Asianet News MalayalamAsianet News Malayalam

വാക്‌സിന് വേണ്ടി ഇപ്പോഴേ 'ബുക്കിംഗ്' തുടങ്ങി; ലിസ്റ്റില്‍ ഇന്ത്യയും?

സമ്പന്ന രാജ്യങ്ങളെ കൂടാതെ, മരുന്ന് നിര്‍മ്മിക്കാന്‍ സൗകര്യങ്ങളുള്ള ചില ഇടത്തരം രാജ്യങ്ങളും വാക്‌സിന് വേണ്ടിയുള്ള വിലപേശലിലാണത്രേ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് സൗകര്യമുള്ള ബ്രസീല്‍, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളും വാക്‌സിന്‍ കച്ചവടത്തില്‍ അരക്കൈ നോക്കുന്നുണ്ടെന്നാണ് സൂചന

reports says that rich countries bought major doses of covid vaccine
Author
USA, First Published Nov 21, 2020, 8:36 AM IST

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകരാജ്യങ്ങളാകെയും. ഈ പ്രതിസന്ധികള്‍ക്കിടയിലും ആശ്വാസം പകര്‍ന്നുകൊണ്ട് വാക്‌സിനുകള്‍ എത്തുന്നുവെന്ന വാര്‍ത്തയും വരുന്നുണ്ട്. എന്നാല്‍ വാക്‌സിന്റെ കാര്യത്തില്‍ ഇപ്പോഴേ അണിയറയില്‍ ചരടുവലികള്‍ നടക്കുന്നുവെന്നാണ് യുഎസിലെ 'ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോളിന'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ തയ്യാറാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഇതുവരെ അംഗീകൃതമായി ഒരു വാക്‌സിന്‍ പോലും വിപണിയിലെത്തിയിട്ടില്ല. പക്ഷേ ആദ്യഘട്ടത്തില്‍ വരാന്‍ സാധ്യതയുള്ള വാക്‌സിനുകളില്‍ വലിയൊരു പങ്ക് ഡോസും സമ്പന്ന രാജ്യങ്ങള്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നുവെന്നാണ് ഗവേഷകരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരം വലിയ വിഷയമാകുമെന്ന് നേരത്തേ മുതല്‍ തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

 

reports says that rich countries bought major doses of covid vaccine

 

'ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇത്തരത്തില്‍ മരുന്നുകള്‍ അഡ്വാന്‍സായി വാങ്ങിക്കുന്നത് സംഭവ്യമായ കാര്യമാണ്. മരുന്നിന്റെ കൂടുതല്‍ ഉത്പാദനത്തിനും, അതിനുള്ള ഫണ്ടിനുമെല്ലാം അഡ്വാന്‍സ് വില്‍പന സഹായിക്കും. ഇതേ കാരണത്താലാണ് കൊവിഡ് വാക്‌സിനും മുന്‍കൂറായി വിറ്റഴിക്കപ്പെടുന്നത്...'- 'ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്'ല്‍ അസി. പ്രൊഫസറായ ക്ലെയര്‍ വെന്‍ഹാം റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിക്കൊണ്ട് പറയുന്നു. 

സമ്പന്ന രാജ്യങ്ങളെ കൂടാതെ, മരുന്ന് നിര്‍മ്മിക്കാന്‍ സൗകര്യങ്ങളുള്ള ചില ഇടത്തരം രാജ്യങ്ങളും വാക്‌സിന് വേണ്ടിയുള്ള വിലപേശലിലാണത്രേ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് സൗകര്യമുള്ള ബ്രസീല്‍, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളും വാക്‌സിന്‍ കച്ചവടത്തില്‍ അരക്കൈ നോക്കുന്നുണ്ടെന്നാണ് സൂചന. 

ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ പേരും പരാമര്‍ശിക്കുന്നുണ്ട് ഗവേഷകര്‍. രാജ്യത്തിനകത്ത് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ധാരണയിലെത്തിയതോടെ ഇന്ത്യക്കും നിലവില്‍ നടക്കുന്ന വിലപേശലില്‍ വേഷമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയെ പോലെ ഇന്തോനേഷ്യയും ബ്രസീലും മറ്റ് രാജ്യങ്ങളുമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളാകുന്നുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളിലും വാക്‌സിന്‍ ലഭ്യത കണ്ടേക്കാം. 

 

reports says that rich countries bought major doses of covid vaccine

 

അതേസമയം ചിത്രത്തിലില്ലാത്ത ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ഇത് തീര്‍ത്തും അപലപനീയമാണെന്നും ഗവേഷകര്‍ പറയുന്നു. നിലവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയിച്ച വാക്‌സിനുകള്‍ക്ക് പുറമെ കൂടുതല്‍ വാക്‌സിനുകള്‍ പരീക്ഷണം വിജയിച്ചുവന്നാല്‍ ദരിദ്ര രാജ്യങ്ങളുടേയും മറ്റ് ഇടത്തരം രാജ്യങ്ങളുടേയും അവസ്ഥ മെച്ചപ്പെടുമെന്നും ഇനി, ആ വഴിയാണ് പ്രതീക്ഷ കൂടുതലെന്നും ഇവര്‍ പറയുന്നു.

Also Read:- പ്രതീക്ഷ; രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്സിന്‍ ഫെബ്രുവരിയില്‍...

Follow Us:
Download App:
  • android
  • ios