നമ്മളില്‍ പലരും 'കൊറിക്കാന്‍' ഇഷ്ടപ്പെടുന്നവരാണ്. വൈകുന്നേരം ചായ കുടിക്കുമ്പോഴും രാത്രിയുമാണ് മിക്ക ആളുകള്‍ക്കും ഇത്തരം ലഘുഭക്ഷണം കൊറിക്കുന്ന ശീലമുള്ളത്. എന്നാല്‍ ഇങ്ങനെ എന്തെങ്കിലും 'സ്നാക്സ്' കഴിക്കണമെന്ന് തോന്നുമ്പോള്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ബദാം ദിവസവും കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ വിശപ്പ് തോന്നുന്ന സമയത്ത് അല്ലെങ്കില്‍ ലഘുഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ കുറച്ച് ബദാം കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് 'കിങ്സ് കോളേജ് ലണ്ടണ്‍' നടത്തിയ പഠനം പറയുന്നത്. 

ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. ക്രമം തെറ്റിയ ഹൃദയമിടിപ്പ് വരാനുള്ള സാധ്യത കുറയ്ക്കാൻ ബദാമിന് കഴിയും. ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കാനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ലഘുഭക്ഷണത്തെ അപേക്ഷിച്ച് ബദാം സ്ഥിരമായി കഴിച്ചവരിൽ എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവില്‍ വ്യത്യാസം കണ്ടെത്തിയതായി ഈ പഠനം പറയുന്നു. ഹൃദയ രോഗ സാധ്യത 32 ശതമാനം കുറയ്ക്കാൻ കഴിവുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.

ബദാം പതിവായി കഴിക്കുന്നത് 'ജങ്ക്' ഭക്ഷണത്തോടുള്ള ആസക്തി തടയാൻ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ധൈര്യമായി കഴിക്കാം. 

ബദാമിൽ കോപ്പര്‍, അയണ്‍, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ബദാം ഉള്‍പ്പെടുത്തുന്നത്  വളരെ നല്ലതാണ് എന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ- തലമുടി സംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്കും ബദാം കഴിക്കുന്നത് ഏറെ നല്ലതാണ്.

Also Read: ലോക്ക്ഡൗണ്‍ കാലത്ത് ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...