കൃത്യമായ മരുന്നോ ചികിത്സയോ നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് നമ്മള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇടവിട്ട് കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് നിര്‍ബന്ധമായും ചെയ്യേണ്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്.

എന്നാല്‍ ആവശ്യക്കാര്‍ കൂടിയതോടെ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയൊന്നും വിപണിയില്‍ കിട്ടാത്ത സാഹചര്യമുണ്ട്. അതുപോലെ തന്നെ, കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ മറികടന്ന് ഇപ്പോഴും അമിതവിലയ്ക്ക് സാനിറ്റൈസര്‍ വില്‍പന നടത്തുന്നവരും ഒട്ടും കുറവല്ല. 

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പല ക്യാംപസുകളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സാനിറ്റൈസര്‍ തയ്യാറാക്കുന്ന കാഴ്ച നമ്മള്‍ കണ്ടത്. കേരളത്തിലും പല ക്യാംപസുകളില്‍ ഇത് മാതൃകാപരമായി ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ വ്യത്യസ്തമായ രീതിയില്‍ സാനിറ്റൈസര്‍ തയ്യാറാക്കിയിരിക്കുകയാണ് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംഘം.

സാധാരണ സാനിറ്റൈസറിന് പകരം 'ഹെര്‍ബല്‍' സാനിറ്റൈസറാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. 80 ശതമാനം ഐസോപ്രൊപ്പനോള്‍/എഥനോള്‍, ആന്റി ബാക്ടീരിയല്‍- ആന്റി ഫംഗല്‍- ആന്റി ഇന്‍ഫ്‌ളമാറ്ററി ഹെര്‍ബല്‍ പദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ത്താണ് 'ഹെര്‍ബല്‍' സാനിറ്റൈസര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പ്രത്യേകതയെന്തെന്നാല്‍ ഇത് സാനിറ്റൈസര്‍ മാത്രമല്ല, നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണ്. ഈ വേനലില്‍ ചര്‍മ്മത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്നതിനെ പ്രതിരോധിക്കാനും ഇത് സഹായകമാണെന്ന് ചുരുക്കം. 

ഗവേഷണ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് ശര്‍മ്മ, വൈഭവ് ജെയിന്‍ എന്നിവരാണ് സുഹൃത്തുക്കളുടേയു അധ്യാപകരുടേയും സഹായത്തോടെ സാനിറ്റൈസര്‍ തയ്യാറാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)യും അംഗീകരിച്ച ഫോര്‍മുലയാണ് തങ്ങള്‍ പിന്തുടര്‍ന്നിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. 1500 കുപ്പി സാനിറ്റൈസറാണ് ഇതുവരെയായി ഇവര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇനിയിത് ക്യംപസിനകത്ത് തന്നെ സൗജന്യമായി വിതരണം ചെയ്യാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.