ഗര്‍ഭധാരണം ഉറപ്പിച്ചുകഴിഞ്ഞാല്‍ ജനനത്തിന്റെ സമയം ഏകദേശം കണക്കുകൂട്ടി ഡോക്ടര്‍മാര്‍ക്ക് പറയാന്‍ കഴിയും. ഏറെക്കുറെയെല്ലാം ഇത് കൃത്യവുമായിരിക്കും. എന്നാല്‍ മരണത്തിന്റെ കാര്യത്തില്‍ അങ്ങനെ വല്ല പ്രവചനവും സാധ്യമാണോ?

സാധ്യമല്ലെന്ന് അറുത്തുമുറിച്ച് പറയാന്‍ വരട്ടെ, ചെറിയ രീതിയിലൊക്കെ മരണത്തെയും പ്രവചിക്കാമെന്നാണ് സാങ്കേതികവിദ്യകള്‍ ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ വൈദ്യശാസ്ത്ര രംഗം അവകാശപ്പെടുന്നത്.

'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു മെഷീന്‍ (സിസ്റ്റം) കൊണ്ട് മരണത്തെ മുന്‍കൂട്ടി പ്രവചിക്കാനാവുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'പ്ലസ് വണ്‍' (PLOS ONE) എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വന്നിരിക്കുന്നത്. 

മദ്ധ്യവയസിലെത്തി നില്‍ക്കുന്ന ആളുകളുടെ ജീവിതരീതി, അവരുടെ ഡയറ്റ്, ആരോഗ്യാവസ്ഥകള്‍, അസുഖങ്ങള്‍, പാരമ്പര്യഘടകങ്ങള്‍ എന്നിങ്ങനെ ഒരുപിടി വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആയുസ് എത്രത്തോളം നില്‍ക്കുമെന്ന് ഈ 'സിസ്റ്റം' പ്രവചിക്കുന്നത്. 

ഇങ്ങനെയൊരു സൗകര്യം നിലവില്‍ മറ്റൊരു 'സിസ്റ്റം' നല്‍കിവരുന്നുണ്ട്. എന്നാല്‍ അത് നല്‍കുന്ന വിവരങ്ങള്‍ അത്ര കൃത്യമല്ല, എന്നൊരാക്ഷേപം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഈ അപാകതകള്‍ കൂടി പരിഹരിച്ച് താരതമ്യേന കൃത്യതയുള്ള വിവരങ്ങളാണ് പുതിയ 'സിസ്റ്റം' നല്‍കുന്നത് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

'എന്തെങ്കിലും അസുഖങ്ങള്‍ വന്ന ശേഷം ചികിത്സിക്കുക എന്ന പരമ്പരാഗതമായ രീതിയില്‍ നിന്ന് ആരോഗ്യരംഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമാവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനായി എപ്പോഴും ആരോഗ്യസ്ഥിതി വിലയിരുത്തിക്കൊണ്ടിരിക്കുക എന്നതാണ് പുതിയ രീതി. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത കണ്ടാല്‍ അപ്പോള്‍ത്തന്നെ അതിനെ പരിഹരിക്കുകയും ആവാം. ഈ മേഖലയില്‍ വര്‍ഷങ്ങളായി നിരവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നുവരികയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ കംപ്യൂട്ടറൈസ്ഡ് ആക്കുന്നതും'- നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രൊഫസറായ സ്റ്റീഫന്‍ വെങ് പറയുന്നു. 

ആരോഗ്യരംഗത്തെ ഏറ്റവും പുതിയ കാല്‍വയ്പായാണ് ഗവേഷകര്‍ മരണം പ്രവചിക്കുന്ന പുതിയ 'സിസ്റ്റ'ത്തെ കാണുന്നത്. 40നും 69നും ഇടയില്‍ പ്രായമുള്ള 5 ലക്ഷം പേരെയാണ് ഇതിനുവേണ്ടിയുള്ള പഠനത്തിനായി ഉപയോഗിച്ചത്.