്ക് പുതുക്കുന്നുമുണ്ട്. വാക്‌സിന്‍ മൈത്രി കൊണ്ട് ഇന്ത്യക്കാര്‍ കഷ്ടത അനുഭവിക്കേണ്ടി വരില്ല. ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള അത്രയും ഡോസ് നമ്മുടെ പക്കലുണ്ട്...'- ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 

കൊവിഡ് കേസുകള്‍ നാള്‍ക്കുനാള്‍ കൂടിവരാനുള്ള കാരണമായി ജനങ്ങളുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടനയുടെ ചട്ടപ്രകാരമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും അതനുസരിച്ച് ആരോഗ്യപരമായി അവശതകളനുഭവിക്കുന്നവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്തെ വാക്‌സിന്‍ ഉത്പാദകരമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തികസഹായം ആവശ്യപ്പെട്ടതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. അത്തരം കാര്യങ്ങളില്‍ തീരുമാനം വരേണ്ടത് വിദഗ്ധര്‍ പഠിച്ച ശേഷം മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനിതകമാറ്റം വന്ന കൊറോണ വൈറസുകള്‍ അണുബാധ വ്യാപകമാക്കുന്നുവെന്ന പ്രചാരണത്തിന് കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം അനുബന്ധമായി ചൂണ്ടിക്കാട്ടി.

Also Read:- വാക്സിന്‍ കയറ്റുമതി വൈകുന്നു, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അസ്ട്ര സെനേക്ക നോട്ടീസ് അയച്ചു...

Follow Us:
Download App:
  • android
  • ios