Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ടവര്‍ പുറത്തുപോകുമ്പോള്‍ ഇടയ്ക്കിടെ അവരെ വിളിക്കുന്ന പതിവുണ്ടോ?

എന്താണ് ശെരിക്കും ഈ ഫോബിയ? അകാരണമായ ഭീതി... അതാണ് ഒറ്റവാക്കില്‍ ഉത്തരം. അതായത് കാരണമില്ലാതെ പേടി, നെഞ്ചിടിപ്പും, വെപ്രാളവും ആണ്. എന്തോ സംഭവിക്കും എന്ന പോലെ. ആദ്യമേ പറഞ്ഞ പോലെ, ആ സന്ദര്‍ഭങ്ങളെ അഭിമൂഖീകരിക്കുക എന്നത് തന്നെ ആണ് ആദ്യത്തെ മരുന്ന് എന്നു പറയട്ടെ... മനസ്സിനെ പാകപ്പെടുത്തുക, മനസ്സ് എന്ന് പറയുന്നത് തലച്ചോറില്‍ ഉണ്ടാകുന്ന ഒരു പ്രവര്‍ത്തനം ആണല്ലോ!

psychologists note on different kinds of anxiety and phobia
Author
Trivandrum, First Published May 10, 2019, 8:51 PM IST

ഓരോ മനുഷ്യരും അവര്‍ വളര്‍ന്നതും ജീവിച്ചുവന്നതുമായ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പിന്നീട് പാകപ്പെടുന്നത്. ഇതില്‍ത്തന്നെ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചിലരിലാണെങ്കില്‍ ജീവിതാനുഭവങ്ങള്‍ മൂലം സ്ഥിരമായ മാനസിക ബുദ്ധിമുട്ടുകളും കാണാറുണ്ട്. 

'ഉത്കണ്ഠ' അത്തരത്തിലൊരു രോഗമാണ്. അതുപോലെ തന്നെ വിവിധയിനം 'ഫോബിയ'കളും. പല തരത്തിലാണ് ഇതെല്ലാം ഓരോരുത്തരിലും കാണപ്പെടുന്നത്. അതും അവരുടെ ജീവിതപശ്ചാത്തലങ്ങളെ അനുസരിച്ചിരിക്കും. ചിലര്‍ക്ക് അടച്ചിട്ട മുറിയിലിരിക്കാനാവില്ല, അത്തരം സന്ദര്‍ഭങ്ങളില്‍ ആകെ അസ്വസ്ഥരാകും. അല്ലെങ്കില്‍ ലിഫ്റ്റില്‍ ഒറ്റയ്ക്ക് കയറാനാവില്ല. പേടിയാണെന്ന് പറയും. 

മറ്റ് ചിലര്‍ക്ക് സമൂഹത്തെയൊന്നാതെ തന്നെ അഭിമുഖീകരിക്കാന്‍ പ്രശ്‌നമാകും. അറിയാവുന്ന കാര്യങ്ങള്‍ പോലും മറ്റൊരാളോടോ ഒരു കൂട്ടത്തിനോടോ പറയാനാകാതെ വരും. വളരെയധികം കഴിവുകളുള്ള ഒരാള്‍ക്ക് അത് പൊതുവേദിയില്‍ പ്രകടിപ്പിക്കാനാകാതെ പോകും. ഇതെല്ലാം നേരത്തേ സൂചിപ്പിച്ച 'ഫോബിയ',  'ഉത്കണ്ഠ'- എന്നിവയെല്ലാം മൂലമുണ്ടാകുന്നതാണ്. പലപ്പോഴും ഇത്തരം വിഷയങ്ങളെയൊന്നും വേണ്ടവിധത്തില്‍ നമ്മള്‍ അഭിസംബോധന ചെയ്യുന്നില്ല. സമയത്തിന് ചികിത്സ വേണ്ടും വിധത്തിലുള്ള പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ച് അതിനെ സങ്കീര്‍ണ്ണമായ അവസ്ഥയിലെത്താന്‍ വിടുന്നു. 

ഇത്തരം വിഷയങ്ങളെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ കുറിപ്പ് പലര്‍ക്കും പുതിയ കാഴ്ചയാണ് നല്‍കുന്നത്...

കുറിപ്പ് വായിക്കാം...

ഒരല്‍പ്പം കൂടുതല്‍ നീളമുണ്ട്, ഈ പോസ്റ്റിന്. എന്നാലും, എഴുതട്ടെ.... 

''എന്റെ മകന്‍ പതിനാലു വയസ്സുണ്ട്.. വീട്ടില്‍ ഇരുന്നു പഠിക്കും.. ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം നല്‍കും ..പക്ഷെ സ്‌കൂളിലെ ടീച്ചര്‍ ചോദിക്കുമ്പോള്‍ അവനൊന്നും പറയില്ല.. സ്‌കൂളില്‍ പോകാനും മടി ആണ് ..പേടി ആണ് ..''-ഇന്നൊരു അമ്മ വിളിച്ചുചോദിച്ചു.

അമിതമായ ഉത്കണ്ഠ തന്നെയാണ് പ്രശ്‌നം. തീര്‍ച്ചയായും ഒരു സൈക്കോളജിസ്‌റ്‌നെ കാണിക്കണം. TESTOPHOBIA അഥവാ പരീക്ഷ പേടി ..പേടികാരണം പഠിക്കാന്‍ പോലും കഴിയാത്ത എത്രയോ കുട്ടികള്‍. പരീക്ഷയ്ക്ക് കേറുമ്പോള്‍ പഠിച്ചതൊക്കെ മറന്നു മനസ്സ് BLANK ആയി പോകുന്നു. സ്ഥിരമായി കേള്‍ക്കുന്ന പരാതി ആണ്. മാതാപിതാക്കള്‍ക്കാണ് ആദ്യത്തെ കൗണ്‍സലിങ് കൊടുക്കാറ്. കാരണം, താരതമ്യപ്പെടുത്തല്‍ ഒഴിവാക്കാന്‍ അവര്‍ തയ്യാറായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകു. ഉറക്കം ആറുമണിക്കൂറെങ്കിലും ഉറപ്പു വരുത്തണം എന്നതും പ്രധാനം. Entrance അടുക്കുമ്പോള്‍ എത്ര കുട്ടികളാണ് വിളിക്കാറ്.

psychologists note on different kinds of anxiety and phobia

ഇനി, AGORAPHOBIA .അഥവാ വിവൃതസ്ഥാനഭീതി. അടച്ചിട്ട മുറി, ലിഫ്റ്റ്, തുടങ്ങിയ സ്ഥലങ്ങളില്‍ അകപെടുമ്പോള്‍ വല്ലാത്ത ഭയം ആണ്. തല ചുറ്റും പോലെ, ഹൃദയമിടിപ്പ് കൂടും, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ. SYSTEMATIC DESENSITIZATION TECHNIQUE ആണ് പലപ്പോഴും പറഞ്ഞു കൊടുക്കാറ്.  നേരിട്ട് ഒരു സൈക്കോളജിസ്‌റ് അല്ലേല്‍ സൈക്കിയാട്രിസ്‌റ്‌ന്റെ സഹായത്തോടെ ഇത് പരിശീലിച്ചാല്‍ ആണ് പ്രയോജനം.

എന്താണ് എന്നൊന്ന് പറഞ്ഞു തരാം, ചുരുക്കത്തില്‍...

ആദ്യമായി, മനസ്സും ശരീരവും ശാന്തമാക്കാന്‍, ശ്വാസം ക്രമീകരിക്കുക [BREATHING EXERCISE ]പരീക്ഷയ്ക്ക് കേറുന്നു, തികച്ചും ശാന്തമായ അന്തരീക്ഷം. ക്ലാസ്മുറിയില്‍ എല്ലാവരുടെയും മുഖത്ത് സമാധാനം ആണ്. അദ്ധ്യാപിക അല്ലേല്‍ അധ്യാപകന്‍ ക്ലാസ്സില്‍ വരുന്നു. പരീക്ഷയ്ക്ക് ഉള്ള ചോദ്യപേപ്പര്‍ നല്‍കി. ഇവിടെയും, ദീര്‍ഘമായ ഒരു നിശ്വാസം ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുക ആണ്. ചോദ്യപേപ്പര്‍ നോക്കി, എല്ലാം അറിയുന്ന ചോദ്യങ്ങള്‍ ആണ്. എഴുതി തുടങ്ങുന്നു... പഠിച്ചതെല്ലാം ഓര്‍മ്മ വരുന്നു... എഴുതുന്നു...

തികച്ചും ശാന്തമായ അവസരത്തില്‍ ഘട്ടംഘട്ടമായി, താന്‍ ഭയക്കുന്ന ഒരു കാര്യം ചെയ്യുന്നു എന്ന് സങ്കല്‍പ്പിക്കുക. ലിഫ്റ്റില്‍ കേറാന്‍ പേടി ഉള്ള ഒരാള്‍, ആദ്യം ശരീരവും മനസ്സും റിലീസ് ചെയ്യാന്‍ പഠിപ്പിക്കും. പിന്നെ സാവധാനം, ശ്വാസോച്ഛാസം കൊണ്ട് മനസ്സിനും ശരീരത്തിനും അയവു വരുത്തണം. പിന്നെ, താന്‍ അടുത്ത് പരിചയം ഉള്ള രണ്ടു മൂന്ന് പേരോടൊപ്പം ലിഫ്റ്റില്‍ കേറുന്നു. അതിനകത്തുകേറി, പോകേണ്ട ഫ്‌ലോറിലെ ബട്ടണ്‍ ഞെക്കുന്നു. ലിഫ്റ്റ് സാവധാനം ഉയരുന്നു... എത്തേണ്ട സ്ഥലം എത്തുന്നു. ലിഫ്റ്റ് തുറക്കുന്നു, ഇറങ്ങുന്നു.

പിന്നെ അപരിചിതര്‍ ആയ രണ്ടു പേരോടൊപ്പം കേറുന്നു. അതും ഒന്ന് രണ്ടുവട്ടം സങ്കല്‍പ്പിച്ച ശേഷം. താന്‍ ഒറ്റയ്ക്ക് കേറുന്നു എന്ന് സങ്കല്‍പ്പിക്കുക. ലിഫ്റ്റ് അടയുന്നു, മനസ്സും ശരീരവും ശാന്തമാണ്. ലിഫ്റ്റ് ബട്ടണ്‍ പോകേണ്ട ഇടത്തേയ്ക്കു അമര്‍ത്തുന്നു. ലിഫ്റ്റ് പൊങ്ങുന്നു, ഇതേ അവസ്ഥ രണ്ടുമൂന്ന് വട്ടം സങ്കല്‍പ്പിക്കുക. തുടക്കത്തില്‍ പറഞ്ഞത് പോലെ, ഇതൊരു വിദഗ്ധന്റെ സഹായത്തോടെ പരിശീലിക്കുക ആണ് വേണ്ടത്. യോഗ ഒക്കെ പരിശീലിക്കും പോലെ.

ഇത്തരം ഭീതി ഉള്ളവരില്‍ PANIC DISORDER എന്ന ഉത്കണ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. ആദ്യം വേണ്ടത് ഭീതിയെ മറികടക്കണം എന്നൊരു ഇഛാശക്തി ആണ്. STAGE FEAR എന്നു സ്ഥിരം കേള്‍ക്കാറുള്ള ഒന്നാണ്. അതേ പോലെ അപരിചിതരോട് സംസാരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെടുന്ന ചിലര്‍. ആളുകള്‍ തന്നെ കുറിച്ച് എന്ത് കരുതും എന്ന അമിതമായ ഉത്കണ്ഠ തന്നെ പലപ്പോഴും വിക്കിന് കാരണം. BREATHING EXERCISE ഇതിനൊരു പ്രതിവിധി ആണ്. 

എന്താണ് ശെരിക്കും ഈ ഫോബിയ? അകാരണമായ ഭീതി... അതാണ് ഒറ്റവാക്കില്‍ ഉത്തരം. അതായത് കാരണമില്ലാതെ പേടി, നെഞ്ചിടിപ്പും, വെപ്രാളവും ആണ്. എന്തോ സംഭവിക്കും എന്ന പോലെ. ആദ്യമേ പറഞ്ഞ പോലെ, ആ സന്ദര്‍ഭങ്ങളെ അഭിമൂഖീകരിക്കുക എന്നത് തന്നെ ആണ് ആദ്യത്തെ മരുന്ന് എന്നു പറയട്ടെ... മനസ്സിനെ പാകപ്പെടുത്തുക, മനസ്സ് എന്ന് പറയുന്നത് തലച്ചോറില്‍ ഉണ്ടാകുന്ന ഒരു പ്രവര്‍ത്തനം ആണല്ലോ!

psychologists note on different kinds of anxiety and phobia

SOCIAL PHOBIA  എന്നു കേട്ടിട്ടില്ലേ? സ്ത്രീകളെക്കാള്‍ അത് പുരുഷന്മാരില്‍ ആണ് കൂടുതലായി കാണപ്പെടുന്നത് എന്ന് പഠനങ്ങള്‍. അമിതമായി അടിച്ചമര്‍ത്തിയ ബാല്യങ്ങളില്‍ നിന്നും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. സാമൂഹിക ഉത്കണ്ഠ ഉള്ള ആളുകള്‍ എപ്പോഴും സംഘര്ഷത്തില് ആണ്. മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്ത് കരുതും എന്ന ടെന്‍ഷന്‍. ആകുലതകള്‍ പെരുകി ആത്മവിശ്വസത്തെ തകര്‍ക്കാനും, ജീവിതം തന്നെ നശിക്കാനും കാരണമാകുന്നു. ചെറുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്ന്... അതിനെ കൃത്യസമയത്ത് ചികില്‌സിക്കാതെ, ഒടുവില്‍ ആ സംഘര്‍ഷങ്ങളെ ഒഴിവാക്കാന് ലഹരിയില്‍ അടിമപെടുന്ന എത്രയോ പേര് നമ്മുക്ക് ചുറ്റിലും ഉണ്ട്.


പലപ്പോഴും കോളേജിലെ കുട്ടികള്‍ സെമിനാര് പോലെ ഉള്ള സന്ദര്‍ഭങ്ങളെ ഭയക്കുന്നു എന്ന് പറഞ്ഞു വരാറുണ്ട്. മറ്റുള്ളവര്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, വിശകലനം ചെയ്യുന്നു... അത് തന്റെ തെറ്റ് കണ്ടു പിടിക്കാനല്ലേ?

ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല, എന്നാല്‍ ടെന്‍ഷന്‍ കൂടുമ്പോള്‍ വയറു വല്ലാതെ പ്രശ്‌നത്തില്‍ ആകുന്നു. ഇന്നലെ വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു. മനസ്സിന്റെ സംഘര്‍ഷവുമായി ബന്ധപെട്ടു വയറില്‍ ഉള്ള നിയന്ത്രണം പോകുന്ന അവസ്ഥ. ശരീരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യത്തെക്കാള്‍ അതിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും ശ്രദ്ധിച്ച് അതില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന അവസ്ഥ. സൈക്കോളജിസ്‌റ് അല്ലേല്‍ സൈക്കിയാട്രിസ്‌റ് സഹായിക്കുന്നത്, ആദ്യമായി മനസിന്റെ ചിന്തകളെ വിശകലനം ചെയ്യാനാണ്. അനിയന്ത്രിതമായി വരുന്ന ചിന്തകളെ എങ്ങനെ നിയന്ത്രിക്കാം എന്നത് വികലമായ ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ തിരുത്തുക. അതാണ് കോഗ്‌നിറ്റീവ് തെറാപ്പി...

ഇനി അതേപോലെ അടുത്തവര്‍ ആരെങ്കിലും പുറത്ത് പോയാല്‍, അവരെന്തെങ്കിലും അപകടത്തില്‍ പെടുമോ എന്ന ചിന്ത കാരണം വിളിച്ചുകൊണ്ടേ ഇരിക്കുക. പത്ത് മിനിറ്റ് വൈകിയാല്‍ അമിതമായ ഉത്കണ്ഠ ഉണ്ടാകുക. യുക്തികളെ പുറന്തള്ളി ജീവിക്കുന്ന ഘട്ടങ്ങള്‍... ഇവിടെയും ഔഷധങ്ങളുടെ കൂടെ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പ്രയോജനപ്രദമാണ്. 

ഉത്കണ്ഠ രോഗങ്ങള്‍ക്ക് മനശാസ്ത്രപരമായ ചികിത്സ ഉണ്ട്. ശരീരത്തിനുള്ള പരിശീലനം ഉണ്ട്, മരുന്നുണ്ട്. പറഞ്ഞുവരുന്നത്,  MUSCLE RELAXATION TECHNIQUE, BREATHING EXERCISE, BEHAVIORAL THERAPY, COGNITIVE BEHAVIOR THERAPY,  EXPOSURE THERAPY അങ്ങനെ പലതും കൂടെ കൗണ്‍സലിങ്. പ്രതിവിധി ധാരാളം ഉണ്ട് എന്നാണ്. ഉത്കണ്ഠ എന്ന രോഗാവസ്ഥ ജനിതകം ആയിട്ടും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ജീവിത സാഹചര്യങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥ ആണിത്.  അതായത് ക്രമം തെറ്റി, കുറഞ്ഞുപോയ, മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുടെ അളവിനെ ഉയര്ത്തുക എന്നതാണ് മരുന്നുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മനശാസ്ത്രവും ഔഷദപരവുമായ ചികിത്സ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ, തെറ്റായ സമീപനം വെച്ച് പെരുക്കി ജീവിതം നഷ്ടം ആകാതെ ഇരിക്കുക. 

ഇതൊരു മഹാരോഗം അല്ല. ചിലപ്പോള്‍ മരുന്നുകള്‍ ഇല്ലാതെ പറ്റുന്ന അവസ്ഥ ഉണ്ട്. മരുന്നുകള്‍ കൂടിയേ തീരു എന്ന അവസ്ഥയും ഉണ്ട്. എന്ത് തന്നെ ആണെങ്കിലും തക്കതായ ചികിത്സ കൊടുത്താല്‍ പരിഹാരം കിട്ടുന്ന കാര്യമേ ഉള്ളു. ഒരു ജീവിതം ആണ്, അതിനെ സ്‌നേഹിക്കുന്നു എങ്കില്‍, പിന്നെന്തിനു വൈകിക്കണം..??

Follow Us:
Download App:
  • android
  • ios