ആധികാരികമായോ അല്ലാതെയോ ഹിപ്‌നോട്ടിസത്തെ കുറിച്ച് നമ്മളൊരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. വിദഗ്ധരായ ഹിപ്‌നോട്ടിസ്റ്റുകള്‍, പല വേദികളിലും പരസ്യമായിത്തന്നെ ആളുകളെ ഹിപ്‌നോട്ടൈസ് ചെയ്ത് കാണിക്കാറുണ്ട്. എന്നാല്‍ ഒരു സംഘം ആളുകളെ ഒന്നിച്ച് മയക്കിക്കിടത്തുന്ന വിദ്യയെപ്പറ്റി നമുക്ക് അത്ര ധാരണകളില്ല. 

അങ്ങനെയൊരു 'മാസ് ഹിപ്‌നോട്ടിസ'ത്തിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പ്രമുഖ ഹിപ്‌നോട്ടിസ്റ്റും കോര്‍പറേറ്റ് ട്രെയിനറുമായ സന്തോഷ് ബാബു. വരാണസിയിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'യില്‍ വച്ച് 2000ത്തിലുണ്ടായ അപൂര്‍വ്വമായ അനുഭവത്തെ കുറിച്ചാണ് സന്തോഷ് ബാബു പങ്കുവയ്ക്കുന്നത്. 

'2000 ഫെബ്രുവരിയുടെ അവസാനമാണത്. ക്യാംപസിലെ ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഞാന്‍ വേദിയില്‍ ആകെ പരിഭ്രാന്തനായി, വിയര്‍ത്ത് കുളിച്ച് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. വേദിയില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഹിപ്‌നോട്ടിസത്തിന്റെ മയക്കത്തിലാണ്. ഇത് കൂടാതെ സദസില്‍ പല ഭാഗങ്ങളിലായി ഇരുന്നിരുന്ന ഇരുപതോളം വിദ്യാര്‍ത്ഥികളും മയക്കത്തിലേക്ക് വീണിരിക്കുന്നു. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഹാളിന്റെ അവിടവിടങ്ങളിലായി വീണ്ടും ഓരോരുത്തരായി മയങ്ങി വീണുകൊണ്ടിരിക്കുകയാണ്. പരിപാടിക്ക് എന്നെ ക്ഷണിച്ച വ്യക്തികളും എനിക്ക് സഹായത്തിനായി നില്‍ക്കുന്ന സംഘവും വേദിയിലുണ്ട്. ഞാനവരെ നോക്കി....

സദസില്‍ കൂടിയിരിക്കുന്നവരില്‍ നിന്ന് ഇരുപതോളം പേരെ മാത്രമാണ് ഹിപ്‌നോട്ടൈസ് ചെയ്യാനായി ഞാന്‍ വേദിയിലേക്ക് ക്ഷണിച്ചിട്ടുള്ളൂ. എന്നാല്‍ അവരെ കൂടാതെ സദസിലുള്ളവരും കൂടി മയക്കത്തിലേക്ക് വീഴാന്‍ തുടങ്ങിയതോടെ ഞങ്ങളാകെ അമ്പരപ്പിലായി. പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഓഡിറ്റോറിയത്തിലെ പകുതി പേരും ഉറങ്ങിപ്പോകുമെന്ന അവസ്ഥയായി. 


(പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ എടുത്ത ചിത്രം. ഇടത്തേയറ്റത്ത്  സന്തോഷ് ബാബു നിൽക്കുന്നു)

ഞങ്ങള്‍ ഉടനെ പരിപാടി അവിടെവച്ച് നിര്‍ത്തി. അപ്പോഴും എന്താണ് നടക്കുന്നത് എന്നതിനെ പറ്റി എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല. കര്‍ട്ടനിട്ട ശേഷം ഞാന്‍ വേദിയില്‍ കിടക്കുന്നവരെ ഉണര്‍ത്താനുള്ള ശ്രമത്തിലായി. മറ്റുള്ളവര്‍ സദസിലുണ്ടായിരുന്നവരെ നോക്കാനായി പോയി. മയങ്ങിവീണവരെ മറ്റ് വിദ്യാര്‍ത്ഥികള്‍ പൊക്കിയെടുത്ത് മാറ്റി...'- സന്തോഷ് ബാബു പറയുന്നു.

പിന്നീടാണ് നടന്ന സംഭവത്തിന്‍റെ കാരണം അദ്ദേഹത്തിനുൾപ്പെടെയുള്ളവർക്ക് മനസിലായത്. 

....പിന്നീടാണ് എങ്ങനെയാണ് അങ്ങനെയൊരു അമ്പരപ്പിക്കുന്ന അനുഭവമുണ്ടായത് എന്ന മനസിലായത്. മുമ്പും അതേ ക്യാംപസില്‍ ഇത്തരത്തിലുള്ള പരിപാടി ഞാന്‍ ചെയ്തിട്ടുണ്ട്. ഇക്കുറി എനിക്ക് ആമുഖം പറഞ്ഞത് മുമ്പ് എന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള പ്രൊ. എസ് കെ ശര്‍മ്മയായിരുന്നു. ഹിപ്‌നോട്ടിസം എന്ന വിഷയത്തില്‍ ഞാന്‍ അതിവിദഗ്ധനാണെന്നും, ഞാന്‍ സംസാരിച്ചുതുടങ്ങുമ്പോള്‍, എന്റെ ശബ്ദം കേട്ടുതുടങ്ങുമ്പോള്‍ തന്നെ ആളുകള്‍ മയങ്ങിത്തുടങ്ങുമെന്നും അദ്ദേഹം ആമുഖത്തില്‍ പറഞ്ഞിരുന്നു. ആ വാക്കുകളായിരുന്നു സംഗതികള്‍ അപ്പാടെ മാറ്റിമറിക്കാന്‍ കാരണമായത്...

...അദ്ദേഹത്തിന്റെ വാക്കുകള്‍ സദസിലിരിക്കുകയായിരുന്ന വലിയൊരു വിഭാഗം പേരെയും ആഴത്തില്‍ സ്വാധീനിച്ചു. സത്യത്തില്‍ അതുതന്നെ ഒരു ഹിപ്‌നോട്ടിസം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഞാന്‍ വേദിയില്‍ സന്നദ്ധരായി വന്നുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഹിപ്‌നോട്ടിസം ചെയ്യാനായി മയക്കിത്തുടങ്ങിയപ്പോള്‍ അവരും അതിനൊപ്പം മയങ്ങിത്തുടങ്ങി. വേദിയില്‍ ഓരോരുത്തരായി വീണുതുടങ്ങിയപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഓരോരുത്തരായി വീണുകൊണ്ടിരുന്നു...


(സന്തോഷ് ബാബു- പുതിയ ചിത്രം)

...വിചിത്രമായ ഒരനുഭവമായിരുന്നു അത്. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്, അതിന്റെ പിറ്റേന്ന്, വരാണസിയിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത. സദസിലുണ്ടായിരുന്നവര്‍ മയങ്ങിയതിനെ തുടര്‍ന്ന് ഹിപ്‌നോട്ടിസ്റ്റിന് പരിപാടി നിര്‍ത്തിവയ്‌ക്കേണ്ടി വന്നുവെന്നായിരുന്നു ആ വാര്‍ത്ത...'- സന്തോഷ് ബാബു പങ്കുവയ്ക്കുന്നു.